Kerala
കാസർഗോഡ്: കുമ്പളയിൽ അഭിഭാഷകയുടെ വീട് കുത്തിത്തുറന്ന് 29 പവൻ സ്വർണവും, വെള്ളിയാഭരണങ്ങളും പണവും കവർന്നു. നായ്കാപ്പിലെ ചൈത്രയുടെ വീട്ടിലാണ് കവർച്ച നടന്നത്. കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഞായറാഴ്ച വൈകുന്നേരം ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴാണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം, കാല്‍ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍, 5000 രൂപ എന്നിവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്.
നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ്, വലിയ മാല, കമ്മല്‍, കുട്ടികളുടെ മാല, കുട്ടികളുടെ സ്വര്‍ണ്ണവള, കല്ലുവച്ച മാല തുടങ്ങിയ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സമീപത്ത് താമസിക്കുന്ന ബന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സ്വർണം കൂടി ചൈത്രയുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡിസംബറിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. മൊത്തം 31,67,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
ഞായറാഴ്ച വൈകുന്നേരം ആറരമണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് സംഭവവമെന്നാണ് പോലീസ് പറയുന്നത്. കാസര്‍ഗോഡ് ബാറിലെ അഭിഭാഷകയായ ചൈത്രയും കുടുംബവും വീടുപൂട്ടി കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിനു പോയതായിരുന്നു.
രാത്രി എട്ടിന് തിരിച്ചെത്തിയപ്പോള്‍ വീട്ടിനകത്തു ലൈറ്റുകള്‍ കത്തി നില്ക്കുന്ന നിലയിലായിരുന്നു. അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്ന് തുണിത്തരങ്ങള്‍ വാരിവലിച്ചിട്ട് അകത്തുണ്ടായിരുന്ന ആഭരണങ്ങളും പണവും കൊള്ളയടിച്ചു കൊണ്ടുപോയതായി വ്യക്തമായത്.
District News
കാസര്‍ഗോഡ്: കാസര്‍ഗോഡ്-തലപ്പാടി ദേശീയപാതയില്‍ കുമ്പള ആരിക്കാടി ആരംഭിച്ച ടോള്‍ പിരിവുമായി ബന്ധപ്പെട്ട് സമരസമിതി ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ടോള്‍ പിരിവ് തുടരുമെന്ന് ദേശീയപാത അഥോറിറ്റി യോഗത്തില്‍ നിലപാടെടുത്തു. ടോളിനെതിരായ പ്രതിഷേധം ചൂണ്ടിക്കാട്ടി സമരം തുടരുമെന്ന് എ.കെ.എം. അഷ്റഫ് എംഎല്‍എയും യോഗത്തില്‍ അറിയിച്ചു. ചര്‍ച്ചയില്‍ ഒരു മാറ്റവും ഉണ്ടായില്ല.
കോടതി വിധി വരുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നതായിരുന്നു ജില്ലയിലെ എംഎല്‍എമാരും സമരസമിതിയും മുന്നോട്ടുവച്ചത്. എന്നാല്‍, ദേശീയപാത അതോറിറ്റി ജീവനക്കാര്‍ക്കോ ജില്ലാ കളക്ടര്‍ക്കോ ഇതില്‍ തീരുമാനമെടുക്കാനാകില്ലെന്നും യോഗതീരുമാനങ്ങള്‍ ചീഫ് സെക്രട്ടറിയെ അറിയിക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി.
അതിനുശേഷം ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് അറിയുന്നത്. കുമ്പളയിലെ ടോള്‍ പിരിവ് അനാവശ്യമാണെന്നും ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനമെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധം കനക്കുന്നതിനിടെയാണ് കളക്ടറുമായി ചര്‍ച്ച നടത്തിയത്. എ.കെ.എം. അഷ്റഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തിയതിന് പിന്നാലെ ജില്ലയിലെ മുഴുവന്‍ എംഎല്‍എമാരുടെയും ദേശീയപാത അതോറിറ്റിയുടേയും യോഗം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്തത്.
ടോള്‍ പിരിവ് അവസാനിപ്പിക്കാനാവില്ലെന്നും ടോള്‍ പിരിവ് തുടരുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം അവസാനിച്ചത്. നിയമസഭ സമ്മേളനം തുടങ്ങുന്ന ഘട്ടത്തില്‍ ടോള്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും ജില്ലയിലെ എംഎല്‍എമാര്‍ അറിയിച്ചു. ജില്ലയിലെ എംഎല്‍എമാരും ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറും ചര്‍ച്ചയില്‍ പങ്കെടുത്തു.
തിങ്കളാഴ്ചയാണ് കുമ്പള ആരിക്കാടിയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ വന്‍പ്രതിഷേധവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് എ.കെ.എം. അഷറഫ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കിയാണ് ടോള്‍ പിരിവ് ആരംഭിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം യൂസര്‍ ഫീ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് എംഎല്‍എയുടെ നേതൃത്വത്തിലുള്ള ജനകീയ സമരവും ആരംഭിച്ചു.
ദേശീയപാതയില്‍ രണ്ടു ടോള്‍ പ്ലാസകള്‍ തമ്മിലുള്ള ദൂര വ്യത്യാസം 60 കിലോമീറ്റര്‍ ആയിരിക്കണമെന്നാണ് ചട്ടം. എന്നാല്‍, കുമ്പളയിലെയും തല്പാടിയിലെയും ടോള്‍ബൂത്തുകള്‍ തമ്മില്‍ 22 കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഇത് അന്യായമാണെന്നും അനധികൃത പിരിവ് അവസാനിപ്പിക്കണമെന്നുമാണ് ആക്ഷന്‍ കമ്മിറ്റിയുടെ നിലപാട്. ടോള്‍ പിരിവിനെതിരെ ആക്ഷന്‍ കമ്മിറ്റി നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Kerala
കാസര്‍ഗോഡ്: കുമ്പള അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ പടക്കനിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
അനന്തപുരം സ്വദേശി പി. മുഹമ്മദ്കുഞ്ഞിയുടെ റെഡ് ഫോര്‍ട്ട് പടക്ക നിര്‍മാണശാലയിലാണു സ്ഫോടനമുണ്ടായത്. ഇന്നലെ രാവിലെ പത്തോടെയാണു സംഭവം. ഇവിടെ ജോലിയിലേര്‍പ്പെട്ടിരുന്ന തമിഴ്നാട് ശിവകാശി സ്വദേശികളായ ശങ്കര്‍, കറുപ്പുസാമി എന്നിവര്‍ക്കാണു പരിക്കേറ്റത്.
സ്ഫോടനമുണ്ടായപ്പോൾ ഇവര്‍ പുറത്തേക്കു ചാടിയതിനാല്‍ പരിക്ക് ഗുരുതരമല്ല. മിക്സിംഗ് യൂണിറ്റ്, അസംസ്കൃത വസ്തുക്കളുടെ സ്റ്റോര്‍, ഫിനിഷിംഗ് ഷെഡ് തുടങ്ങി 25 ഓളം ഷെഡുകളാണ് അവിടെയുള്ളത്. പുറത്ത് കൂട്ടിയിട്ട വേസ്റ്റില്‍നിന്നു തീ പടര്‍ന്നതാണ് കാരണമെന്ന് കരുതുന്നു. ഒരു ഷെഡിലും പ്രാഥമിക അഗ്നിരക്ഷാ ഉപകരണമായ ഫയര്‍ എക്സ്റ്റിംഗ്യുഷര്‍ ഉണ്ടായിരുന്നില്ല. അഗ്നിരക്ഷാ വകുപ്പിന്റെ എന്‍ഒസി ഇല്ലാതെയാണു പടക്കനിര്‍മാണശാല പ്രവര്‍ത്തിക്കുന്നത്.
എത്രത്തോളം വെടിമരുന്ന് സൂക്ഷിച്ചിരുന്നു എന്നതിന്റെ കണക്കു ലഭ്യമായിട്ടില്ല. ജില്ലാ ഫയര്‍ ഓഫീസര്‍ മൂസ വടക്കേതിലിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ്, ഉപ്പള നിലയങ്ങളില്‍ നിന്നെത്തിയ നാലു യൂണിറ്റ് അഗ്നിരക്ഷാസേനയാണ് തീ അണച്ചത്.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ എം.എം. റഫീഖ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ടി. അമല്‍രാജ്, എസ്. അഭിലാഷ്, വി.കെ. ഷൈജു, രാജേഷ് പാവൂര്‍, ടി.എസ്. ശരണ്‍, എസ്. മുഹമ്മദ് ഷാഫി, ടി.എസ്. മുരളീധരന്, കെ.വി. അഭിജിത്, വി. മഹേഷ്, ബി.ആര്. അതുല്‍, വി.എസ്. ശ്രീജിത്, ഹോംഗാര്‍ഡുമാരായ സുഭാഷ്, പ്രദീപ്, രതീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Kerala
കാസർഗോഡ്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ വൻ പ്രതിഷേധം. തുടർന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കിടന്നു പ്രതിഷേധിച്ചതോടെയാണ് നിരവധി ആളുകളെ അറസറ്റ് ചെയ്തു നീക്കിയത്.
ഇന്ന് രാവിലെ എട്ട് മുതൽ ടോൾ പിരിക്കാൻ തുടങ്ങുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് സമരം ആരംഭിച്ചത്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. അന്യായമായാണ് ടോൾ പിരിക്കുന്നതെന്ന് എ.കെ.എം. അഷ്റഫ് ആരോപിച്ചു. കേസ് കോടതിയിൽ നനിൽക്കുകയാണ്. നിരന്തര സമരത്തിലൂടെ ടോൾ ഗെയറ്റ് പൂട്ടിക്കും. അറസ്റ്റ് ചെയ്തു നീക്കിയാലും വൈകുന്നേരം വീണ്ടും സമരം നടത്തുമെന്നും അഷ്റഫ് പറഞ്ഞു.
ദേശീയപാത തലപ്പാടി– ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ലാസയിൽ തിങ്കൾ മുതൽ വാഹനങ്ങൾക്ക് ടോൾ പിരിവ് ആരംഭിക്കുന്നതിന് ദേശീയപാത അതോറിറ്റി സ്വകാര്യ കരാർ കമ്പനിയായ സ്കൈലാർക് ഇൻഫ്രാ സ്ഥാപനത്തിനു നിർദേശം നൽകിയിരുന്നു.
ദേശീയപാത ചട്ടപ്രകാരം അടുത്തടുത്ത രണ്ട് ടോളുകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം എന്ന നിർദേശം ലംഘിക്കുന്ന നിലയിലാണ് ഈ ടോൾ പ്ലാസ പ്രവർത്തനം ആരംഭിക്കുന്നതെന്നാരോപിച്ചാണ് നാട്ടുകാർ സമരം ആരംഭിച്ചത്. ആരിക്കാടി ടോൾ പ്ലാസയും നിലവിലുള്ള തലപ്പാടി ടോൾ പ്ലാസയും തമ്മിൽ അകലം 22 കിലോമീറ്റർ മാത്രമാണ്. 22 കിലോമീറ്റർ സഞ്ചരിക്കുമ്പോഴേക്കും യാത്രക്കാർ രണ്ട് തവണ ടോൾ നൽകേണ്ടി വരും.
ടോൾ പിരിവ് നടത്തുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി ഓഗസ്റ്റിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിധി വരുന്നത് വരെ ടോൾ പിരിവ് നടത്തില്ലെന്ന് കളക്ടറും ദേശീയപാത അതോറിറ്റി അധികൃതരും ആക്ഷൻ കമ്മിറ്റിയും തമ്മിൽ ധാരണയുണ്ടായിരുന്നു.
കേസ് പലപ്പോഴായി നീട്ടി വയ്ക്കുകയായിരുന്നു. നേരത്തെ മൂന്ന് തവണ ടോൾ പിരിവ് നടത്താനുള്ള ശ്രമം നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും ജനപ്രതിനിധികളും തടഞ്ഞു. ടോൾ പ്ലാസയ്ക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവരുടെ വാഹനങ്ങൾക്കു യാത്ര സൗജന്യമാക്കും എന്നു നേരത്തെ ചർച്ചകൾക്കിടയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു.
എന്നാൽ കടലും പുഴയും ആണ് ഇത്ര ചുറ്റളവിൽ പെടുകയെന്നതിനാൽ അത് ഒരു തരത്തിലും ഈ പ്രദേശത്തെ യാത്രക്കാർക്കു ഗുണം ചെയ്യില്ലെന്നാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്.
Kerala
കുമ്പള: ഒരു മാസം പ്രായമായ ആൺകുഞ്ഞിനെ വളർത്താനെന്ന പേരിൽ മറ്റൊരാൾക്കു കൈമാറിയ പിതാവ് കസ്റ്റഡിയിൽ. ബംഗളൂരുവിൽ ഹോട്ടൽ ജോലിക്കാരനായ കുമ്പള സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ആദ്യ ഭർത്താവ് മരിച്ച കുമ്പള സ്വദേശിനിയായ യുവതിയാണു കുഞ്ഞിന്റെ അമ്മ. ഇവർ ഗർഭിണിയാണെന്നു നേരത്തേ അറിയാമായിരുന്ന ആരോഗ്യ പ്രവർത്തക പ്രസവശേഷം കുഞ്ഞിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ മറ്റൊരാളിന് വളർത്താനേൽപ്പിച്ചതായി അറിഞ്ഞത്. ഇവർ ജില്ലാ ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ബദിയഡുക്ക നീർച്ചാൽ സ്വദേശിനിയായ മറ്റൊരു സ്ത്രീയുടെ വീട്ടിൽ കുഞ്ഞിനെ കണ്ടെത്തിയത്.
താൻ കുഞ്ഞിനെ വിലയ്ക്കു വാങ്ങിയതല്ലെന്നും വളർത്താനായി ഏറ്റെടുത്തതു മാത്രമാണെന്നുമാണ് ഇവർ പറയുന്നത്. കുഞ്ഞിനെ ഇവരുടെ പക്കൽനിന്നു ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
കുഞ്ഞിനെ കൊണ്ടുപോകുന്നതിനെതിരേ ഇവർ ആത്മഹത്യാഭീഷണി മുഴക്കിയെങ്കിലും ആരോഗ്യ പ്രവർത്തകർ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ സംരക്ഷണത്തിന് നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുമെന്ന്ു ജില്ലാ ശിശുക്ഷേമസമിതിയും ഉറപ്പുനൽകി.
കുഞ്ഞിന്റെ അമ്മയുടെ ആദ്യവിവാഹത്തിൽ വേറെയും മക്കളുണ്ട്. ഇവരുടെകൂടി അറിവോടെയാണു പിതാവ് കുഞ്ഞിനെ കൈമാറിയതെന്നാണു സൂചന. പിതാവിനും മറ്റൊരു ഭാര്യയും മക്കളുമുണ്ട്.