കുമാമോട്ടോ: അവസാന ഗെയിം വരെ ആവേശം തുടർന്ന പോരിൽ വിജയം സ്വന്തമാക്കി കലാശപോരിലെത്തിരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യ സെൻ. ജപ്പാൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ഫൈനലിലേയ്ക്കാണ് ലക്ഷ്യ കടന്നത്.
ഇന്ന് നടന്ന ആവേശകരമായ സെമിഫൈനലിൽ ഇന്തോനേഷ്യയുടെ അൽവി ഫർഹാനെയാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. ലോക റാങ്കിംഗിൽ പത്താമതുള്ള ഹാർഹാനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ലക്ഷ്യ കീഴടക്കിയത്. സ്കോർ: 21-12, 15-21, 21-11.
സെമിയിലെ ആദ്യ ഗെയിം അനായാസമായി സ്വന്തമാക്കിയ ലക്ഷ്യയ്ക്ക് രണ്ടാം ഗെയിമിൽ തിരിച്ചടി നേരിട്ടു. ഫർഹാൻ തിരിച്ചുവരുകയായിരുന്നു മത്സരത്തിലേയ്ക്ക്. മികച്ച സ്മാഷുകളും ഷോട്ടുകളുമായി ഹർഹാൻ മികച്ച് നിന്നപ്പോൾ രണ്ടാം ഗെയിം ലക്ഷ്യയ്ക്ക് നഷ്ടമായി.
എന്നാൽ നിർണായകമായ മൂന്നാം ഗെയിമിൽ ഫർഹാനെ ലക്ഷ്യ മുട്ടുക്കുത്തിച്ചു. ഫർഹാന് വെറും 11 പോയിന്റ് മാത്രം വിട്ട് കൊടുത്ത് 21 പോയിന്റ് നേടി ലക്ഷ്യ മത്സരം സ്വന്തമാക്കുകയായിരുന്നു.
ഫർഹാനെതിരെയുള്ള ലക്ഷ്യയുടെ ആദ്യ വിജയമായിരുന്നു ഇന്നത്തേത്. മുമ്പ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഫർഹാനായിരുന്നു. ഹൈലോ ഓപ്പൺ ടൈറ്റിൽ വിജയിയായ ലക്ഷ്യയ്ക്ക് മുന്നിൽ ഇനി കലാശപ്പോര് എന്ന കടമ്പ മാത്രമാണ് ബാക്കിയുള്ളത്.
ജപ്പാന്റെ കോകി വട്ടനാബെയാണ് ഫൈനലിൽ ലക്ഷ്യയുടെ എതിരാളി. എളുപ്പമായിരിക്കില്ല ലക്ഷ്യയ്ക്ക് ഫൈനൽ പോര്. മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമെ തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യയ്ക്ക് സ്വന്തമാക്കാനാകു. ഞായറാഴ്ചയാണ് ഫൈനൽ. ലക്ഷ്യയ്ക്ക് ലക്ഷ്യം തെറ്റുമോ?..അതോ കിരീടം നേടുമോ?... കാത്തിരുന്ന് കാണാം.