തിരുവനന്തപുരം: കാലാകാലങ്ങളിലെ വിഭാഗീയത ഒഴിച്ചുനിർത്തിയാൽ സിപിഎം അതിന്റെ സമീപകാലത്തെ ഏറ്റവും വലിയ സംഘടനാ പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്.
പാർട്ടിയുടെ ശക്തിദുർഗ ങ്ങളായ കണ്ണൂരിലും ആലപ്പുഴയിലും സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ മുതിർന്ന നേതാക്കൾതന്നെ അഴിമതി യാരോപണം ഉൾപ്പെടെ ഉന്നയിച്ചു ചെങ്കൊടി മാറ്റിപ്പിടിക്കേണ്ട സ്ഥിതിയിലെത്തി. നിസാരമായി പരിഹരിക്കാവുന്ന കാര്യങ്ങളിൽ ഇടപെടാതെ സിപിഎം സംസ്ഥാന നേതൃത്വം ബോധപൂർവമായ വീഴ്ച വരുത്തിയെന്ന ശക്തമായ പ്രതിഷേധം പാർട്ടിക്കുള്ളിലുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ തന്നെയാണ് ഇതിനെല്ലാം കാരണഭൂതനായി കാണുന്നതും.
ആലപ്പുഴയിൽ മുതിർന്ന നേതാവായ ജി. സുധാകരൻ സിപിഎം വിട്ടതും യുഡിഎഫ് പിന്തുണയോടെ സ്ഥാനാർഥിയാകുന്നതും പാർട്ടിക്കു വലിയ പ്രഹരമാണ്. സുധാകരൻ പോയാൽ നൂറു സുധാകരന്മാർ ഇനിയും വരുമെന്ന അന്പലപ്പുഴയിലെ എംഎൽഎയും നിലവിൽ സ്ഥാനാർഥിയുമായ എച്ച്. സലാമിന്റെ പ്രസംഗം അത്ര ആവേശത്തോടെയല്ല ആലപ്പുഴക്കാർ ശ്രവിച്ചത്.സുധാകരന്റെ പിണക്കം തീർക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനോ വലിയ താത്പര്യമുണ്ടായിരുന്നില്ല.
അതുകൊണ്ടാണ് ആലപ്പുഴയിൽ ഉണ്ടായിരുന്നിട്ടും സുധാകരനെ കാണാനോ ഫോണിൽ സംസാരിക്കാനോ മുഖ്യമന്ത്രി തയാറാകാതിരുന്ന ത്. ഒരു പക്ഷേ എം.വി. ഗോവിന്ദൻ സുധാകരനെ വീട്ടിൽ പോയി കണ്ടിരുന്നുവെങ്കിൽ അദ്ദേഹം സിപിഎം വിടില്ലെന്നുള്ളത് ഉറപ്പായിരുന്നു. വീട്ടിലെത്തിയ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയോട് എന്തെങ്കിലും ഒന്നു പറയാൻ പോലും അദ്ദേഹം മനസു കാണിച്ചില്ല.
ഒടുവിൽ പാർട്ടിയുടെ ഈറ്റില്ലമായ ആലപ്പുഴയിലെ മുതിർന്ന നേതാവ് ജി. സുധാകരൻ സിപിഎം വിട്ടു. തെരഞ്ഞെടുപ്പിൽ സുധാകരൻ ഇഫക്ട് എത്രത്തോളം സിപിഎമ്മിനെ ദോഷമായി ബാധിക്കുമെന്ന് നിലവിലെ അവസ്ഥയിൽ പറയാൻ കഴിയില്ല. എന്നാൽ തെരഞ്ഞെടുപ്പു കഴിഞ്ഞാൽ സുധാകരൻ സിപിഎം വിട്ടതു ജില്ലയിലെ പാർട്ടിയിൽ വലിയ പൊട്ടിത്തെറി സൃഷ്ടിക്കുമെന്നുള്ളത് ഉറപ്പാണ്.
കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനു സ്വീകാര്യത കുറവായിരുന്നുവെന്നാണു പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ ടി.കെ. ഗോവിന്ദൻ പറഞ്ഞത്. ഭാര്യയെ സ്ഥാനാർഥിയാക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇടപെട്ടുവെന്നും കഴിഞ്ഞ ദിവസം പാർട്ടി വിട്ട ടി.കെ. ഗോവിന്ദൻ പരസ്യമായി പറഞ്ഞിരുന്നു. സിപിഎമ്മിൽ ഒരുകാലത്തും സംഭവിക്കാത്ത ഗുരുതരമായ ആരോപണമാണു സംസ്ഥാന സെക്രട്ടറിക്കെതിരെ ഉന്നയിക്കപ്പെട്ടത്. കണ്ണൂർ ജില്ലയിലെ പാർട്ടിക്കാകെ ടി.കെ. ഗോവിന്ദന്റെ പത്രസമ്മേളനത്തിലെ ആക്ഷേപങ്ങൾ വലിയ നാണക്കേടുണ്ടാക്കി.
ആക്ഷേപങ്ങൾക്കു മറുപടി പറയാൻ പോലും നേതാക്കൾ ബുദ്ധിമുട്ടുന്ന അവസ്ഥയാണു കണ്ടത്. മുന്പെങ്ങും കണ്ണൂരിലെ സിപിഎമ്മിൽ ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടായതായി കണ്ടിട്ടില്ല. പിണറായി വിജയൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ശ്യാമളയെ സ്ഥാനാർഥിയാക്കുന്നതിൽ നേതാക്കൾ എതിർപ്പ് അറിയിച്ചിരുന്നു. എന്നിട്ടും തിരുത്തിയില്ലെന്ന ആക്ഷേപമാണ് ഉയർന്നുവരുന്നത്.
പാലക്കാട് മുൻ എംഎൽഎ പി.കെ. ശശി, ഇടുക്കിയിൽ മുൻ എംഎൽഎ എസ്. രാജേന്ദ്രൻ, കണ്ണൂരിലെ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ, കൊല്ലത്തു കൊട്ടാരക്കരയിൽ മുൻ എംഎൽഎ അയിഷാ പോറ്റി പിന്നെ വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് എന്നിങ്ങനെയുള്ള പ്രമുഖരാണ് ഈ അടുത്തകാലത്തു സിപിഎം ബന്ധം ഉപേക്ഷിച്ചവർ. പാർട്ടി നേതാക്കളുടെ അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടിയാണ് ഇവരെല്ലാം സിപിഎം വിട്ടത്.
ഇതാണ് എം.വി. ഗോവിന്ദനെയും നേതാക്കളെയും പ്രതിക്കൂട്ടിലാക്കുന്നത്. കേരളത്തിലെ സംഘടനാ പ്രതിസന്ധി ഗൗരവമുള്ളതാണെന്ന വിലയിരുത്തലാണു സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിക്കുള്ളത്. ജി. സുധാകരൻ പാർട്ടി വിട്ടതിൽ ബേബിയും കടുത്ത നിരാശയിലാണ്.