വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ പക്കലുള്ള ദീർഘദൂര ആക്രമണ മിസൈലുകളിൽ വലിയഭാഗം ഉപയോഗിച്ചു കഴിഞ്ഞതായി റിപ്പോർട്ട്. ഇറാനുമായി മാസങ്ങളായി തുടരുന്ന യുദ്ധത്തെത്തുടർന്നാണ് മിസൈലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. അമേരിക്ക കടുത്ത ആയുധക്ഷാമം നേരിടുന്നുണ്ടെന്നാണ് റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട്.
പ്രധാനമായും കരയിൽ നിന്ന് തൊടുക്കാവുന്ന തന്ത്രപ്രധാന ആയുധങ്ങളായ ‘എറ്റാകംസ്', പുതിയ തലമുറയിൽപ്പെട്ട 'പ്രസിഷൻ സ്ട്രൈക്ക് മിസൈലുകൾ' എന്നിവയുടെ വലിയ ശേഖരമാണ് അമേരിക്ക ഇറാന് എതിരായ ആക്രമണങ്ങൾക്ക് ഉപയോഗിച്ചത്. ഇവയിൽ ഭൂരിഭാഗവും ഇപ്പോൾ തീർന്നെന്നാണ് വിവരം. അമേരിക്കൻ സൈന്യത്തിന് ആൾനാശം സംഭവിക്കാതിരിക്കാൻ പൈലറ്റുള്ള യുദ്ധവിമാനങ്ങൾ ഇറാന്റെ വ്യോമാതിർത്തിയിലേക്ക് അയക്കുന്നതിന് പകരം ദീർഘദൂര മിസൈലുകളാണ് ട്രംപ് ഭരണകൂടം വ്യാപകമായി ഉപയോഗിച്ചത്.
അമേരിക്കൻ ആയുധശേഖരത്തിലെ ടോമഹോക്ക് ക്രൂയിസ് മിസൈലുകളിൽ പകുതിയും ഇറാൻ യുദ്ധത്തിൽ ഉപയോഗിച്ചുകഴിഞ്ഞു. കൂടാതെ, പേട്രിയറ്റ് ഇന്റർസെപ്റ്ററുകളുടെ 65 ശതമാനവും അത്യാധുനിക എയർ ഡിഫൻസ് സിസ്റ്റമായ ‘താഡ്' മിസൈലുകളുടെ 38 ശതമാനത്തോളവും ഇതിനകം ഉപയോഗിച്ചു കഴിഞ്ഞുവെന്ന് പ്രതിരോധ പഠന കേന്ദ്രങ്ങൾ വിലയിരുത്തുന്നു. മധ്യപൂർവേഷ്യൻ മേഖലയുടെ ചുമതലയുള്ള യുഎസ് സെൻട്രൽ കമാൻഡിന്റെ പക്കലുണ്ടായിരുന്ന മിസൈൽ ശേഖരം ഏതാണ്ട് അവസാനിച്ചതോടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ വിന്യസിച്ചിരുന്ന ആയുധശേഖരത്തിൽ നിന്നാണ് നിലവിൽ ഇങ്ങോട്ട് മിസൈലുകൾ എത്തിക്കുന്നതെന്നാണ് വിവരം.
എന്നാൽ ആയുധക്ഷാമം സംബന്ധിച്ച ആശങ്കകൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ലോകത്ത് മറ്റാരെക്കാളും കൂടുതൽ ആയുധങ്ങളും വെടിക്കോപ്പുകളും അമേരിക്കയുടെ പക്കലുണ്ടെന്നും ആവശ്യത്തിൽ കൂടുതൽ കരുത്ത് രാജ്യത്തിനുണ്ടെന്നും ട്രംപ് പ്രതികരിച്ചു. നിലവിൽ യുഎസ് പ്രതിരോധ നിർമാണ കമ്പനികൾ എക്കാലത്തെക്കാളും ഉയർന്ന നിരക്കിൽ പുതിയ മിസൈലുകൾ നിർമിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.