നെടുമ്പാശേരി : വിമാനത്താവളം ജംഗ്ഷനു സമീപത്തെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം.
ദേശീയപാതയിൽ നിന്നും വിമാനത്താവളത്തിലേക്ക് തിരിയുന്ന സിഗ്നലിന് സമീപത്തെ ഗ്രാൻഡ് മലബാർ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.
ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവരെയും ജീവനക്കാരെയും ഉടനെ തന്നെ ഒഴിപ്പിച്ചതിനാൽ കൂടുതൽ അപകടം ഒഴിവാകുകയായിരുന്നു. ഹോട്ടലിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. ഹോട്ടലിന് മുന്നിലെ കഫറ്റേരിയയിലെ തന്തൂരി അടുപ്പിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനോട് ചേർന്ന ഹോട്ടലിന്റെ തന്നെ ബേക്കറിയും കാഷ് കൗണ്ടറും റെഫ്രിജറേററും അടക്കം കത്തി നശിച്ചു.
തീ വളരെ വേഗം ആളിപ്പടർന്നതോടെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായി. സമീപത്തെ കച്ചവടക്കാരും യാത്രക്കാരും ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ആലുവയിൽ നിന്നും അങ്കമാലിയിൽ നിന്നുമുള്ള നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തി അര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.