പുല്പ്പള്ളി: മുള്ളന്കൊല്ലി, പുല്പ്പള്ളി പ്രദേശങ്ങളിലെ ജനങ്ങള്ക്ക് ഗുണമേന്മയുള്ളതും സുരക്ഷിതവുമായ മത്സ്യവും മാംസവും ന്യായമായ വിലയില് ലഭ്യമാക്കുന്നതിനായി പഞ്ചായത്തുകള് നേരിട്ട് മത്സ്യ-മാംസ മാര്ക്കറ്റുകള് ആരംഭിക്കണമെന്ന് ആം ആദ്മി പാര്ട്ടി പുല്പ്പള്ളി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവില് പുല്പ്പള്ളിയിലും മുള്ളന്കൊല്ലിയിലും സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങളിലാണ് മത്സ്യ-മാംസ മാര്ക്കറ്റുകള് പ്രവര്ത്തിക്കുന്നത്. എന്നാല് ഇവിടെ വില്ക്കുന്ന മത്സ്യത്തിന്റെയും മാംസത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പഴകിയ ഭക്ഷ്യവസ്തുക്കളുടെ വില്പന തടയുന്നതിനും ആവശ്യമായ പരിശോധനകള് കൃത്യമായി നടക്കുന്നില്ലെന്ന പരാതികള് വ്യാപകമാണ്.ജനങ്ങളുടെ ആരോഗ്യവും ഉപഭോക്തൃ അവകാശങ്ങളും സംരക്ഷിക്കുന്നതിനും പഞ്ചായത്തുകളും ആരോഗ്യവകുപ്പും കര്ശനമായ പരിശോധനകള് നടത്തണം.
അതോടൊപ്പം പോത്തിറച്ചി എന്ന പേരില് കാളയിറച്ചി വില്ക്കുന്നതായും ഉപഭോക്താക്കളില്നിന്ന് പോത്തിറച്ചിയുടെ വില ഈടാക്കുന്നതായും പരാതികളുണ്ട്. ഇത്തരം പരാതികള് പരിശോധിച്ച് വില്ക്കുന്ന മാംസത്തിന്റെ ഇനം ഉപഭോക്താക്കളെ വ്യക്തമായി അറിയിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ആവശ്യമായ നടപടികള് സ്വീകരിച്ചില്ലെങ്കില് പൊതുജനങ്ങളെ അണിനിരത്തി സമരപരിപാടികളുമായി ആം ആദ്മി പാര്ട്ടി മുന്നോട്ടുപോകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്കി.
ആം ആദ്മി പാര്ട്ടി ബത്തേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ലിയോ കൊല്ലവേലില് യോഗം ഉദ്ഘാടനം ചെയ്തു. മുള്ളന്കൊല്ലി കമ്മിറ്റി പ്രസിഡന്റ് ആന്റണി പൂത്തോട്ടാല്, പുല്പ്പള്ളി കമ്മിറ്റി പ്രസിഡന്റ് തോമസ് ഒറ്റക്കുന്നേല്, സിനി ആന്റണി, എ.എം. ചാക്കോ, ഉലഹന്നാന് മേമാട്ട്, വര്ഗീസ് കുരിശുവിളയില്, അജി കാഞ്ഞിരക്കാട്ട്, സിനോജ് കാനാട്ട്, ഷാജി വണ്ടന്നൂര്, ഷിനോജ് കണ്ണംപള്ളി, സാബു ഏബ്രഹാം, സിജു പൂത്തോട്ടാല്, കെ.ജി. ബെന്നി, തോമസ് വെച്ചുവീട്ടിക്കല്, മാത്യു തറയില്, ഷിബി വണ്ടന്നൂര് തുടങ്ങിയവര് പ്രസംഗിച്ചു.