അങ്കമാലി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് അങ്കമാലിയിൽ നഗരസഭ അടിയന്തര കൗൺസിൽ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷ കൗൺസിലർമാർ നിൽപ്പ് സമരം നടത്തി. എൽഡിഎഫ് സർക്കാർ ബജറ്റിൽ 10,189 കോടി രൂപ അനുവദിച്ചിരുന്നത് യുഡിഎഫ് സർക്കാർ 8655. 45 കോടിയാക്കി വെട്ടിച്ചുരുക്കി. 1533.55 കോടിയുടെ കുറവ്. ഇതിന്റെ ഭാഗമായി അങ്കമാലി നഗരസഭയ്ക്ക് 3.25 കോടിയുടെ കുറവുണ്ടായി. ഇതുവരെ ഒരു ഗഡുപോലും വിതരണം ചെയ്തിട്ടുമില്ല.
പാലിയേറ്റീവ്, വയോമിത്രം, ഭിന്നശേഷി വിഭാഗത്തിന്റെ സ്കൂൾ, താലൂക്കാശുപത്രിയിലെ മരുന്ന് വാങ്ങൽ തുടങ്ങിയ ജനോപകാരപ്രദമായ പദ്ധതികൾ ഇതിന്റെ ഭാഗമായി അവതാളത്തിലായി. ഫണ്ട് ലഭ്യമായില്ലെങ്കിൽ ഇത്തരം പദ്ധതികൾ നിശ്ചലമാവുന്നതോടൊപ്പം ജനകീയാസൂത്രണ പദ്ധതി അട്ടിമറിക്കപ്പെടുകയും വ്യക്തിഗത ആനുകൂല്യങ്ങൾ ഒഴിവാക്കേണ്ട അവസ്ഥയിലുമാണ് നഗരസഭ.
നിൽപ്പ് സമരത്തിന് ശേഷം ചേർന്ന പ്രതിഷേധ യോഗം പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബിജു പൗലോസ് അധ്യക്ഷത വഹിച്ചു. എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഗ്രേസി ദേവസി, സ്ഥിരം സമിതി അധ്യക്ഷ വിനീത ദിലീപ്, കൗൺസിലർമാർ തുടങ്ങിയവരും പങ്കെടുത്തു.