NRI
കുവൈറ്റ് സിറ്റി: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും തൃശൂർ ജില്ലാ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഇ.പി. കമറുദ്ദീൻ സാഹിബിന്റെ വിയോഗത്തിൽ കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
തൃശൂർ ജില്ലയിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ നേതാവായിരുന്നു അദ്ദേഹമെന്ന് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. സൗമ്യമായ പെരുമാറ്റവും ഉറച്ച നിലപാടുകളും കൊണ്ട് രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റാൻ അദ്ദേഹത്തിന് സാധിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ദീർഘകാലത്തെ സേവനം പാർട്ടി പ്രവർത്തകർക്ക് എന്നും ആവേശം പകരുന്നതാണ്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം, കെഎംസിസിയുടെ പ്രവാസ ലോകത്തെ കാരുണ്യ പ്രവർത്തനങ്ങൾക്കും എന്നും വലിയ പിന്തുണയും മാർഗനിർദ്ദേശവും നൽകിയിരുന്നു.
അദ്ദേഹത്തിന്റെ വിയോഗം മുസ്ലിം ലീഗിനും തൃശൂർ ജില്ലയിലെ പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
കമറുദ്ദീൻ സാഹിബിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നതായും, പരേതന്റെ പരലോക മോക്ഷത്തിനായി പ്രാർഥിക്കുന്നതായും ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ, ജനറൽ സെക്രട്ടറി പി.കെ. മുഹമ്മദലി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനം ജനുവരി രണ്ടിന് വൈകുന്നേരം അഞ്ചിന് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ നടക്കും.
മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് റസാക്ക് മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്യും. വടകര എംപി ഷാഫി പറമ്പിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ മുഖ്യാതിഥികളായി സമ്മേളനത്തിൽ പങ്കെടുക്കും.
കെഎംസിസി സംസ്ഥാന, ജില്ലാ, മണ്ഡലം തലങ്ങളിലെ നേതാക്കൾ, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജീവ കാരുണ്യ വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനക്കുള്ള സയ്യിദ് അബ്ദുറഹ്മാൻബാഫഖി തങ്ങളുടെ നാമധേയത്തിലുള്ള അവാർഡ് പ്രഖ്യാപനവും വിതരണവും നടക്കും.
സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "സ്പീക് അപ്' പ്രസംഗ മത്സരം, വനിതാ വിംഗ് സംഘടിപ്പിച്ച മൈലാഞ്ചി മത്സരം എന്നിവയിലെ വിജയികൾക്കുള്ള സമ്മാനദാനവും സമ്മേളന വേദിയിൽ വച്ച് നടക്കും.
പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള സമർഥരായ കുട്ടികളെ കണ്ടെത്തി, അവർക്ക് കേന്ദ്ര - സംസ്ഥാന സർക്കാർ സർവീസുകളിലേക്ക് എത്തുന്നതിനാവശ്യമായ മാർഗനിർദേശം, പരിശീലനം, പഠന സഹായം എന്നിവ നൽകുന്ന "ബ്രെയിൻസ്പയർ' എന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതി സമ്മേളനത്തിൽ അവതരിപ്പിക്കും.
സാമൂഹ്യനീതിയും വിദ്യാഭ്യാസ ശാക്തീകരണവും ലക്ഷ്യമിടുന്ന ഈ പദ്ധതി കെഎംസിസിയുടെ ഭാവി പ്രവർത്തനങ്ങളിൽ പ്രധാന സ്ഥാനമെടുക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
വിപുലമായ ജനപങ്കാളിത്തത്തോടെ സമ്മേളനം വിജയകരമായി നടത്തുന്നതിനായി വിവിധ ഉപസമിതികൾ സജീവമായി പ്രവർത്തിച്ചുവരികയാണെന്നും കുവൈറ്റിലെ മുഴുവൻ മലയാളി സമൂഹത്തെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും കുവൈറ്റിന്റെ വിവിധ മേഖലകളിൽ നിന്നു സമ്മേളന വേദിയിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയതായും ഭാരവാഹികൾ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: കേരള നിയമസഭയുടെ മുൻ സ്പീക്കർ കെ.എം. സീതി സാഹിബിന്റെ പേരിൽ കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി നൽകുന്ന രണ്ടാമത് അവാർഡുകൾ പ്രഖ്യാപിച്ചു.
ആരോഗ്യ മേഖലയിൽ കുവൈറ്റ് പൗരനായ ഡോ. മുസ്തഫ സയ്യിദ് അഹ്മദ് അൽ മൗസവി, ജീവകാരുണ്യ മേഖലയിൽ ഡോ. ബോബി ചെമ്മണ്ണൂർ, ബിസിനസ് മേഖലയിൽ പ്രവാസി മലയാളി വ്യവസായി സിഷോർ മുഹമ്മദ് അലി എന്നിവർ അവാർഡുകൾക്ക് അർഹരായി.
ഒക്ടോബര് മൂന്നിന് നടക്കുന്ന കുവൈറ്റ് കെഎംസിസി തൃശൂര് ജില്ല സമ്മേളനത്തിൽ പാണക്കാട് സയ്യിദ് മുനവ്വർ അലി തങ്ങൾ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ, ജനറൽ സെക്രട്ടറി മുഹമ്മദലി ചെറുതുരുത്തി, ട്രെഷറർ അസീസ് പാടൂർ എന്നിവർ വർത്താക്കുറിപ്പിൽ അറിയിച്ചു.