പരവൂര്‍ : പരവൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിനുള്ള വായ്പ റദ്ദാക്കിയതോടെ നിര്‍മാണം പ്രതിസന്ധിയിലായി. കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡിവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് ലിമിറ്റഡ് (കെയുആര്‍ഡിഎഫ്സി) നേരത്തേ അനുവദിച്ച വായ്പ റദ്ദാക്കിയതിനെ തുടര്‍ന്നാണ് നിര്‍മാണം പ്രതിസന്ധിയിലായത്.
2019-2020 കാലഘട്ടത്തില്‍ എട്ടുകോടി വായ്പയാണ് അനുവദിച്ചത്. പിന്നീട് നഗരസഭയുടെ ഭാഗത്തുനിന്ന് തുടര്‍നടപടികളുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് വായ്പ അനുവദിക്കില്ലെന്ന് കെയുആര്‍ഡിഎഫ്സി നഗരസഭയെ അറിയിച്ചത്. അര്‍ബന്‍ ചലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം നടത്താന്‍ കഴിയുമോയെന്ന് നഗരസഭ പരിശോധിക്കുകയാണ്.
നഗരസഭയുടെ അനാസ്ഥയില്‍ പരവൂര്‍ സബ്ട്രഷറി നിര്‍മാണവും പെരുവഴിയിലായി. ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിക്കുമ്പോള്‍ താഴത്തെ നിലയില്‍ സബ്ട്രഷറിക്ക് സ്ഥലമനുവദിക്കുമെന്ന ഉറപ്പില്‍ മൂന്നുകോടി രൂപ ട്രഷറിവകുപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് താഴത്തെനില പൂര്‍ണമായും സബ്ട്രഷറിക്ക് വിട്ടുനല്‍കുന്നതില്‍ കൗണ്‍സിലില്‍ എതിര്‍പ്പുയര്‍ന്നു. ഈ തര്‍ക്കത്തില്‍ തീരുമാനമെടുക്കാനും ഏറെ വര്‍ഷം വേണ്ടിവന്നു. മഞ്ചാടിമൂട്ടില്‍ വാടകക്കെട്ടിടത്തില്‍ രണ്ടാംനിലയിലാണ് സബ്ട്രഷറി പ്രവര്‍ത്തിക്കുന്നത്. ശാരീരികബുദ്ധിമുട്ടുള്ള പെന്‍ഷന്‍കാര്‍ക്ക് മുകളിലെ നിലയിലേക്ക് കയറാന്‍ ഏറെ പ്രയാസമാണ്.
സബ്ട്രഷറി കെട്ടിടം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പെന്ഷന് സംഘടനകള്‍ ഒട്ടേറെ തവണ സമരം നടത്തിയിട്ടുണ്ട്. നഗരസഭയുടെ നിലവിലെ ബസ് സ്റ്റാന്‍ഡ് കെട്ടിടം ശോച്യാവസ്ഥയിലാണ്.
നേരത്തേ തയാറാക്കിയ പദ്ധതി പ്രകാരം വ്യാപാരസമുച്ചയം നിര്‍മിക്കാന്‍ നാലുകോടിയെങ്കിലും അധികം വേണ്ടിവരും. വായ്പ ലഭിക്കാനുള്ള പുതിയ വഴികള്‍ തേടേണ്ട അവസ്ഥയാണ്.