തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയെ തുടർന്നുള്ള ലോഡ് ഷെഡിംഗും പവർകട്ടും മുൻകൂട്ടി ജനങ്ങളെ അറിയിക്കുന്നതിൽ വൈദ്യുതി ബോർഡിന് പാളിച്ചയുണ്ടെങ്കിൽ ഇക്കാര്യം പരിശോധിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 25 വർഷത്തേക്ക് യൂണിറ്റിന് 4.29 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള ഉണ്ടാക്കിയ ദീർഘകാല കരാർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റദ്ദാക്കിയതാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയുടെ പ്രധാന കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരാറിൽ ഏർപ്പെട്ട് എട്ടുവർഷത്തിനു ശേഷം സിപിഎം നേതാവ് വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഇരിക്കേയാണ് ദീർഘകാല കരാർ റദ്ദാക്കിയത്. തുടർന്ന് യൂണിറ്റിന് എട്ടു മുതൽ 14 രൂപ വരെ നിരക്കിൽ അദാനി കന്പനിയിൽ നിന്നടക്കം വൈദ്യുതി വാങ്ങുകയായിരുന്നു. ഇതാണ് വൈദ്യുതി ബോർഡിന്റെ സാന്പത്തിക നിലയേയും പ്രതിസന്ധിയിലാക്കിയത്.
കുറഞ്ഞ നിരക്കിലെ ദീർഘകാല കരാർ റദ്ദാക്കി, കമ്മീഷൻ വാങ്ങാനായി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയ ക്രമക്കേട് അന്വേഷിക്കാൻ നിർദേശിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമമെന്നു മുഖ്യമന്ത്രി പറഞ്ഞു.