കൊച്ചി: മലയിടംതുരുത്ത് പര്യത്തുകാവിലെ ദളിത് കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയ ഭൂമി തർക്കത്തിന് സർക്കാർ ഇടപെടലിലൂടെ രമ്യമായ പരിഹാരം. പര്യത്തുകാവ് നിവാസികൾക്ക് അവർ ഇപ്പോൾ താമസിക്കുന്ന അതേ വസ്തുവിൽ തന്നെ അഞ്ച് സെന്റ് സ്ഥലവും അതിലേക്ക് ആവശ്യമുള്ള റോഡ് സൗകര്യവും ഏർപ്പെടുത്താൻ തീരുമാനിച്ചതായി മന്ത്രി റോജി എം. ജോൺ അറിയിച്ചു.
ജില്ലാ കളക്ടറുടെ ചേംബറിൽ ഭൂമിയിൽ താമസിക്കുന്നവരും ഭൂവുടമകളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഈ നിർണായക തീരുമാനം. കുടുംബങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ ഈ ഭൂമിയിൽ പുതിയ വീട് വച്ച് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ താമസിക്കുന്ന സ്ഥലത്തെ മരം മുറിച്ച് മാറ്റുന്നതിന് ഇവർക്ക് അവസരം നൽകും.
പുതിയ വീടിന്റെ പണി തീരുന്നതുവരെ നിലവിലെ വീടുകളിൽ തന്നെ താമസിക്കാം. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമരങ്ങളുടെ ഭാഗമായി രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ഇരുവിഭാഗങ്ങളും ഇതുസംബന്ധിച്ച കരാറിൽ ഒപ്പിടും. ഈ കരാർ അഡ്വക്കേറ്റ് ജനറൽ മുഖേന 16ന് ഹൈക്കോടതിയിൽ സമർപ്പിക്കും.
വീട് പണി പൂർത്തിയാകുന്നതു വരെയുള്ള നടപടിക്രമങ്ങൾ സുഗമമായി നടത്തുന്നതിനായി മൂവാറ്റുപുഴ ആർഡിഒ, ഡിവൈഎസ്പി എന്നിവരെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ അടിയന്തര ഇടപെടലോടെ കുടിയിറക്കൽ ഭീഷണി പൂർണമായും ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പര്യത്തുകാവിലെ ദളിത് കുടുംബങ്ങൾ.