തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂര്‍പൂരത്തിന്റെ വെടിക്കെട്ട് ഒഴിവാക്കി. ഇത്തവണത്തെ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്താൻ ഉന്നതതല യോഗത്തിൽ ധാരണയായി. സാധാരണ ഒരു മണിക്കൂറുണ്ടായിരുന്ന കുടമാറ്റം 15 മിനിറ്റാക്കി. പത്തിൽ താഴെ കുടകൾ മാത്രമായിരിക്കും ഉപയോഗിക്കുക.
തൃശൂർ കളക്ടറേറ്റിൽ മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. സാധാരണയായി പൂരം അവസാനിക്കുന്ന സമയത്താണ് വെടിക്കെട്ട് നടത്തുക. ഇത്തവണ ഈ വെടിക്കെട്ടിന് പകരം കതിന പൊട്ടിക്കും. അതേസമയം ആനകളുടെ എണ്ണത്തിലും മേളത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ടാവില്ല.
15 ആനകൾ വീതം ഇരുപക്ഷത്തുമായി അണിനിരക്കും. പകൽപ്പൂരത്തിന് ശേഷമുള്ള പകൽ വെടിക്കെട്ടും വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഘടകക്ഷേത്രങ്ങൾക്ക് നൽകേണ്ട ആനകളുടെ കാര്യത്തിലും അവിടുത്തെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും മാറ്റമില്ലാതെ തുടരും.
തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ടു സാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ വൻ സ്ഫോടനമുണ്ടായതിനെ തുടർന്ന് പേർക്ക് 14 ജീവൻ നഷ്ടമായിരുന്നു. പൊള്ളലേറ്റ 11 പേർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.