കോഴിക്കോട്: കുന്ദമംഗലം പന്തീർപാടത്തു സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ഓട്ടോടാക്സിയിൽ സ്വകാര്യ ബസിടിച്ച് വൻ അപകടം. ഇന്നു രാവിലെ 8:45-ഓടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പത്തിലധികം കുട്ടികളുമായി സ്കൂളിലേക്കു പോവുകയായിരുന്ന ഓട്ടോടാക്സിയിലാണ് സ്വകാര്യ ബസ് ഇടിച്ചത്. ഇടിയുടെ ശക്തമായ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോടാക്സി സമീപത്തെ ഒരു കടയുടെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്.
അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന വിദ്യാർഥികൾക്കു പരിക്കേറ്റിട്ടുണ്ട്. എന്നാൽ, ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടം നടന്നയുടൻ തന്നെ പ്രദേശവാസികളും മറ്റ് യാത്രക്കാരും ചേർന്നു ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്ന ഓട്ടോടാക്സിയിൽനിന്നു കുട്ടികളെ പുറത്തെടുത്ത് ഉടൻ തന്നെ പ്രാഥമിക ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി.
മഴയുള്ള സമയത്തു റോഡിനു കുറുകെ തിരിയാൻ ശ്രമിച്ച ഓട്ടോടാക്സിയിലേക്ക് അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് വന്നിടിക്കുന്നത് ബസിന്‍റെ മുൻവശത്തെ കാമറയിൽ പതിഞ്ഞ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇടിയുടെ ആഘാതത്തിൽ ഓട്ടോടാക്സി തെറിച്ച് സമീപത്തെ കെട്ടിടത്തിന്‍റെ ചുവരിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Tags : kunnamangalam accident