ഈ സർക്കാർ അധികാരത്തിൽ വന്നശേഷം, ഇന്നലെ നടന്ന സംസ്ഥാന പട്ടയമേളയിലടക്കം ഇതുവരെ 2,79,678 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി. അത് സർവകാല റിക്കാർഡും അതിനേക്കാളുപരി വലിയൊരു ചരിത്രവുമാണ്.
ഭവനരഹിതരും ദൂരഹിതരും ഇല്ലാത്ത കേരളം എന്ന വാഗ്ദാനം മുന്നോട്ടുവച്ചാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നത്. അതിന്റെ ഭാഗമായി ഒന്നാം ഇടതുപക്ഷ സർക്കാർ 1,77,011 പേർക്ക് പട്ടയം നൽകി. എൽഡിഎഫ് തുടർന്നും ഭരിക്കണം എന്ന് ജനങ്ങൾ തീരുമാനിച്ചു. രണ്ടാം ഇടതുപക്ഷ സർക്കാർ അധികാരമേറ്റ ശേഷം ഭൂമിയും വീടും ഇല്ലാത്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഗൗരവമായ ഇടപെടലാണ് നടത്തിയത്. ഇതിന്റെ ഭാഗമായി സർക്കാരിന്റെ ആദ്യ നൂറ് ദിന കർമപദ്ധതിയിൽതന്നെ 54,535 കടുംബംങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. രണ്ടാം നൂറ് ദിന പദ്ധതിക്കാലത്ത് 67,069 പട്ടയങ്ങളാണ് നൽകിയത്. ഓരോ നൂറു ദിന പരിപാടികളിലും പട്ടയ വിതരണത്തിനും പ്രാധാന്യം നൽകിയാണ് ഈ സർക്കാർ മുന്നോട്ടു പോയത്.
നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മാത്രം 43,058 പട്ടയങ്ങൾ വിതരണം ചെയ്തു. തുടർന്ന് അടുത്ത ഘട്ടത്തിൽ 10,000 പട്ടയങ്ങൾ കൂടി വിതരണം ചെയ്തു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സംസ്ഥാന പട്ടയമേളയിൽ 14 ജില്ലകളിലായി 45,731 കുടുംബങ്ങളെകൂടി ഭൂമിയുടെ അവകാശികളാക്കി. രണ്ടാം ഇടതുസർക്കാർ പ്രഖ്യാപിച്ച ലക്ഷ്യത്തിലെത്താൻ ഇനി 43,311 പട്ടയങ്ങൾ കൂടി വിതരണം ചെയ്താൽ മതി. എസ്ഐആർ നടപടികളുമായി ഏകദേശം മൂന്ന് മാസക്കാലം മുഴുവൻ റവന്യു ഉദ്യോഗസ്ഥരും മുഴുകിയില്ലായിരുന്നുവെങ്കിൽ ഈ ലക്ഷ്യം ഇതിനോടകം തന്നെ മറികടക്കാനാവുമായിരുന്നു.
രണ്ട് സർക്കാരുകളും ചേർന്ന് ഇതുവരെ 4,56,689 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഏതാനും ദിവസങ്ങൾ കൂടി ലഭ്യമായാൽ ഇടതുമുന്നണി പ്രഖ്യാപിച്ച അഞ്ച് ലക്ഷം പട്ടയം എന്ന ലക്ഷ്യത്തിലെത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 1372 പ്രവ്യത്തി ദിനങ്ങളാണ് സർക്കാരിന് ഇതുവരെ ലഭിച്ചത്. ഇത്രയും ദിവസം കൊണ്ട് 2,79,678 പട്ടയങ്ങൾ നൽകാൻ കഴിഞ്ഞു എന്നു പറഞ്ഞാൽ, പ്രതിദിനം 204 പട്ടയങ്ങൾ വീതം നൽകാൻ സാധിച്ചു എന്നുള്ളതാണ്.
2016 മുതൽ 2025 വരെ വനാവകാശ നിയമപ്രകാരം 4,690 ആദിവാസി കുടുംബങ്ങൾക്കാണ് ഭൂമി ലഭ്യമാക്കിയത്. അങ്ങനെ 6,288 ഏക്കറാണ് പതിച്ചു നൽകിയത്. 213 കുടുംബങ്ങൾക്ക് റവന്യു ഭൂമിയുടെ പട്ടയവും ലഭ്യമാക്കി. 3,426 കുടുംബങ്ങൾക്ക് 2,106 ഏക്കർ നിക്ഷിപ്ത വനഭൂമിക്കുള്ള അവകാശ രേഖയും നൽകി. കൂടാതെ, ലാൻഡ് പർച്ചേസ് മുഖേന 274 കുടുംബങ്ങൾക്കായി 149 ഏക്കർ ഭൂമി ലഭ്യമാക്കി. ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം 422 കുടുംബങ്ങൾക്കാണ് ഭൂമി വാങ്ങി നൽകിയത്. 171 കുടുംബങ്ങൾക്ക് പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി ഭൂമി ലഭ്യമാക്കി. ഇത്തരത്തിൽ 9,196 കുടുംബങ്ങൾക്കായി 8,690 ഏക്കറാണ് ലഭ്യമാക്കിയത്.
സംസ്ഥാനത്ത് 567 വന ഗ്രാമങ്ങളിൽ വനാവകാശ രേഖ വിതരണം ചെയ്തത് മാത്രമല്ല, 567 വന ഗ്രാമങ്ങളെയും റവന്യു വില്ലേജുകളാക്കി നികുതി രസീതും തണ്ടപ്പേര് സർട്ടിഫിക്കറ്റും അനുവദിക്കാൻ നടപടി സ്വീകരിച്ചു.
പട്ടയം വിതരണം ചെയ്യുന്നതിൽ മാത്രമല്ല, വിവിധ ഭൂനിയമങ്ങൾ പ്രകാരം നൽകിയ പട്ടയത്തിന്റെ അസൽ പകർപ്പ് നഷ്ടപ്പെട്ടവർക്ക് നിജസ്ഥിതി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചു. പട്ടയ വിതരണ മേളകൾക്കും പട്ടയ പ്രശ്നപരിഹാര നടപടികൾക്കും മറ്റു പൊതുപരിപാടികൾക്കുമായി മന്ത്രി എന്ന നിലയിൽ പോകുന്ന ഇടങ്ങളിൽ നിരവധി അപേക്ഷകളാണ് പട്ടയം കൈമോശം വന്നതുമായി ബന്ധപ്പെട്ട് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിജസ്ഥിതി സർട്ടിഫിക്കറ്റിനുള്ള സാധ്യത ഗൗരവമായി പരിശോധിച്ചത്. ഈ തീരുമാനം നിരവധി കുടുംബങ്ങൾക്കാണ് തുണയായി മാറിയത്.
1960ലെ ഭൂപതിവ് നിയമത്തിന്റെ ഭാഗമായി ഭൂമി കൈവശം വച്ച കുടിയേറ്റക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന വിധത്തിൽ 13 വ്യവസ്ഥകളോടെ പുതിയ ചട്ടം നിർമിച്ചു. ഇത് മലയോര മേഖലയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ എല്ലാ ഭൂ പ്രതിസന്ധികളെയും മറികടക്കാൻ ഉള്ള ആദ്യത്തെ ഒരു തീരുമാനമായി മാറി. ഭൂപതിവിനുള്ള വരുമാന പരിധി ഒരു ലക്ഷത്തിൽനിന്ന് 2.5 ലക്ഷമായി വർധിപ്പിച്ചതും സുപ്രധാന ഇടപെടലായി.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യം അടയാളപ്പെടുത്തി ജനകീയമായ ഒരു മുന്നേറ്റം തന്നെയാണ് റവന്യു വകുപ്പ് നടത്തിയത്. ജനങ്ങൾക്കൊപ്പം നിന്ന്, അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞു എന്നത് ഇടതു മുന്നണി സർക്കാരിന്റെ ഇച്ഛാശക്തിയാണ്.