തിരുവനന്തപുരം: രണ്ടര വർഷത്തേക്ക് തനിക്ക് ക്യാബിനറ്റ് പദവി തരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മാണി സി കാപ്പൻ. തനിക്ക് മുഴുവൻ സമയ മന്ത്രിസ്ഥാനം നൽകുന്നതിനെ മുന്നണിയിലെ ഒരു പ്രമുഖ ഘടകകക്ഷി എതിർത്തെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ അംഗങ്ങളുണ്ടായിട്ടും തങ്ങൾക്ക് രണ്ടാമതൊരു മന്ത്രിസ്ഥാനം കിട്ടാത്തത് അവർ ചൂണ്ടിക്കാണിച്ചു. തർക്കങ്ങൾക്കിടയിൽ കിട്ടിയ അവസരം കോൺഗ്രസ് മുതലാക്കിയെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന്റെ മന്ത്രിമാരുടെ എണ്ണം 11-ൽ നിന്ന് 12 ആയി ഉയർത്താൻ ഇതിലൂടെ അവർക്ക് കഴിഞ്ഞു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ അനൂപ് ജേക്കബും താനും തമ്മിൽ ഒരു ധാരണയിലെത്തുകയായിരുന്നു.
ആദ്യത്തെ രണ്ടര വർഷം അനൂപ് ജേക്കബും, ശേഷിക്കുന്ന രണ്ടര വർഷം താനും മന്ത്രിയാകുമെന്ന കാര്യം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് തീരുമാനിച്ചത്.
ടേം വ്യവസ്ഥ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെയോ ക്യാബിനറ്റ് ബ്രീഫിംഗിലൂടെയോ ഔദ്യോഗികമായി അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനൂപ് ജേക്കബ് മാറിയില്ലെങ്കിലും മുഖ്യമന്ത്രിക്ക് ഒരു മന്ത്രിയെ മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തനിക്ക് യാതൊരു പരാതിയോ പ്രശ്നങ്ങളോ ഇല്ലെന്നും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.