National
റായ്പുർ: രണ്ടായിരത്തിലധികം മാവോയിസ്റ്റുകൾ കീഴടങ്ങിയതായി ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്. അക്രമത്തിന്റെയും വെടിവയ്പ്പിന്റെയും ഭാഷ ഉപേക്ഷിച്ച് വികസനത്തിന്റെ മുഖ്യധാരയിലേക്ക് അണിനിരക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഛത്തിസ്ഗഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ ഏറെ കാലമായി രൂക്ഷമായി തുടരുന്നതിനിടയിലാണ് വിഷ്ണു ദിയോ സായ് കീഴടങ്ങിയവരുടെ കണക്കുകൾ പുറത്തുവിട്ട് രംഗത്തെത്തിയത്.
കീഴടങ്ങുന്നവർക്കായി പുനരധിവാസ നയം രൂപപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കീഴടങ്ങുന്നവർക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനൊപ്പം പ്രതിമാസം 10,000 രൂപ സാമ്പത്തിക സഹായവും നൽകുന്നുണ്ട്.
ഇതുകൂടാതെ പുനരധിവാസ നയത്തിൽ കൃഷിക്ക് ഭൂമി നൽകുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുന്നു. നഗരപ്രദേശങ്ങളിൽ വീട് നിർമിക്കുന്നതിന് ഭൂമി നൽകുമെന്നും വിഷ്ണു ദിയോ സായ് അറിയിച്ചു.
National
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകളെ വധിച്ചു. ബിജാപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.
ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 18 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. പരിക്കേറ്റ രണ്ട് ജവാന്മാർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ പക്കൽ നിന്ന് ഓട്ടോമാറ്റിക് റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
National
റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജവാൻമാർക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ സുരക്ഷാസേന 12 മാവോയിസ്റ്റുകളെയും വധിച്ചു.
ബിജാപൂരിനും ദന്തേവാഡയ്ക്കും ഇടിയിലുള്ള വനമേഖലയിലാണ് ഏറ്റുമുട്ടൽ. ഇപ്പോഴും ഏറ്റുമുട്ടിൽ തുടരുകയാണ്. ഇന്ന് രാവിലെ ഈ പ്രദേശത്ത് തെരച്ചിലിനിറങ്ങിയ സുരക്ഷാസേനയ്ക്കു നേരെ മാവോയിസ്റ്റുകൾക്ക് വെടിയുതിർക്കുകായിരുന്നു. പിന്നീട് ഇത് ഏറ്റുമുട്ടലിലേക്ക് നീങ്ങി.
ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീരമൃത്യുവരിച്ച ജവാൻമാരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
National
റായ്പുർ: ഉന്നത മാവോയിസ്റ്റ് കമാൻഡർ മദ്വി ഹിദ്മയും (51) ഭാര്യയും ഉൾപ്പെടെ ആറു മാവോയിസ്റ്റുകൾ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ആന്ധ്രപ്രദേശിലെ അല്ലുി സീതാരാമരാജു ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. സിപിഐ (മാവോയിസ്റ്റ് )അംഗങ്ങളായ 31 പേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. മരേഡുമില്ലിയിലെ വനമേഖലയിൽ ഇന്നലെ രാവിലെ ആറരയ്ക്കും ഏഴിനും ഇടയിലായിരുന്നു ഏറ്റുമുട്ടൽ.
തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവാണ് ഹിദ്മ. 1990കളിൽ മാവോയിസ്റ്റ് സംഘടനയിൽ അംഗമായ ഹിദ്മ നിരവധി ആക്രമണങ്ങളിൽ പങ്കാളിയാണ്. 2010ൽ ദന്തേവാഡയിൽ 76 സുരക്ഷാ സൈനികർ കൊല്ലപ്പെട്ട ആക്രമണം ആസൂത്രണം ചെയ്തത് ഹിദ്മയായിരുന്നു.
ഗറില്ലാ യുദ്ധമുറകളിൽ നൈപുണ്യമുള്ളയാണ് ഇയാൾ. വൻ സുരക്ഷാസന്നാഹത്തോടെയായിരുന്നു ഹിഡ്മ സഞ്ചരിച്ചിരുന്നത്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ പുവാർതി ഗ്രാമക്കാരനാണ് ഹിദ്മ. കഴിഞ്ഞ വർഷമാണ് മാവോയിസ്റ്റുകളുടെ സെൻട്രൽ കമ്മിറ്റി അംഗമായത്.
സുരക്ഷാസേന കസ്റ്റഡിയിലെടുത്ത 31 മാവോയിസ്റ്റുകളിൽ ഒന്പതു പേർ സെൻട്രൽ കമ്മിറ്റി അംഗം ദേവ്ജിയുടെ സുരക്ഷാ ഗാർഡുകളാണ്.
National
ഭുവനേശ്വർ: മാവോയിസ്റ്റ് ചമഞ്ഞ് ആൾമാറാട്ടം നടത്തി പിതാവിൽ നിന്നും 35 ലക്ഷംരൂപ തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ കലഹണ്ടി ജില്ലയിലെ നാർല പോലീസ് പരിധിയിലാണ് സംഭവം.
കോൺട്രാക്ടറായ ദിനേശ് അഗർവാളിന്റെ മകൻ അങ്കുഷ് അഗർവാൾ(24)ആണ് പിടിയിലായത്. പിതാവ് പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ഒരാഴ്ചയ്ക്കുള്ളിൽ അങ്കുഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ ആറിന് മാവോയിസ്റ്റിന്റേതെന്ന വ്യാജേന ഒരു ഭീഷണി കത്തെഴുതി അങ്കുഷ് പിതാവിന്റെ കാറിൽ ഉപേക്ഷിച്ചിരുന്നു. 35 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കുടുംബത്തിലെ എല്ലാവരെയും കൊല്ലുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
പിതാവിന്റെ ബിസിനസ് പങ്കാളിക്കും സമാനമായ കത്ത് അങ്കുഷ് അയച്ചു. കത്ത് ലഭിച്ചയുടൻ തന്നെ ഇവർ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ കത്ത് എഴുതിയത് അങ്കുഷ് ആണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മാവോയിസ്റ്റ് അംഗങ്ങളുടെ പേരുകൾ തെറ്റിച്ചാണ് എഴുതിയിരുന്നത്. അതുകൊണ്ട് തന്നെ സംഭവം വ്യാജമാണെന്ന് സംശയം തോന്നിയിരുന്നതായി ഭവാനിപട്ടണ പോലീസ് സൂപ്രണ്ട് നാഗരാജ് ദേവരകൊണ്ട പറഞ്ഞു. കത്തിന്റെ ഉള്ളടക്കത്തിനും പക്വതയില്ലെന്ന് തോന്നിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
National
റായ്പുർ: ചത്തീസ്ഗഡിലെ റായ്പുരിൽ തലയ്ക്ക് 13ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് ദമ്പതികൾ അറസ്റ്റിൽ. സാധാരണക്കാരെ പോലെ വാടക് വീട്ടിൽ താമസിച്ച് നിർമാണ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും.
ചങ്കോറഭട്ടയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ജഗ്ഗു കുർസം എന്ന രവി എന്ന രമേശ് (28), ഭാര്യ കമല കുർസം (27) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
റായ്പൂർ, ഭിലായ്, ദുർഗ് എന്നിവിടങ്ങളിൽ ഇവർ താമസിച്ചതായി പോലീസ് അറിയിച്ചു. ജഗ്ഗുവിന്റെ തലയ്ക്ക് എട്ട് ലക്ഷം രൂപയും കമലയ്ക്ക് അഞ്ച് ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് 10 ഗ്രാം സ്വർണ ബിസ്ക്കറ്റ്, 1.14 ലക്ഷം രൂപ, രണ്ട് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ, മറ്റ് കുറ്റകരമായ വസ്തുക്കൾ എന്നിവ പോലീസ് പിടിച്ചെടുത്തു.
ഇവരുടെ കോൾ റിക്കാർഡുകൾ ഫോറൻസിക് വിദഗ്ധർ പരിശോധിച്ചുവരികയാണ്. മുതിർന്ന മാവോയിസ്റ്റ് കമാൻഡർമാർക്കായി മരുന്നുകൾ, സാധനങ്ങൾ തുടങ്ങിയവ ഇരുവരും ക്രമീകരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
പതിനൊന്നാമത്തെ വയസിലാണ് ജഗ്ഗു മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഏകദേശം രണ്ട് പതിറ്റാണ്ടോളം അദ്ദേഹം ബീജാപ്പൂരിലെ കാടുകളിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. പിന്നീട് ഡിവിഷണൽ കമ്മിറ്റി അംഗമായി (ഡിവിസി) ഉയർന്നു.
2014 ലാണ് ഭാര്യ കമല മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നത്. പിന്നീട് ഏരിയ കമ്മിറ്റി അംഗമായി (എസിഎം). മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കിടെ പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു.
National
റാഞ്ചി: ജാർഖണ്ഡിലെ ചൈബാസയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. അമിത് ഹസ്ദ എന്ന ആപ്തൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു.
പശ്ചിമ സിംഗ്ഭും ജില്ലയിലെ ഗോയിൽകേര പോലീസ് സ്റ്റേഷന് കീഴിലുള്ള സാരന്ദ വനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഒരു എസ്എൽആർ റൈഫിൾ, സ്ഫോടകവസ്തുക്കൾ, മറ്റ് ആയുധങ്ങൾ എന്നിവ സ്ഥലത്ത് നിന്ന് കണ്ടെത്തി.
ഏറ്റുമുട്ടലിനെത്തുടർന്ന്, സുരക്ഷാ ഉദ്യോഗസ്ഥർ വനമേഖലയിലുടനീളം തിരച്ചിൽ നടത്തി. നിലവിൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.