കോഴിക്കോട്: കുന്ദമംഗലത്ത് 12 കിലോ തൂക്കംവരുന്ന കഞ്ചാവ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.
സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാരന്തൂർ മർകസിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് കിലോയോളം വീതം കഞ്ചാവ് ആറോളം പാക്കറ്റുകളാക്കി ചാക്കിൽ കെട്ടി പൊന്തക്കാടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജാബിർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിവേക്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം രാജ്, അരുൺ പ്രസാദ്, ഹോം ഗാർഡ് മോഹനൻ എന്നിവർ ചേർന്നാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിമരുന്ന് പരിശോധനകൾ കൂടുതൽ ശക്തമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന ലഹരി മരുന്ന് പോലീസിന്റെ പട്രോളിംഗ് കണ്ട് കച്ചവടം ഉപേക്ഷിച്ചതാണോ എന്നും സംശയിക്കുന്നു. കഞ്ചാവ് ഒളിപ്പിച്ചവരെ ഉടൻ കണ്ടെത്തുമെന്നും മെഡിക്കൽ കോളജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ് പറഞ്ഞു.