ഇനി കമ്പ്യൂട്ടറുകളിൽ വാട്സ്ആപ്പ് കോൾ ചെയ്യാൻ ഡെസ്ക്ടോപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നില്ല. വാട്സ്ആപ്പ് വെബിൽ നേരിട്ട് സൗജന്യമായി വോയ്സ്, വീഡിയോ കോളുകൾ ചെയ്യാനുള്ള സൗകര്യം വാട്സ്ആപ്പ് അവതരിപ്പിച്ചു. ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ അനുവാദമില്ലാത്ത ഓഫീസ് ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവർക്കും സ്റ്റുഡന്റസിനും പുതിയ ഫീച്ചർ ഏറെ ഉപകാരപ്പെടും.
വാട്സ്ആപ്പ് ഗ്ലോബൽ മേധാവി കുനാൽ ഷായാണ് ഈ വിവരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കുവെച്ചത്. മെറ്റാ സിഇഓ മാർക്ക് സക്കർബർഗുമായി വാട്സ്ആപ്പ് വെബ് വഴി നടത്തിയ വീഡിയോ കോളിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് തമാശ രൂപേണയാണ് അദ്ദേഹം ഈ പുതിയ അപ്ഡേറ്റ് അറിയിച്ചത്.
വാട്സ്ആപ്പ് കോളുകൾ ഇനി നിങ്ങളുടെ ബ്രൗസറിൽ ലഭ്യമാണ്. നിങ്ങളുടെ ബ്രൗസറിൽ തുറന്നുവെച്ചിരിക്കുന്ന 47 ക്രോം ടാബുകൾക്ക് ഒടുവിൽ ശരിക്കും ഉപകാരപ്രദമായ ഒരു കൂട്ടാളിയെ ലഭിച്ചിരിക്കുന്നു- കുനാൽ ഷാ
ഗൂഗിൾ ക്രോം ഉൾപ്പെടെയുള്ള വെബ് ബ്രൗസറുകളിൽ നേരിട്ട് ലോഗിൻ ചെയ്ത് കോൾ ചെയ്യാം. മൊബൈൽ ആപ്പുകളിലേത് പോലെ തന്നെ വെബ്ബ് വഴിയുള്ള കോളുകൾക്കും പൂർണ സുരക്ഷ ലഭ്യമാണ്. കോളുകളിലിരിക്കെ സ്ക്രീൻ ഷെയർ ചെയ്യാനും ഇമോജി റിയാക്ഷനുകൾ അയക്കാനും സാധിക്കും. മുൻപ് വിളിച്ച വിവരങ്ങൾ അറിയാനും ഫേവറിറ്റ് കോൺടാക്റ്റുകൾ ക്രമീകരിക്കാനും പ്രത്യേക കോൾസ് ടാബ് ബ്രൗസറിൽ കാണാം.
വെബ് കോളിംഗിനൊപ്പം 'കോൾ ട്രാൻസ്ഫർ' എന്ന പുത്തൻ സൗകര്യവും വാട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രൂപ്പ് കോൾ വെയ്റ്റിംഗ് ഇല്ലാതെ തന്നെ ലാപ്ടോപ്പിലേക്കോ ബ്രൗസറിലേക്കോ മാറ്റാൻ ഇതിലൂടെ സാധിക്കും.
യാത്രയിലായിരിക്കുമ്പോൾ ഫോണിൽ ആരംഭിക്കുന്ന കോളുകൾ വീട്ടിലോ ഓഫീസിലോ എത്തിയ ശേഷം ബ്രൗസറിലെ വലിയ സ്ക്രീനിലേക്ക് മാറ്റി സംസാരിക്കുന്നത് തുടരാം.വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി ലോകമെമ്പാടുമുള്ള എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കളിലേക്കും ഈ പുതിയ ഫീച്ചറുകൾ എത്തിച്ചേരും.