ഇരിങ്ങാലക്കുട: ചെട്ടിപ്പറമ്പ് ഗവ. ഗേള്‍സ് സ്കൂളിനു മുന്നില്‍ റോഡിലേക്ക് ഇറങ്ങിനില്ക്കുന്ന കിണര്‍ വന്‍ അപകടഭീഷണി ഉയര്‍ത്തുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി സ്കൂളിന്റെ ചുറ്റുമതില്‍ നിര്‍മാണം പൂര്‍ത്തിയായതോടെയാണ് കിണര്‍ പൂര്‍ണമായും റോഡിന്റെ ഭാഗത്തേക്കു മാറിയത്. ഇതോടെ റോഡില്‍ കാല്‍നടയാത്ര ക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ നടപ്പാതപോലും ഇല്ലാത്ത അവസ്ഥയാണ്.
കിണറിന്റെ പകുതി ഭാഗം കോ ണ്ക്രീറ്റ് ഉപയോഗിച്ച് നികത്തിയിട്ടുണ്ടെങ്കിലും ശേഷിക്കുന്ന ഭാഗം തുറന്നു കിടക്കുകയാണ്. ഇത് അപകടഭീഷണിയായി തുടരുകയാണ്. ദിവസേന ആയിരക്കണക്കിന് വിദ്യാര്‍ഥികളും നിരവധി വാഹനങ്ങളും കടന്നുപോകുന്ന പ്രധാന റോഡാണിത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് കിണറിനോടു ചേര്‍ന്നുള്ള ഇടുങ്ങിയ ഭാഗത്തുകൂടി ഏറെ ഭയത്തോടെയാണ് സഞ്ചരിക്കേണ്ടിവരുന്നത്.
കഴിഞ്ഞ ദിവസം ഒരു വാഹനം കിണറിന്റെ ചുമരില്‍ ഇടിച്ചതോടെ അപകടസാധ്യത കൂടുതല്‍ രൂക്ഷമായി. ഇടിയുടെ ആഘാതത്തില്‍ ബലക്ഷയം സംഭവിച്ച കിണറിന്റെ ചുമര് ഏതു സമയവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണെന്നാണ് ആശങ്ക. കിണറിന്റെ ചുമര് തകരുകയോ സമീപത്തുകൂടി പോകുന്ന വാഹനം നിയന്ത്രണംവിട്ട് കിണറിലേക്ക് പതിക്കുകയോ ചെയ്താല്‍ വന്‍ ദുരന്തത്തിന് ഇടയാക്കും. നിലവില്‍ അപകടസാധ്യത മുന്നില്‍ക്കണ്ട് കിണറിനു സമീപം ടാര്‍വീപ്പ സ്ഥാപിച്ച് റിബണ്‍ കെട്ടി താത്കാലിക മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇതുകൊണ്ടുമാത്രം അപകടം ഒഴിവാക്കാനാകില്ലെന്നാണ് നാട്ടുകാരുടെ ആശങ്ക.
പ്രത്യേകിച്ച് സ്കൂള്‍ സമയങ്ങളില്‍ വിദ്യാര്‍ഥികളുടെ വലിയ തിരക്കാണ് ഈ ഭാഗത്തുണ്ടാകുന്നത്. അപകടം സംഭവിച്ചശേഷം നടപടിയെടുക്കുന്നതിനു പകരം കിണറിന്റെ സുരക്ഷ ഉറപ്പാക്കാനും റോഡിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിത മായി സഞ്ചരിക്കാന്‍ സൗകര്യമൊരുക്കാനും ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണു നാട്ടുകാരുടെ ആവശ്യം.