പുൽപ്പള്ളി: പാടമൊരുക്കിയിട്ടും വെള്ളമില്ലാത്തതിനെ തുടർന്ന് ഞാറുനടാൻ കഴിയാതെ ആലൂർക്കുന്ന്, കുറിച്ചിപ്പറ്റ പാടത്തെ കർഷകർ. ആലൂർക്കുന്ന് പാടത്തെ മൂന്ന് ഏക്കർ സ്ഥലത്താണ് വെള്ളമില്ലാത്തതുകാരണം ഞാറ് പറിച്ചു നടാൻ കഴിയാതെ നെൽകർഷകർ പ്രതിസന്ധിയിലായത്. തോട് വറ്റിയതോടെ വയലിലേക്ക് വെള്ളം പന്പ് ചെയ്യാനും കഴിഞ്ഞില്ല. ഇതോടെ പാകിയ ഞാറുകൾ പറിച്ചുനടാൻ കഴിയാതെ നെൽകൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. മുൻവർഷങ്ങളിൽ പാടത്തിന് സമീപമുള്ള തോട്ടിൽ നിന്നും വെള്ളം പന്പ് ചെയ്യാൻ കഴിയുമായിരുന്നു.
സമീപ പ്രദേശത്തെ ഞാറുനട്ട വയലുകൾപോലും വെള്ളമില്ലാത്തതിനെ തുടർന്ന് വിണ്ടുകീറാൻ തുടങ്ങിയതോടെ കർഷകർ പ്രതിസന്ധിയിലാണ്. വായ്പയെടുത്തും മറ്റും നെൽകൃഷിയൊരുക്കിയ കർഷകരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്.
സമീപ പ്രദേശങ്ങളിലെ ചെക് ഡാമുകളിൽ വെള്ളം കെട്ടിനിർത്താത്തതാണ് തോട്ടിൽ ഇത്രയും വെള്ളം താഴാൻ കാരണമെന്ന് കർഷകർ പറഞ്ഞു.