മലപ്പുറം: കുളം ഉദ്ഘാടനത്തിൽ ജനപ്രതിനിധികളെ വെള്ളത്തിൽ ചാടിച്ച് മഞ്ഞളാംകുഴി അലി എംഎൽഎ. മങ്കട പീച്ചാണിപ്പറമ്പ് തുരുത്തിലെ കുളത്തിന്റെ ഉദ്ഘാടനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു കൗതുകമുണർത്തിയ ഉദ്ഘാടനം.
അങ്ങാടിപ്പുറം പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ഷബീർ മഞ്ഞാമ്പ്രയെയാണ് എംഎൽഎയും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് കുളത്തിലേക്ക് തള്ളിയിട്ടത്. മെമ്പർ കുളത്തിൽ ചാടിയാണ് ഉദ്ഘാടനം നിർവഹിക്കുകയെന്ന് ചടങ്ങിന് മുമ്പ് തന്നെ എംഎൽഎ പ്രഖ്യാപിച്ചിരുന്നു. താൻ ചാടുകയാണെങ്കിൽ എംഎൽഎയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുളത്തിലിറങ്ങണമെന്ന് ഷബീറും പറഞ്ഞിരുന്നു.
ഇതനുസരിച്ച് ഷബീർ വെള്ളത്തിൽ ചാടാൻ തയാറായി നിൽക്കുന്നതിനിടെയാണ് നാട മുറിച്ചതിന് പിന്നാലെ എംഎൽഎയും സംഘവും ചേർന്ന് അദ്ദേഹത്തെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. കുളത്തിൽ നീന്തിയ ശേഷം കരയിലെത്തിയ ഷബീർ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷിറയെയും കുളത്തിലേക്ക് തള്ളിയിട്ടു.
കുളം ഉദ്ഘാടനം ചെയ്യുമ്പോൾ വെറുതെ സംസാരിച്ച് സമയം കളയുന്നതിനേക്കാൾ വെള്ളത്തിൽ ചാടുന്നതാണ് ഉചിതമെന്ന് കരുതിയാണ് മെമ്പറെ കുളത്തിലിറക്കിയതെന്നാണ് എംഎൽഎ പറഞ്ഞു. അതേസമയം സുരക്ഷ ഉറപ്പാക്കുന്നതിനായി ട്യൂബുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുളത്തിൽ ഒരുക്കിയ ശേഷമായിരുന്നു വേറിട്ട ഉദ്ഘാടനം.