ഉപ്പുതറ: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ 13-ാം വാർഡിലെ ആദിവാസി ഉന്നതിയായ കിണറ്റുകരയിൽ പുലിയെ കണ്ടെന്ന് നാട്ടുകാരുടെ പരാതി. പ്രദേശത്ത് നാട്ടുകാരുടെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. വിവരം കാഞ്ചിയാർ ഫോറസ്റ്റ് ഓഫിസിൽ അറിയിച്ചെങ്കിലും വാഹനസൗകര്യമില്ലാത്തതിനാൽ എത്താൻ കഴിയില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചതെന്നു നാട്ടുകാർ ആരോപിച്ചു.
രണ്ടു വർഷം മുൻപ് ഇതേ സ്ഥലത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പുലിയെ കണ്ടുവെന്ന വാർത്ത പ്രചരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായി.
കുട്ടികളെ സ്കൂളിൽ വിടാനോ സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങനോ ആളുകൾ മടിക്കുകയാണ്.
പുലിയുടെ സാന്നിധ്യമുണ്ടോ എന്ന് മനസിലാക്കാൻ പ്രദേശത്ത് കാമറ സ്ഥാപിക്കണമെന്ന് പ്രാദേശിക ജനപ്രതിനിധികളും നാട്ടുകാരും വനംവകുപ്പിനോട് ആവശ്യപ്പെട്ടു.