കൊടുങ്ങല്ലൂർ: വൈദ്യുതി മണിക്കുറുകളോളം മുടങ്ങിയതിനെ തുടർന്ന് ഓക്സിജൻകിട്ടാതെ പുല്ലൂറ്റ് നാരായണമംഗലം തെക്കേക്കുന്ന് ചെമ്മീൻ ഫാമിലെ ചെമ്മീൻ കുഞ്ഞുങ്ങൾ ചത്തൊ ടുങ്ങി. കർഷകനായ പുല്ലൂറ്റ് വലിയവീട്ടിൽ പറമ്പിൽ ഹുസൈന് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.
കഴിഞ്ഞദിവസം രാത്രി പ്രദേശത്തെ വൈദ്യുതി ലൈൻ തകരാറിലായിരുന്നു.വൈകീട്ട് ഏഴുമണിയോടെ നിലച്ച വൈദ്യുതി പുലരുംവരെ പുനഃസ്ഥാപിച്ചില്ല. രാത്രി നിരവധിപ്രാവശ്യം കെഎസ്ഇബി പുത്തൻചിറ സെക്ഷൻ ഓഫീസിൽ വിളിച്ചെങ്കിലും തകരാർ പരിഹരിക്കാൻ ജീവനക്കാർ എത്തിയില്ല. ജനറേറ്റർ നിരന്തരം പ്രവർത്തിച്ചതോടെ അതും തകരാറിലായി.
ഇതോടെ ഫാമിലെ എയറേറ്ററുകൾ പൂർണമായും നിലച്ചു. കുളത്തിലെ ഓക്സിജന്റെ അളവ് കുത്തനെ കുറഞ്ഞതോടെ നാലുലക്ഷം വരുന്ന ചെമ്മീൻ കൂട്ടത്തോടെ ചത്തുപൊങ്ങുകയായിരുന്നു. വനാമി ഇനത്തിൽപ്പെട്ട ചെമ്മീൻ കൃഷിയാണ് ഹുസൈൻ ചെയ്തിരുന്നത്. ബാങ്ക് വായ്പയെടുത്താണ് കൃഷി ഇറക്കിയതെന്നും എല്ലാം തകർന്ന അവസ്ഥയിലാണെന്നും ഹുസൈൻ പറഞ്ഞു. പ്രദേശത്തെ മറ്റു രണ്ട് കർഷകരുടെയും ചെമ്മീനുകൾ ചത്തു ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. തുടർച്ചയായ വൈദ്യുതിമുടക്കം പ്രദേശത്തെ നിരവധി ചെമ്മീൻ കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
അഴീക്കോട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഇ.ബി. സുമിത, അക്വാകൾച്ചർ പ്രൊമോട്ടർ കെ.യു. ശ്രുതി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
മത്സ്യ- ചെമ്മീൻ കൃഷി മേഖലയിലെ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നഷ്ടപരിഹാരം നൽകണമെന്നും ഈ മേഖലയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും മത്സ്യകൃഷി മേഖലയെ വൈദ്യുതി മുടക്കത്തിൽനിന്ന് ഒഴിവാക്കണമെന്നും അക്വാഫാർമേഴ്സ് ഫെഡറേഷൻ(കാഫ്) തൃശൂർ ജില്ലാ പ്രസിഡന്റ് എം.കെ. സാനു ബാബു, ജില്ലാ ജനറൽ സെക്രട്ടറി ടി.എ. നൗഷാദ് എന്നിവർ ആവശ്യപ്പെട്ടു.