National
ഛത്തർപുർ: മധ്യപ്രദേശിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് വിമർശിച്ചതിന്റെ പേരിൽ പ്രവർത്തിച്ചതിന് ജീവിച്ചിരിക്കുന്ന മൂന്ന് ദളിത് സ്ത്രീകളെ മരിച്ചതായി രേഖപ്പെടുത്തി പഞ്ചായത്ത് സെക്രട്ടറിയുടെ പക വീട്ടൽ. മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിലാണ് സംഭവം.
മൂന്ന് സ്ത്രീകൾക്ക് ദളിത് ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കാതെവന്നതോടെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പക പുറത്തുവന്നത്. രമാബായ് റൈക്വാർ, ഗിരിജ വിശ്വകർമ, കല്ലു അഹിർവാർ എന്നിവരെയാണ് പഞ്ചായത്ത് സെക്രട്ടറി മരിച്ചവരായി രേഖപ്പെടുത്തിയത്.
ഇതോടെ മൂന്ന് പേരുടെയും ദളിത് ക്ഷേമപദ്ധതികളുടെ ആനുകൂല്യവും നിലച്ചു. കൂടാതെ രമാബായിയുടെയും ഗിരിജയുടെയും വിധവാപെൻഷനും മുടങ്ങി. പിന്നാലെ മൂവരും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ചന്ദ്രപുര ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അമർ സിംഗിനെ ജില്ലാപഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സസ്പെൻഡ് ചെയ്തു.
Viral
മധ്യപ്രദേശിലെ ഭോപ്പാലിൽ തിരക്കേറിയ വാണിജ്യ മേഖലയെ നടുക്കി ഞായറാഴ്ച രാവിലെ അതിശക്തമായ തീപിടുത്തമുണ്ടായി. എംപി നഗർ സോൺ രണ്ടിലെ ജ്യോതി ടാക്കീസിന് സമീപമുള്ള ട്രാൻസ്ഫോർമറിൽ നിന്നുമാണ് തീ ഉണ്ടായത്.
ആനന്ദ് നംകീൻ എന്ന സ്ഥാപനത്തിന് തൊട്ടുമുന്നിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയുമായിരുന്നു. ഏകദേശം 20 അടിയോളം ഉയരത്തിൽ ഉയർന്ന അഗ്നിജ്വാലകളും കറുത്ത പുകയും പ്രദേശം മുഴുവൻ ഭീതിയിലാഴ്ത്തി.
ട്രാൻസ്ഫോർമറിന് സമീപം പാർക്ക് ചെയ്തിരുന്ന ആഡംബര വാഹനമായ ടൊയോട്ട ഫോർച്യൂണറിലേക്ക് തീ അതിവേഗം വ്യാപിക്കുകയും മിനിറ്റുകൾക്കുള്ളിൽ വാഹനം പൂർണമായും കത്തിയമരുകയും ചെയ്തു. തിരക്കേറിയ സമയമായതിനാൽ ചുറ്റുമുണ്ടായിരുന്ന ആളുകൾ ജീവരക്ഷാർഥം ചിതറിയോടിയത് വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്.
വിവരമറിഞ്ഞയുടൻ അഗ്നിശമന സേന സ്ഥലത്തെത്തി നടത്തിയ ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് വൻ ദുരന്തം ഒഴിവാക്കിയത്. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയതോടെ സമീപത്തെ മറ്റ് കടകളിലേക്കും കെട്ടിടങ്ങളിലേക്കും തീ പടരുന്നത് തടയാനായി.
സംഭവത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. ട്രാൻസ്ഫോർമറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ജില്ലാ ഭരണകൂടവും വൈദ്യുതി വകുപ്പും ഇതുസംബന്ധിച്ച് ഔദ്യോഗികമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അശ്രദ്ധമായ പാർക്കിംഗും വൈദ്യുതി ഉപകരണങ്ങളുടെ സുരക്ഷാ കുറവും ഇത്തരമൊരു അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മരണത്തിന് കീഴടങ്ങി. വ്യാഴാഴ്ച വൈകുന്നേരമാണ് ഝലാരിയ ഗ്രാമത്തിലെ കുഴൽക്കിണറിൽ രണ്ടര വയസുകാരൻ ഭഗീരഥ് അകപ്പെട്ടത്.
വെള്ളിയാഴ്ച പുലർച്ചെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്നുള്ള ആട്ടിടയൻ പ്രവീൺ ദേവാസിയുടെ മകനാണ് ഭഗീരഥ്. കുടുംബം ആടുകളെ മേയിക്കുന്നതിനിടെ കുട്ടി കുഴൽക്കിണറിന്റെ മൂടി മാറ്റിയപ്പോൾ അബദ്ധത്തിൽ അകപ്പെടുകയായിരുന്നു.
തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. പാറക്കെട്ടുകൾ നിറഞ്ഞ ഭൂപ്രകൃതി രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തിയെന്ന് അധികൃതർ പറഞ്ഞു
National
ജബൽപൂർ: വാഹനാപകടത്തിൽ ജീവൻ നഷ്ടമായി നവജാത ശിശുവിന്റെ ഭ്രൂണവുമായി കോടതിയിലെത്തിയ യുവാവിന് കോടതിയുടെ താക്കീത്. മധ്യപ്രദേശ് ഹൈക്കോടതിയിലാണ് ഈ അസാധാരണ സംഭവം. മധ്യപ്രദേശ് സ്വദേശിയായ യുവാവ്, മാരുതി സുസുക്കി കമ്പനിക്കെതിരെയുള്ള 200 കോടി രൂപയുടെ നഷ്ടപരിഹാര കേസിന്റെ ഭാഗമായാണ് കോടതിയിൽ അലസിപ്പോയ ഭ്രൂണം സൂക്ഷിച്ച കുപ്പിയുമായെത്തിയത്.
പരാതിക്കാരനായ യുവാവും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ അപകടത്തിൽപ്പെടുകയും അപകടസമയത്ത് കാറിലെ എയർബാഗുകൾ പ്രവർത്തിക്കാതിരിക്കുകയും ചെയ്തതാണ് ദാരുണമായ സംഭവത്തിന് ഇടയാക്കിയത്. ഈ അപകടത്തെത്തുടർന്ന് തന്റെ ഭാര്യയുടെ ഗർഭം അലസിയതായും തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടതായും യുവാവ് പരാതിയിൽ പറയുന്നു.
എന്നാൽ കാറിലെ സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച കാരണമാണ് തനിക്ക് കുഞ്ഞിനെ നഷ്ടമായതെന്ന് പരാതിക്കാരനായ യുവാവ് ആരോപിക്കുന്നു. തന്റെ വാദങ്ങൾക്ക് ശക്തി പകരാനാണ് യുവാവ് കുപ്പിയിൽ അലസിപ്പോയ കുട്ടിയുടെ ഭ്രൂണവുമായി എത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ജസ്റ്റിസ് വിവേക് അഗർവാൾ, ഇത് അങ്ങേയറ്റം അനുചിതമായ പ്രവൃത്തിയാണെന്ന് നിരീക്ഷിച്ചു. ഇത്തരത്തിൽ ഒരു വസ്തു കോടതിയിൽ പ്രദർശിപ്പിക്കുന്നത് നിയമപരമായി അനുവദനീയമല്ലെന്ന് വ്യക്തമാക്കിയ കോടതി, യുവാവിനെ താക്കീത് ചെയ്യുകയും ചെയ്തു.
Viral
ബാഗേശ്വർ ധാമിൽ നടക്കാനിരിക്കുന്ന വിപുലമായ സമൂഹവിവാഹത്തിന് മുന്നോടിയായി, ഒരുക്കങ്ങൾ വിലയിരുത്താൻ അർദ്ധരാത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്.
ഫെബ്രുവരി 15-ന് നിശ്ചയിച്ചിരിക്കുന്ന 300 നിർധനരായ പെൺകുട്ടികളുടെ വിവാഹ മാമാങ്കത്തിന് മുന്നോടിയായി വെള്ളിയാഴ്ച പുലർച്ചെ 3:30-ഓടെയാണ് അദ്ദേഹം മോട്ടോർ സൈക്കിളിൽ പരിശോധനയ്ക്കായി എത്തിയത്.
ഉറക്കമില്ലാതെ പണിയെടുക്കുന്ന സന്നദ്ധപ്രവർത്തകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അന്നപൂർണ മണ്ഡപത്തിലെത്തിയ അദ്ദേഹം, തൊഴിലാളികൾക്കൊപ്പം അടുപ്പിനടുത്തിരുന്ന് പൂരി വറുക്കാനും തയ്യാറെടുപ്പുകളിൽ പങ്കുചേരാനും സമയം കണ്ടെത്തി.
ലക്ഷക്കണക്കിന് ഭക്തർ ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചടങ്ങിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
ഭക്ഷണശാലയിലെ ക്രമീകരണങ്ങൾ, ശുദ്ധജല ലഭ്യത, സുരക്ഷാ മുൻകരുതലുകൾ എന്നിവ നേരിട്ട് നടന്നു കണ്ട് വിലയിരുത്തിയ ശാസ്ത്രി, വധുക്കൾക്കായി ഒരുക്കിയിട്ടുള്ള വിവാഹ വസ്ത്രങ്ങളും മറ്റ് സമ്മാനങ്ങളും പരിശോധിച്ചു.
ഫെബ്രുവരി 13, 14 തീയതികളിൽ ഹൽദി, മെഹന്ദി ചടങ്ങുകൾ നടക്കും. തുടർന്ന് 15-ന് വർണാഭമായ വിവാഹ ഘോഷയാത്ര ധാമിലെത്തുന്നതോടെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമാകും.
ഭക്തർക്കും അതിഥികൾക്കും താമസമോ ഗതാഗതമോ സംബന്ധിച്ച ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് സംഘാടക സമിതിക്ക് കർശന നിർദ്ദേശം നൽകിയ അദ്ദേഹം, ഒരുക്കങ്ങളുടെ പുരോഗതി വീഡിയോ സന്ദേശത്തിലൂടെ അനുയായികളെ അറിയിക്കുകയും ചെയ്തു.
എല്ലാ വർഷവും വിവാഹത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇത്തരം രാത്രികാല പരിശോധനകൾ നടത്തുന്നത് അദ്ദേഹത്തിന്റെ പതിവാണ്.
സേവനത്തിന്റെയും സമർപ്പണത്തിന്റെയും പശ്ചാത്തലത്തിൽ നടക്കുന്ന ഈ ബൃഹത്തായ ചടങ്ങ് വിജയിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് നിലവിൽ ബാഗേശ്വർ ധാമിലെ നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ.
Viral
നഷ്ടപരിഹാരത്തിനായി മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിൽ കർഷകർ നടത്തുന്ന സമരം വേറിട്ട പ്രതിഷേധ രീതികൾ കൊണ്ട് ശ്രദ്ധേയമാകുന്നു.
പങ്കാരി അണക്കെട്ട് പദ്ധതിക്കായി തങ്ങളുടെ കൃഷിഭൂമി വിട്ടുനൽകേണ്ടി വന്ന കർഷകരാണ്, വസ്ത്രങ്ങൾക്ക് പകരം ശരീരത്തിൽ വാഴയിലകളും തലയിൽ തേക്ക് ഇലകളും ധരിച്ച് ഭരണകൂടത്തിന് മുന്നിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി തുടരുന്ന നിസഹകരണ സമരങ്ങളുടെയും നിവേദനങ്ങളുടെയും തുടർച്ചയായാണ് ഗാന്ധിയൻ മാതൃകയിലുള്ള ഈ പുതിയ സമരമുറ അരങ്ങേറിയത്.
ഗ്രാമപ്രദേശങ്ങളിലെ ഭൂമി ഏറ്റെടുക്കുമ്പോൾ 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള വിപണി മൂല്യത്തിന്റെ ഇരട്ടി തുക നഷ്ടപരിഹാരമായി നൽകണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.
തങ്ങളുടെ ഉപജീവനമാർഗമായ മണ്ണ് നഷ്ടപ്പെടുമ്പോൾ അർഹമായ പ്രതിഫലവും പുനരധിവാസവും ഉറപ്പാക്കുന്നതിൽ അധികൃതർ കാട്ടുന്ന അലംഭാവമാണ് കർഷകരെ തെരുവിലിറക്കിയത്.
ഭരണഘടന ഉറപ്പുനൽകുന്ന മാന്യമായി ജീവിക്കാനുള്ള അവകാശവും സ്വത്തവകാശവും സംരക്ഷിക്കപ്പെടണമെന്നും, സുതാര്യമായ നടപടികളിലൂടെയല്ലാതെ ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്നും സമരത്തിന് നേതൃത്വം നൽകുന്ന ഡോ. രവികുമാർ പട്ടേൽ വ്യക്തമാക്കുന്നു.
സർക്കാർ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ബോധപൂർവ്വം പിന്നോട്ട് പോകുകയാണെന്നും നീതി ലഭിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ സമരം കൂടുതൽ തീവ്രമാക്കുമെന്നുമാണ് സമരസമിതിയുടെ മുന്നറിയിപ്പ്.
അതേസമയം, ബുർഹാൻപൂർ ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി തുളസിറാം സിലാവത്ത് പ്രതിഷേധ സ്ഥലത്തെത്തുകയും കർഷകരുടെ പരാതികൾ ഗൗരവമായി പരിഗണിച്ചു വരികയാണെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും, വാഗ്ദാനങ്ങൾക്കപ്പുറം പ്രായോഗികമായ നടപടികൾ ഉണ്ടാകുന്നത് വരെ തങ്ങളുടെ അവകാശപ്പോരാട്ടം തുടരാനാണ് കർഷകരുടെ തീരുമാനം.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലുണ്ടായ മലിനജല ദുരന്തത്തിൽ സംസ്ഥാന സർക്കാരിനു ഹൈക്കോടതിയുടെ രൂക്ഷവിമർശനം.
വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും പ്രതികരണങ്ങൾ നിർവികാരപരമാണെന്നു പറഞ്ഞ കോടതി, 15 ദിവസങ്ങൾക്കുശേഷം എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ ജസ്റ്റിസുമാരായ വിജയ്കുമാർ ശുക്ല, അലോക് അവസ്തി എന്നിവരാണ് നിരീക്ഷണം നടത്തിയത്.
കേന്ദ്ര സർക്കാരിന്റെ വാർഷിക ശുചിത്വ സർവേയിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കാറുള്ള ഇൻഡോറിന്റെ പ്രതിച്ഛായയ്ക്ക് ഇപ്പോഴത്തെ സംഭവം മങ്ങലേൽപ്പിച്ചെന്നും കോടതി അഭിപ്രായപ്പെട്ടു. ജനുവരി പതിനഞ്ചിന് വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ ചീഫ് സെക്രട്ടറിയോടു കോടതി നിർദേശിച്ചിട്ടുണ്ട്.
National
ഇൻഡോർ: ഇൻഡോറിൽ മലിന ജലം ഉപയോഗിച്ച് ചികിത്സയിലായിരുന്നവരുടെ മരണസംഖ്യ 10 ആയി ഉയർന്നു. കുടിവെള്ളത്തിൽ മലിനജലം കലർന്നതാണ് രോഗം പടർന്നു പിടിക്കാൻ കാരണമായത്. 1,100 ൽ അധികം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
പ്രധാന ജലവിതരണ പൈപ്പ്ലൈനിന് മുകളിലായി ശുചിമുറി നിർമിച്ചിരുന്നു. ശുചിമുറിയിൽ നിന്നുള്ള മലിനജലം പ്രധാന ജലവിതരണ പൈപ്പിൽ കലർന്നതോടെയാണ് ഭഗീരത്പുരയിൽ വയറിളക്കവും ഛർദിയും പടർന്നുപിടിച്ചതെന്ന് ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ കണ്ടെത്തുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ വീഴ്ചകൾ സമ്മതിച്ച മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിജയവർഗിയയുടെ മണ്ഡലമായ ഇൻഡോർ -1 നിയമസഭാ മണ്ഡലത്തിലാണ് ഭഗീരത്പുര സ്ഥിതി ചെയ്യുന്നത്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി രോഗബാധ. യശ്വന്ത്റാവു ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്.
നാല് മാസം മുൻപാണ് സംഭവം നടന്നതെന്നും ഇതിൽ അന്വേഷണം പ്രഖ്യാപിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതർ പറയുന്നു. രക്തം നൽകിയപ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം.
ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നിന്ന് നൽകിയ രക്തത്തിൽ നിന്നാണോ അതോ മറ്റു ചികിത്സാ ഉപകരണങ്ങളിൽ നിന്നാണോ വൈറസ് ബാധ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണ്. വിഷയം വളരെ ഗൗരവമായി കാണുമെന്ന് ആരോഗ്യ മന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു.
Kerala
ഭോപ്പാൽ: മധ്യപ്രദേശിൽ അറസ്റ്റിലായ മലയാളി വൈദികൻ ഫാ.ഗോഡ്വിന് ജാമ്യം. രാത്ലം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.
നിർബന്ധിത പരിവർത്തനം ആരോപിച്ച് കഴിഞ്ഞമാസം 25നാണ് തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സിഎസ്ഐ വൈദികനെ റാത്ലം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം വലിയ വിവാദമായിരുന്നു.
12 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. കേസ് ഡയറി കോടതിയിൽ ഹാജരാക്കാതെ പോലീസ് നടപടികൾ വൈകിപ്പിക്കുകയാണെന്ന് സഹപ്രവർത്തകർ ആരോപിച്ചിരുന്നു. 25 വർഷമായി ഉത്തരേന്ത്യയിലും 12 വർഷമായി മധ്യപ്രദേശിലെ ജബുവയിലും പ്രവർത്തിക്കുന്നയാളാണ് വൈദികൻ ഗോഡ്വിൻ.
National
ഭോപ്പാൽ: തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആക്രമികളുടെ പിടിയിൽ നിന്നും സാഹസികമായി രക്ഷപെട്ട് പെൺകുട്ടി. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം.
കോളജ് വിദ്യാർഥിനിയെയാണ് ഓട്ടോറിക്ഷയിലെത്തിയ അക്രമികൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കോളജിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയുടെ കൈയിൽ സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നുമിറങ്ങിയ ഒരാൾ പിടിച്ചു.
തുടർന്ന് രണ്ടാമൻ കുട്ടിയുടെ ബാഗിലും പിടിച്ചുവലിച്ചു. പേടിച്ചുപോയ പെൺകുട്ടി സംയമനം വീണ്ടെടുത്ത് അക്രമിയുടെ പിടിയിൽ നിന്നും രക്ഷപെട്ട് സമീപത്തെ പദവ് വനിതാ പോലീസ് സ്റ്റേഷനിലേക്ക് ഓടി.
ഉടൻതന്നെ അക്രമികൾ ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. പെൺകുട്ടി പിന്നീട് വീട്ടിലേക്ക് മടങ്ങുകയും പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പോലീസ് ഓട്ടോറിക്ഷ പിടിച്ചെടുത്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
Leader Page
മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ് കഴിച്ചതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ കുട്ടികൾ മരിച്ച സംഭവം ആരോഗ്യസുരക്ഷാരംഗത്തെ വലിയ പാളിച്ചയാണ് തുറന്നുകാട്ടുന്നത്. കർശനമാകേണ്ട പരിശോധനയിൽ വന്ന അയവ്, ആരോഗ്യമേഖലയിൽ ഒരു സംഭവമുണ്ടായാൽ അതിവേഗം പ്രവർത്തിക്കേണ്ട സംവിധാനങ്ങളുടെ പരാജയം എന്നിവയെല്ലാം വലിയ ആശങ്കയാണുണ്ടാക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം ആറു സംസ്ഥാനങ്ങളിലായി 19 വ്യത്യസ്ത മരുന്നു സാന്പിളുകളുടെ പരിശോധന തുടങ്ങിയിട്ടുണ്ട്. വില്ലനായെന്ന് കരുതപ്പെടുന്ന കോൾഡ്രിഫ് കഫ് സിറപ്പിന്റെ നിർമാതാക്കളായ ശ്രേശൻ ഫാർമസ്യൂട്ടിക്കൽസിന്റെ തമിഴ്നാട് കാഞ്ചീപുരത്തെ നിർമാണകേന്ദ്രം അടച്ചുപൂട്ടി. കോൾഡ്രിഫിന്റെ ഒരു ബാച്ചിൽ അപകടകാരിയായ ഡൈ എഥിലിൻ ഗ്ലൈക്കോൾ അനുവദിച്ചതിലും ഉയർന്ന അളവിൽ കണ്ടെത്തി.
വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നതാണ് ഈ രാസവസ്തു. കോൾഡ്രിഫിന്റെയും അതിന്റെ നിർമാതാക്കളുടെ മറ്റു മരുന്നുകളുടെയും വില്പന മധ്യപ്രദേശിൽ നിരോധിച്ചു. കേരളത്തിലും വില്പന നിർത്തിവച്ചിട്ടുണ്ട്. രാജസ്ഥാനിൽ മരണകാരണമായതെന്നു കരുതുന്ന കഫ് സിറപ്പ് നിർമിച്ചത് ജയ്പുരിലെ കെയ്സൺ ഫാർമയാണ്. ഇവരുടെ എല്ലാ മരുന്നുകളുടെയും വില്പന തടഞ്ഞിട്ടുണ്ട്.
ഇത്രയും നടപടികളുണ്ടായെങ്കിലും മധ്യപ്രദേശിൽ പതിനാലും രാജസ്ഥാനിൽ മൂന്നും കുട്ടികൾ മരിക്കാനിടയായ മാപ്പില്ലാത്ത അനാസ്ഥ മറച്ചുവയ്ക്കാനാകില്ല. സെപ്റ്റംബറിന്റെ തുടക്കത്തിലാണ് അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ അസാധാരണ മരണം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നുള്ള നിർണായകമായ രണ്ടാഴ്ച കാരണമറിയാതെ മധ്യപ്രദേശ് ആരോഗ്യവകുപ്പ് അധികൃതർ തപ്പിത്തടയുകയായിരുന്നു. അലസമായ പതിവ് അന്വേഷണങ്ങൾ എങ്ങുമെത്തിയില്ല. കുടിവെള്ളത്തിലെ മാലിന്യം, എലി, കൊതുക് എന്നിവയെ ചുറ്റിപ്പറ്റിയായിരുന്നു പരിശോധനകൾ. ഇതൊന്നും മരണകാരണത്തിലേക്ക് വഴിതെളിച്ചില്ല.
ഉണർന്നു പ്രവർത്തിച്ചില്ല
സെപ്റ്റംബർ രണ്ടിനാണ് മധ്യപ്രദേശിലെ ചിന്ദ്വാഡ ജില്ലയിലെ പരാസിയയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നത്. ശിവം എന്ന നാലുവയസുകാരൻ. തുടർന്ന് സെപ്റ്റംബർ 16 വരെയുള്ള ദിവസങ്ങളിൽ വിദ്ധി (മൂന്ന്), അദ്നാൻ (അഞ്ച്), ഉസൈദ് (നാല്), റിഷിക (അഞ്ച്), ശ്രേയ (രണ്ട്) എന്നീ കുട്ടികളും മരിച്ചു. സെപ്റ്റംബർ 18ന് ഹിതാൻഷ (നാല്) മരിച്ചതോടെ കുട്ടികൾ ചികിത്സ തേടിയിരുന്ന നാഗ്പുരിലെ ആശുപത്രിക്ക് ജില്ലാ ഭരണകൂടത്തിൽനിന്ന് ഒരറിയിപ്പു കിട്ടി. വൃക്കയുടെ പ്രവർത്തനം തകരാറിലായിട്ടാണു കുട്ടികൾ മരിക്കുന്നത്. അതേദിവസം തന്നെ വികാസ് എന്ന അഞ്ചു വയസുകാരനും മരിച്ചതോടെയാണ് സംഭവത്തിന്റെ യഥാർഥ ഗൗരവം അധികൃതർക്ക് മനസിലാകുന്നത്.
അതോടെ അന്വേഷണത്തിന്റെ ഗതി മാറി. ആശുപത്രി അധികൃതർ പതിവു നിസംഗത വെടിഞ്ഞു. റീനൽ ബയോപ്സി നടത്താൻ തീരുമാനിച്ചു. മൂന്നു കുട്ടികളുടെ ബയോപ്സി നടത്തിയപ്പോൾ നെഫ്രോണുകളുടെ നാശം കണ്ടെത്തി. വൃക്കകളിൽ രക്തം അരിച്ചെടുക്കുന്ന അടിസ്ഥാന ഘടകമാണ് നെഫ്രോൺ. അപ്പോഴാണ് കഫ് സിറപ്പുമായി ബന്ധപ്പെട്ട രോഗബാധയാകാം മരണകാരണമെന്ന നിഗമനത്തിലെത്തിയതെന്ന് പരാസിയയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വികാസ് കുമാർ യാദവ് പറഞ്ഞു.
ഈ മാസമാദ്യം ഒരു വയസുള്ള സന്ധ്യയും ശനിയാഴ്ച ഒന്നര വയസുള്ള യോജിതയും മരണത്തിനു കീഴടങ്ങി. ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്കു നെട്ടോട്ടമോടിയിട്ടും ഫലമുണ്ടായില്ലെന്ന് യോജിതയുടെ ബന്ധുക്കൾ കരഞ്ഞു പറയുന്പോൾ ആരോഗ്യവകുപ്പിന്റെ പിഴവുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ശരിയായ ആശുപത്രികളിലേക്ക് രോഗബാധിതരായ കുട്ടികളെ എത്തിക്കുന്നതിലും സംവിധാനം പരാജയപ്പെട്ടു.
എന്നാൽ, കുട്ടികളെ നാഗ്പുരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയതാണ് കാര്യങ്ങൾ വഷളാക്കിയതെന്നാണ് അരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. തങ്ങളൊരുക്കിയ പ്രത്യേക സംവിധാനങ്ങൾ അതോടെ ഫലപ്രദമായില്ലെന്ന് അവർ പറയുന്നു. ചിന്ദ്വാഡ ജില്ലയിലെ പരാസിയ ബ്ലോക്കിൽ വീടുകൾ തോറുമുള്ള ആരോഗ്യസർവേ ഇപ്പോൾ നടന്നുവരികയാണ്.
പോസ്റ്റ്മോർട്ടം നടന്നില്ല
അതേസമയം, മരണകാരണത്തിലേക്ക് വെളിച്ചം വീശുമായിരുന്ന പോസ്റ്റ്മോർട്ടം ഒരു കേസിലും നടത്തിയില്ലെന്നതാണ് അങ്ങേയറ്റത്തെ വീഴ്ച. രക്ഷിതാക്കളുടെ സമ്മതം കിട്ടിയില്ലെന്ന ഒഴുക്കൻ കാരണമാണ് അധികൃതർ മുന്നോട്ടുവയ്ക്കുന്നത്. കാര്യത്തിന്റെ ഗൗരവം അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുവോ എന്ന ചോദ്യത്തിന് ഉത്തരമില്ല.
കുടുംബം പോസ്റ്റ്മോർട്ടത്തിന് അനുമതി തന്നില്ല എന്ന് പരാസിയ സബ്ഡിവിഷണൽ മജിസ്ട്രേറ്റ് വികാസ് കുമാർ യാദവ് പറയുന്പോഴും കുടുംബങ്ങൾ പറയുന്നത് മറിച്ചാണ്. “ഭരണകൂടത്തിലെയോ ആശുപത്രിയിലെയോ ഒരാൾ പോലും പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടിട്ടില്ല.” മരിച്ച ഉസൈദ് എന്ന കുട്ടിയുടെ പിതാവ് യാസിൻ ഖാൻ പറയുന്നു. “അത് അത്യാവശ്യമുള്ള കാര്യമാണെന്ന് ഞങ്ങളോടാരും പറഞ്ഞില്ല.” മരിച്ച അദ്നാന്റെ പിതാവ് അമിൻ ഖാനും വ്യക്തമാക്കുന്നു. ഓട്ടോപ്സിക്ക് യാതൊരു വിരോധവും ഉണ്ടായിരുന്നില്ലെന്നും പക്ഷേ, ആരും ആവശ്യപ്പെട്ടില്ലെന്നും മറ്റൊരു രക്ഷിതാവും പറയുന്നു. ഇതോടെ വിലപ്പെട്ട ഫൊറൻസിക് തെളിവാണ് നഷ്ടമായത്.
തമിഴ്നാട്ടിലെ ജാഗ്രത
തമിഴ്നാട്ടിലുണ്ടായ ജാഗ്രത മധ്യപ്രദേശിലുണ്ടായില്ലെന്നതാണ് ആരോപണം. മരുന്നുകളുടെ സുരക്ഷാ പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്വമുള്ള സംസ്ഥാനത്തെ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ഈ ദിവസങ്ങളിൽ തീർഥാടനത്തിലായിരുന്നെന്നും ഭോപ്പാലിലെ ലാബിലെ അനലിസ്റ്റുകൾ ദസറ അവധി ആഘോഷിക്കുകയായിരുന്നെന്നും വിമർശകർ പറയുന്നു. കാര്യങ്ങൾ വെളിപ്പെട്ടിട്ടും കോൾഡ്രിഫ് സിറപ്പിന്റെ വില്പന തടയാൻ അധികൃതർ തയാറായില്ലെന്ന ആരോപണവുമുണ്ട്.
നാഗ്പുരിൽനിന്നുള്ള റിപ്പോർട്ട് വന്നശേഷവും കോൾഡ്രിഫ് സിറപ്പ് നിർദേശിച്ച ചിന്ദ്വാഡയിലെ ഡോക്ടർ പ്രവീൺ സോണിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ക്ലിനിക്കിലായിരുന്നു മരിച്ചവരിൽ മിക്ക കുട്ടികളും ആദ്യം ചികിത്സ തേടിയിരുന്നത്. ഇയാളുടെ ഭാര്യയുടെയും മരുമകന്റെയും മരുന്നുകടകളിൽനിന്ന് വില്ലൻ സിറപ്പ് പിന്നീടും വില്പന നടത്തിയതായും പോലീസ് പറഞ്ഞു.
ഇന്ത്യയിൽ നിർമിച്ച കഫ് സിറപ്പുകൾ മൂന്നു വർഷം മുന്പ് ആഫ്രിക്കയിലെ ഗാംബിയയിലും മരണകാരണമായതായി ആരോപണമുണ്ടായിരുന്നു. 2022ൽ എഴുപതോളം കുട്ടികളാണ് കഫ് സിറപ്പ് കഴിച്ചതിനുശേഷമുണ്ടായ ആരോഗ്യപ്രശ്നത്തെത്തുടർന്ന് ഗാംബിയയിൽ മരിച്ചത്. ന്യൂഡൽഹി ആസ്ഥാനമായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നിനെതിരേ ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്കിയിരുന്നു.
നിസാരമാക്കി അധികൃതർ
മൂന്നാഴ്ചയ്ക്കുള്ളിൽ ഒന്നിനുപിറകെ ഒന്നായി കുട്ടികൾ വൃക്കരോഗം കാരണം മരിക്കുന്പോഴും എല്ലാം യാദൃച്ഛികസംഭവങ്ങളെന്ന് നിസാരവത്കരിക്കുകയായിരുന്നു അധികൃതർ. അതേസമയം, മധ്യപ്രദേശ് സർക്കാരിന്റെ കത്ത് ലഭിച്ച ഒക്ടോബർ ഒന്നിനുതന്നെ തമിഴ്നാട് ഡ്രഗ് കൺട്രോൾ വകുപ്പ് ഉണർന്നു പ്രവർത്തിച്ചു. രണ്ടു ദിവസം സർക്കാർ അവധിയായിരുന്നിട്ടും അന്വേഷണം ഊർജിതമായി നടക്കുകയും ഒക്ടോബർ മൂന്നിന് വില്ലനെ കണ്ടെത്തുകയും ചെയ്തു.
ശ്രേശൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ് കഫ് സിറപ്പിൽ (ബാച്ച് എസ്ആർ-13) 48.6 ശതമാനം ഡൈ എഥിലിൻ ഗ്ലൈക്കോൾ (ഡിഇജി) അടങ്ങിയിട്ടുണ്ടെന്നാണ് അവർ കണ്ടെത്തിയത്. വൃക്കകളെ നശിപ്പിക്കുന്ന വ്യാവസായിക രാസവസ്തുവാണ് ഡിഇജി. തുടർന്നാണ് സ്റ്റോക്ക് മരവിപ്പിക്കുകയും കാഞ്ചീപുരത്തെ കന്പനി പൂട്ടുകയും ചെയ്തത്.