ശാസ്താംകോട്ട: വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ ആയിരം ഇതളുകള്‍ ഉള്ള താമരപ്പൂവ് വിരിഞ്ഞത് കൗതുകമായി. മൈനാഗപ്പള്ളി കടപ്പ കുമ്പളത്ത് ജ്യോതിശങ്കറിന്റെ വീട്ടിലാണ് ആയിരം ഇതളുകള്‍ ഉള്ള താമരപ്പൂവ് വിരിഞ്ഞത്. വീട്ടിലെ പൂന്തോട്ടത്തില്‍ വലിയ പ്ലാസ്റ്റിക് പാത്രത്തിലാണ് താമര വിരിഞ്ഞുനില്‍ക്കുന്നത്. മനോഹരമായ ഇളം പിങ്ക് നിറത്തിലാണ് പൂക്കള്‍. നാലുമാസം മുമ്പ് കൊല്ലത്തെ ഒരു സുഹൃത്തില്‍ നിന്ന് ലഭിച്ച താമരയുടെ കിഴങ്ങ് നട്ടുവളര്ത്തിയെടുത്തു. അതിലാണ് താമര വിരിഞ്ഞത്. കൗതുക കാഴ്ച കാണാനും സഹസ്ര ദളപത്മത്തിന്റെ ചിത്രം പകര്‍ത്താനും സെല്‍ഫിയെടുക്കാനുമായി നിരവധിപേര്‍ എത്തുകയാണ്.
നാട്ടിലെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ വിരിയാറുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പൂക്കളെയും കൃഷിയെയും സ്നേഹിക്കുന്ന ജ്യോതിശങ്കര്‍ പ്രവാസ ജീവിതത്തിന് ശേഷമാണ് വീട്ടുമുറ്റത്ത് ചെടി നട്ടുവളര്‍ത്താന്‍ ആരംഭിച്ചത്. വിവിധ ഇനം താമരകള്‍, അലങ്കാര ചെടികള്‍ എന്നിവ വീട്ടിലുണ്ട്. കൂടാതെ അലങ്കാര മത്സ്യങ്ങളുടെയും വിപുലമായ ശേഖരവും വീട്ടുമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. മൈനാഗപ്പള്ളിയില്‍ റെയിന്‍ ഗാര്ഡന് അക്വാട്ടിക്സ് എന്ന സ്ഥാപനം നടത്തുന്നുണ്ട്. പന്തളം എന്‍എസ്എസ് കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തില്‍ അസി. പ്രഫസറായ ഭാര്യ രശ്മിയും മക്കളായ ജിയ ശങ്കറും മിലനും എല്ലാ പിന്തുണയുമായി ജ്യോതി ശങ്കറിനൊപ്പമുണ്ട്.