ആലപ്പുഴ: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി മന്ത്രി എം. ലിജു. വിഷയത്തിൽ എക്സൈസ് വകുപ്പ് നയപരമായ യാതൊരു തീരുമാനവും എടുത്തിട്ടില്ല. വീര്യം കുറഞ്ഞ മദ്യം വിപണിയിൽ വിൽക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ അനുവദിക്കുന്നതിനുള്ള നീക്കങ്ങൾ 2010-ൽ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ചെങ്കിലും നയപരമായ വ്യക്തത വന്നത് 2023-ലെ മദ്യനയത്തിലൂടെയാണ്. എന്നാൽ കുറഞ്ഞ നികുതി വേണമെന്ന മദ്യക്കമ്പനികളുടെ ആവശ്യത്തെ തുടർന്നുണ്ടായ ചർച്ചകൾ കാരണം നടപടികൾ നീണ്ടുപോയി.
പോയിന്റ് അഞ്ച് ശതമാനം മുതല്‍ 20 ശതമാനം വരെയുള്ള വീര്യം കുറഞ്ഞ മദ്യമായി ക്ലാസിഫൈ ചെയ്തത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അതിനുശേഷം 2025ല്‍ മറ്റൊരു ഭേദഗതിയും വരുത്തി. അതേ എല്‍ഡിഎഫിലെ നേതാക്കളാണ് ഇപ്പോള്‍ നടപടിയെ കുറ്റപ്പെടുത്തുന്നത്. ഇതിന് പിന്നിലെ സാംഗത്യമെന്താണെന്ന് മന്ത്രി ചോദിച്ചു.
ജവാൻ റമ്മിന്റെ നിർമാണം കുറഞ്ഞത് പൂർണമായും കെടുകാര്യസ്ഥതയുടെ ഫലമാണ്. ഇക്കാര്യത്തിൽ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് ഡിസ്റ്റിലറീസിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. മദ്യം കുപ്പിയിലാക്കാൻ ആവശ്യത്തിന് കുപ്പികൾ ലഭ്യമല്ലാത്തതാണ് ഉത്പാദനം തടസപ്പെടാൻ പ്രധാന കാരണം.
എന്നാൽ ഈ പ്രതിസന്ധിയെക്കുറിച്ച് മാനേജ്മെന്റ് സർക്കാരിനെ മുൻകൂട്ടി കാര്യങ്ങൾ ധരിപ്പിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഉത്പാദന രംഗത്തെ പാകപ്പിഴകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.