ആലുവ: രണ്ടു മാസമായി പൂട്ടിക്കിടക്കുന്ന വീട്ടിൽ കവർച്ച. ആലുവ തോട്ടക്കാട്ടുകര മണപ്പുറം റോഡിലെ രാജിയുടെ വീട്ടിലാണ് കവർച്ച നടന്നത്. നഷ്ടപ്പെട്ടത് എന്താണെന്ന് ഉടമ വന്ന ശേഷമേ അറിയാനാകൂ.
ഭർത്താവ് മരണമടഞ്ഞതിനെ തുടർന്ന് രാജി മകനൊപ്പം കഴിഞ്ഞ രണ്ടു മാസമായി ബംഗളൂരുവിലാണ്. ബന്ധുവായ സ്ത്രീ വീടിന് മുന്നിലുള്ള കൂവളമരത്തിൽ നിന്ന് ഇലപറിക്കാനെത്തിയപ്പോഴാണ് വീടിന്റെ വാതിലുകളും മറ്റും കുത്തിപ്പൊളിച്ചതായി കണ്ടെത്തിയത്.
ബംഗളൂരുവിൽ നിന്നും വീട്ടുടമസ്ഥ എത്തിയ ശേഷം കൂടുതൽ പരിശോധന നടത്തി കേസെടുക്കും. ആലുവ റൂറൽ എസ്പിയുടേയും മന്ത്രി അബ്ദുൾ ഗഫൂറിന്റെയും വീടിന് സമീപമാണ് മോഷണം നടന്ന വീട്.