District News
കോഴിക്കോട്: കല്ലുത്താൻ കടവ് പച്ചക്കറി മാർക്കറ്റുമായി ബന്ധപ്പെട്ട് വ്യാപാരികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കാലിക്കട്ട് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഭാരവാഹികൾ മേയർ ഒ. സദാശിവനെ സന്ദർശിച്ചു. മാർക്കറ്റുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും നഗരസഭയ്ക്കും സ്വീകാര്യമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുമെന്ന് മേയർ വ്യക്തമാക്കി.
നിലവിൽ കല്ലുത്താൻ കടവ് പച്ചക്കറി മാർക്കറ്റുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്ത സംഘം വ്യാപാരികളുടെ ആശങ്കകളും പ്രയാസങ്ങളും മേയറുടെ ശ്രദ്ധയിൽപ്പെടുത്തി. മാർക്കറ്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രായോഗികമായ പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും സംഘം ചൂണ്ടിക്കാട്ടി.
വ്യാപാര സമൂഹത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം നഗരത്തിന്റെ വികസനവും പൊതുജനങ്ങളുടെ സൗകര്യവും പരിഗണിച്ചായിരിക്കും തീരുമാനങ്ങൾ കൈക്കൊള്ളുകയെന്ന് മേയർ പറഞ്ഞു.
നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ കല്ലുത്താൻ കടവ് പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും വ്യാപാരികൾക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മേയർ ഉറപ്പുനൽകിയതായി ചേംബർ ഭാരവാഹികൾ അറിയിച്ചു. കാലിക്കട്ട് ചേംബർ പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, സെക്രട്ടറി ബോബിഷ് കുന്നത്ത്, സി. ഇ. ചാക്കുണ്ണി, അർഷാദ് ആദി രാജ, ടി.പി.എം. ഹാഷിറലി, ജോഹർ ടാംടൺ, ഷെറിൻ താരിഖ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
District News
തൃശൂർ: കൂർക്കഞ്ചേരി–കുറുപ്പം റോഡിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അശാസ്ത്രീയമാണെന്നാരോപിച്ച് വ്യാപാരികൾ രംഗത്ത്. വെള്ളക്കെട്ട് ഒഴിവാക്കാൻ കാന നിർമാണം പ്രഖ്യാപിച്ചെങ്കിലും നിലവിൽ നടക്കുന്നത് ഫുട്പാത്ത് നിർമാണം മാത്രമാണെന്നാണ് കോർപറേഷൻ എൻജിനീയറിംഗ് വിഭാഗത്തിന്റെയും കരാറുകാരന്റെയും വിശദീകരണം.
മുൻ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് റോഡ് കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും കാനയും ഫുട്പാത്തും നിർമിക്കാത്തതിനാൽ മഴക്കാലത്ത് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടും നാശനഷ്ടങ്ങളും പതിവായിരുന്നു. യുഡിഎഫ് ഭരണസമിതി വന്നതോടുകൂടിയാണ് ഈ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലായത്.
റോഡിന്റെ ഇരുവശങ്ങളിലും ആധുനിക രീതിയിൽ കാന നിർമിച്ച് മഴവെള്ളം സുഗമമായി ഒഴുക്കുകയും വ്യാപാരികൾക്കും യാത്രക്കാർക്കും നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ നിർമാണം പുരോഗമിക്കുമ്പോൾ കാനയല്ല, ഫുട്പാത്ത് മാത്രമാണ് നിർമിക്കുന്നതെന്ന വിശദീകരണം വ്യാപാരികളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
സ്ഥലം സന്ദർശിച്ച മേയറോട് വ്യാപാരികൾ പരാതികൾ ഉന്നയിച്ചു. ചില ഭാഗങ്ങളിൽ സ്ലാബുകൾക്ക് ബലക്ഷയം ഉണ്ടായിട്ടും അവയുടെ മുകളിൽ കോൺക്രീറ്റ് ചെയ്യുന്നതായും അവർ പറഞ്ഞു. നിർമാണത്തിന്റെ മെല്ലെപ്പോക്കു മൂലം കടകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയിലായി. റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാൻ സാധിക്കാത്തതും വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചെന്നും വ്യാപാരികൾ പറഞ്ഞു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും വ്യാപാരികളുമായി ഉടൻ യോഗം ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കുമെന്നും മേയർ ഉറപ്പുനൽകി.
വെള്ളത്തിന്റെ ഒഴുക്കിനെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയായി, സ്വരാജ് റൗണ്ടിൽനിന്ന് ചെട്ടിയങ്ങാടിവരെ ആവശ്യമായ ചെരിവുണ്ടെന്നും പ്രധാന തടസം ചെട്ടിയങ്ങാടി ജംഗ്ഷനിലാണെന്നും എൻജിനിയറിംഗ് വിഭാഗവും കരാറുകാരനും വ്യക്തമാക്കി. അവിടെ ആറുമീറ്റർ ഇടവിട്ട് ഗ്രില്ലുകളും മറ്റ് ഭാഗങ്ങളിൽ 15 മീറ്റർ ഇടവിട്ട് ഗ്രില്ലുകളും സ്ഥാപിക്കുമെന്നും, ആവശ്യമായാൽ പവർ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താൽ തടസങ്ങൾ ഒഴിവാക്കാൻ ആകുമെന്നും അവർ അറിയിച്ചു.
അതേസമയം, നിർമാണം വൈകിയാലും ശാസ്ത്രീയമായ രീതിയിൽ പൂർത്തിയാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നിർമാണത്തിലെ പോരായ്മകൾ വിലയിരുത്തുന്നതിനായി കോർപറേഷൻ പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരണും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
District News
തൃശൂർ: നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ്, മേജർ-മൈനർ ഇറിഗേഷൻ, കെഎൽഡിസി തുടങ്ങി എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു.
മഴക്കാലപൂർവ ശുചീകരണത്തിനായി ഫെബ്രുവരി 19-ന് തന്നെ 2.30 കോടി രൂപ അനുവദിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും, പ്രധാന തോടുകളുടെ ശുചീകരണം ഉൾപ്പെടെ 231 പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കിയെന്നും മേയർ പറഞ്ഞു. എന്നാൽ വിവിധ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള തോടുകളും കനാലുകളും ഒരുമിച്ച് ശുചീകരിക്കാതെ വെള്ളക്കെട്ടിന് സ്ഥിരപരിഹാരം സാധ്യമാകില്ലെന്നും അവർ വ്യക്തമാക്കി.
അശാസ്ത്രീയമായി നിർമിച്ച കാനകളെക്കുറിച്ചുള്ള വിമർശനങ്ങളോട് പ്രതികരിച്ച മേയർ, അവ താൻ വന്നതിന് ശേഷം നിർമിച്ചതല്ലെന്നും മുൻകാലങ്ങളിൽ നിർമിച്ചതാണെന്നും പറഞ്ഞു.
വലിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനേക്കാൾ നഗരത്തിലെ ഡ്രെയിനേജ് സംവിധാനത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച് ശാസ്ത്രീയ മാപ്പിംഗ് നടത്തുകയും പോരായ്മകൾ പരിഹരിക്കുകയുമാണ് വേണ്ടത്. പൊതുമേഖല-സ്വകാര്യ പങ്കാളിത്തത്തോടെ ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തിയാൽ വെള്ളക്കെട്ടിന് ഒരു പരിധിവരെ പരിഹാരം കാണാനാകും.
മഴക്കാലം മുന്നിൽക്കണ്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം, റാപ്പിഡ് റെസ്പോൺസ് ടീമുകൾ, ഹെൽപ്ലൈൻ സംവിധാനം എന്നിവയും കോർപറേഷൻ സജ്ജമാക്കിയിട്ടുണ്ടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അവർ കൂട്ടിച്ചേർത്തു
International
ന്യൂയോർക്ക്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽനിന്നു പിന്മാറി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. അറസ്റ്റ് ചെയ്യാനുള്ള അധികാരം തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഗാസ യുദ്ധക്കുറ്റങ്ങളുടെ പേരിൽ നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കാൻ അമേരിക്കൻ നിയമവൃത്തങ്ങൾ തയാറാകണമെന്നു മംദാനി ആവശ്യപ്പെട്ടു.
യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാനായി ന്യൂയോർക്കിലെത്തുന്ന നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച് ഉപദേശം തേടുന്നതായി മംദാനി നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, നെതന്യാഹുവിനെ ആരും അറസ്റ്റ് ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
Kerala
കൊച്ചി: ലണ്ടന്, ന്യൂയോര്ക്ക് മാതൃകയില് മേയറെ ജനങ്ങള് നേരിട്ടു തെരഞ്ഞെടുക്കുന്ന സംവിധാനത്തിലേക്ക് സംസ്ഥാനത്തെ വന്നഗരങ്ങള് മാറണമെന്ന് നിതി ആയോഗിന്റെ ശിപാര്ശ.
2030ഓടെ പത്തു ലക്ഷത്തിനുമേല് ജനസംഖ്യയുള്ള നഗരങ്ങളിലാണു മാറ്റം ലക്ഷ്യമിടുന്നത്.
അങ്ങനെവന്നാല് കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള് അടുത്ത അഞ്ചു വര്ഷത്തിനുള്ളില് പുതിയ തെരഞ്ഞെടുപ്പുരീതിയിലേക്കു മാറും.
ചീഫ് എക്സിക്യൂട്ടീവ് എന്ന നിലയിലാകും മേയറുടെ പദവി അറിയപ്പെടുക. ഇതനുസരിച്ച് മുനിസിപ്പല് നിയമം ഭേദഗതി ചെയ്യാനും റിപ്പോര്ട്ടില് നിര്ദേശമുണ്ട്. സ്റ്റാന്ഡിംഗ് കമ്മിറ്റികള്ക്കു പകരം മേയര് ഇന് കൗണ്സില് വരും. ഓരോ വകുപ്പിന്റെയും ഭരണച്ചുമതല ഒരു കൗണ്സിലിനു നല്കും.
ജനങ്ങള് നേരിട്ടു തെരഞ്ഞെടുക്കുന്ന മേയര്ക്ക് കൂടുതല് ഉത്തരവാദിത്വത്തോടെയും കാര്യക്ഷമതയോടെയും ഭരണം നടത്താന് കഴിയുമെന്നാണ് നിതി ആയോഗിന്റെ വിലയിരുത്തല്.
നിലവില് കൗണ്സിലര്മാരുടെ ഭൂരിപക്ഷവോട്ടിലാണ് മേയറെ തെരഞ്ഞെടുക്കുന്നത്. കൂടുതല് കൗണ്സിലര്മാരുള്ള രാഷ്ട്രീയ പാര്ട്ടിയാകും ഭരണം നടത്തുക.
Kerala
തിരുവനന്തപുരം: അവിശ്വാസ പ്രമേയ നീക്കത്തെ പരിഹസിച്ച് രംഗത്തെത്തിയ മേയർ വി.വി.രാജേഷിന് ചുട്ട മറുപടിയുമായി കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥൻ. കോർപറേഷൻ ഭരണത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചാണ് ഫേയ്സ്ബുക്കിലൂടെ ശബരീനാഥൻ രംഗത്തെത്തിയത്.
ആന്തൂറിയം പൂവിന്റെയും അവലോസ് ഉണ്ടയുടെയും ഒരു ക്രിഞ്ച് കോമഡി മേയർ പങ്കുവെക്കുന്നത് കേട്ടു. അത് നല്ല ഒന്നാന്തരം ബോറായിട്ടുണ്ടെന്നും ശബരീനാഥൻ കുറിച്ചു. ഭരണത്തിലേറിയാൽ 45 ദിവസത്തിനകം മാസ്റ്റർപ്ലാൻ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത് എന്തായി.
കേന്ദ്ര ബജറ്റിൽ തിരുവനന്തപുരത്തിന് വമ്പിച്ച വികസനപദ്ധതികൾ പ്രഖ്യാപിക്കുമെന്ന് ഉറപ്പുനൽകിയത് എവിടെ. ഫുട്ബോൾ വേൾഡ് കപ്പ് സമയമല്ലേ അതുകൊണ്ട് ഓർത്തെടുത്തതാണ്, നിങ്ങൾ ഉറപ്പുനൽകിയ ഒളിമ്പിക്സ് വേദി എന്തായി? എന്നും ശബരി ഫേയ്സ്ബുക്കിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: കോർപറേഷൻ ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിൽ പ്രതികരണവുമായി മേയർ വി.വി.രാജേഷ്. പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ നേരിടാൻ ഭരണപക്ഷം സജ്ജമാണ്.
കോർപറേഷനിൽ അഞ്ചു വർഷത്തേക്ക് ബിജെപിയെ ഒന്നും ചെയ്യാൻ കഴിയില്ല. 29ന് കൗൺസിൽ യോഗം ചേരുമെന്നും മേയർ പറഞ്ഞു. കോർപറേഷനിൽ എൽഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘർഷത്തിൽ പരിക്കേറ്റ തന്റെ കാലിന് പൊട്ടലില്ലെന്നും എന്നാൽ ഡിസ്ലോക്കേഷൻ ഉണ്ടെന്നും മേയർ വ്യക്തമാക്കി. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിലായിരുന്ന ഡെപ്യൂട്ടി മേയർ ഡിസ്ചാർജായി. ജനാധിപത്യപരമായ സമരങ്ങൾ നടക്കട്ടെയെന്നും എന്നാൽ സംഘർഷവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൗൺസിലർ സുഗതന്റെ ജാമ്യത്തിനായി ഉടൻ കോടതിയെ സമീപിക്കും. സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ നിർമാണത്തിലും ഫോറൻസിക് പരിശോധന വേണമെന്ന് സർക്കാരിനോട് കോർപറേഷൻ ആവശ്യപ്പെടും. ചീഫ് സെക്രട്ടറിയോട് ഇക്കാര്യം ആവശ്യപ്പെടും. ഫോറൻസിക് ഓഡിറ്റിംഗ് ആവശ്യപ്പെടുമെന്നും മേയർ പറഞ്ഞു.
Movies
നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട തർക്കം വന്നതിനെത്തുടർന്ന് ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ എം.ആർ.പല്ലവിയുടെ പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ഈ വിഷയത്തിൽ പല്ലവിക്ക് പിന്തുണയുമായി വിജയ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
പ്രോട്ടോക്കോൾ തർക്കത്തെ തുടർന്നാണ് ചെന്നൈയിലെ പുളിയന്തോപ്പിൽ കോർപ്പറേഷന്റെ ക്ലാസ്റൂം കെട്ടിട ഉദ്ഘാടന ചടങ്ങിൽ നിന്ന് പല്ലവി ഇറങ്ങിപ്പോയത്.
ഡിഎംകെ മേയർ പ്രിയയുമായുള്ള പ്രോട്ടോക്കോൾ തർക്കത്തെത്തുടർന്ന് തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ എം.ആർ.പല്ലവി ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് എംഎൽഎയുടെ ഇറങ്ങിപ്പോക്കിൽ കലാശിച്ചത്. ഏതാനും മാസങ്ങൾക്ക് മുൻപ് അമ്മയായ പല്ലവി, കൈകുഞ്ഞുമായാണ് പരിപാടിക്ക് എത്തിയത്.
അമ്മയായ പല്ലവിയെ ഡിഎംകെ മേയർ അപമാനിച്ചുവെന്നും ഇതു ശരിയായ നടപടിയല്ലെന്നും വ്യക്തമാക്കി വിജയ് ആരാധകർ രംഗത്തെത്തി.
ടിവികെയുടെ എംഎൽഎയാണ് പല്ലവി. ചടങ്ങിൽ നിലവിളക്ക് കൊളുത്തുന്നതിൽ ആദ്യം ആർക്കാണ് അവകാശമെന്നതിനെച്ചൊല്ലിയായിരുന്നു തർക്കം. മേയർ കഴിഞ്ഞാൽ ഐഎഎസ് ഉദ്യോഗസ്ഥരാണ് വിളക്ക് കൊളുത്തേണ്ടതെന്ന് മേയർ പ്രിയ വാദിച്ചു.
എന്നാൽ, ജനപ്രതിനിധി എന്ന നിലയിൽ തനിക്കാണ് ആദ്യം അവസരം നൽകേണ്ടതെന്ന് ടിവികെ എംഎൽഎ ആവശ്യപ്പെട്ടു. ഉദ്ഘാടനത്തിനായി നാട മുറിക്കാൻ എംഎൽഎ കത്രിക എടുക്കുന്നതിനു മുൻപുതന്നെ മേയർ മറ്റൊരു കത്രിക എടുത്ത് നാട മുറിച്ചതായും ഡിഎംകെ കൗൺസിലറെ മുൻപോട്ട് നിർത്തി തന്നെ വീണ്ടും ഒഴിവാക്കാൻ ശ്രമിച്ചതായും പല്ലവി ആരോപിച്ചു.
തുടർന്ന് നിലവിളക്ക് കൊളുത്തുന്ന ചടങ്ങിൽ എംഎൽഎ മെഴുകുതിരി ലഭിക്കാനായി കൈനീട്ടി നിൽക്കുമ്പോൾ മേയർ അത് അവർക്ക് നൽകാതെ മുന്നോട്ട് പോവുകയായിരുന്നു. എംഎൽഎ മെഴുകുതിരി ലഭിക്കാതെ നിൽക്കുന്നതിന്റെയും തുടർന്ന് പ്രതിഷേധവുമായി ചടങ്ങ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
International
ലണ്ടന്: യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ഇന്ത്യന് വംശജനായ തുഷാര് കുമാര്.
എല്സ്ട്രി ആന്ഡ് ബോറെഹാംവുഡ് നഗരത്തിന്റെ പുതിയ മേയറായി ചുമതലയേറ്റതോടെ ബ്രിട്ടന്റെ ചരിത്രത്തില് മേയര്പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന് വംശജനെന്ന ബഹുമതിയാണ് ഈ ഇരുപത്തിമൂന്നുകാരന് സ്വന്തമാക്കിയത്.
ലണ്ടനിലെ കിംഗ്സ് കോളേജില്നിന്ന് പൊളിറ്റിക്കല് സയന്സില് ബിരുദം നേടിയ തുഷാര്, ഈ പദവിയിലേക്ക് എത്തുന്നതിനു മുന്പ് ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ഈ പദവി ലഭിച്ചത് വലിയൊരു ബഹുമതിയാണെന്നും തന്റെ യാത്രയില് പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും തുഷാര് കുമാര് പ്രതികരിച്ചു.
കഴിഞ്ഞ ഒരു വര്ഷമായി നഗരത്തെ നയിച്ച മുന് മേയര് ഡാന് ഒസാരോവിനോട് തനിക്ക് നല്കിയ മാര്ഗനിര്ദ്ദേശങ്ങള്ക്ക് അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു.
NRI
ലോസ് ആഞ്ചലസ്: മേയർ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന കാരൻ ബാസിനെ പിന്തുണച്ച് അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ജൂൺ രണ്ടിന് നടക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചത്.
കാരൻ ബാസിന്റെ ഭരണകാലത്ത് നഗരത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 1960കൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലെത്തിയെന്നും ഭവനരഹിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നും കമല ഹാരിസ് പ്രശംസിച്ചു.
സുരക്ഷിതമായ ലോസ് ആഞ്ചലസ് കെട്ടിപ്പടുക്കാൻ ബാസിന്റെ നേതൃത്വം അനിവാര്യമാണെന്ന് കമല ഹാരിസ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ജീവിതച്ചെലവ് കുറയ്ക്കുക, നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, പൊതുസുരക്ഷ ഉറപ്പാക്കുക എന്നിവയിലാണ് തന്റെ രണ്ടാം ഊഴത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബാസ് വ്യക്തമാക്കി.
കമല ഹാരിസിന് പുറമെ മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി, സെനറ്റർ ആദം ഷിഫ് എന്നിവരും ബാസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രമുഖരായ നിരവധി നേതാക്കളുടെ പിന്തുണ ബാസിനുണ്ടെങ്കിലും ഫണ്ട് സമാഹരണത്തിൽ റിയാലിറ്റി ഷോ താരം സ്പെൻസർ പ്രാറ്റ്, കൗൺസിൽ വുമൺ നിത്യ രാമൻ എന്നിവരാണ് നിലവിൽ മുന്നിൽ നിൽക്കുന്നത്.
NRI
ന്യൂയോർക്ക്: നഗരത്തിൽ ബസ് യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഈ വർഷം നടപ്പിലാക്കില്ലെന്ന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി അറിയിച്ചു.
ബസ് യാത്രാ സൗജന്യമാക്കാൻ തന്റെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെങ്കിലും 2026-ൽ ഇത് പൂർണമായി നടപ്പിലാക്കാൻ കഴിയില്ലെന്ന് മേയർ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതികൾക്കായി ചർച്ചകൾ തുടരുകയാണ്.
നഗരത്തിലെ വംശീയ അസമത്വങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ഉടൻ പുറത്തുവിടും. നിലവിലെ കണക്കുകൾ പ്രകാരം വിവിധ വിഭാഗങ്ങൾക്കിടയിൽ വലിയ സാമ്പത്തിക - സാമൂഹിക വ്യത്യാസങ്ങൾ നഗരത്തിൽ നിലനിൽക്കുന്നുണ്ട്.
കൗൺസിൽ സ്പീക്കർ ജൂലി മെനിനെതിരേയുള്ള വ്യക്തിപരമായ ആക്രമണങ്ങളെ മേയർ തള്ളിപ്പറഞ്ഞു. വിമർശനങ്ങൾ വ്യക്തിപരമാകാതെ നയങ്ങളിൽ അധിഷ്ഠിതമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാനുമായുള്ള യുദ്ധത്തോടുള്ള തന്റെ ശക്തമായ എതിർപ്പും അദ്ദേഹം പ്രകടിപ്പിച്ചു. ഒരു നാഗരികതയെ മുഴുവൻ ഇല്ലാതാക്കുമെന്ന ഭീഷണികൾ ധാർമികമായി തെറ്റാണെന്നും അത് ലോകമെമ്പാടും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മംദാനി പറഞ്ഞു.
അടുത്ത വർഷത്തെ ബജറ്റിൽ പദ്ധതി ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി നഗരത്തിന്റെ മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തമിഴ് വംശജ റിനി സമ്പത്തും. ഈ നേട്ടം കൈവരിക്കുന്ന ആദ്യ തെക്കനേഷ്യൻ വ്യക്തി എന്ന നേട്ടംകൂടി തേനി സ്വദേശിയായ മുപ്പത്തിയൊന്നുകാരി സ്വന്തമാക്കി.
ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാനാണ് റിനിയുടെ നീക്കം. ജൂണിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ (ഉൾപാർട്ടി തെരഞ്ഞെടുപ്പ്) ജയിച്ചാൽ സ്ഥാനാർഥിത്വം ഉറപ്പാകും. വാഷിംഗ്ടൺ ഡിസി നഗരത്തിലെ 75 ശമതാനം വോട്ടർമാരും ഡെമോക്രാറ്റിക് പാർട്ടിക്കാരാണ്; പാർട്ടി സ്ഥാനാർഥി മേയറാകുമെന്നുറപ്പാണ്.
മേയറായിക്കഴിഞ്ഞാൽ നഗരവാസികളുടെ അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കുമെന്നാണ് റിനിയുടെ വാഗ്ദാനം. വിലവർധന തടയുക, റോഡുകളിലെ കുഴി അടയ്ക്കുക, പോട്ടൊമാക് നദീജലം പാഴാക്കുന്നത് തടയുക, രോഗീപരിചണം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുമെന്ന് അവർ പറഞ്ഞു.
റിനി ഏഴാം വയസിലാണ് കുടുംബത്തിനൊപ്പം അമേരിക്കയിലേക്കു കുടിയേറിയത്. പൗരാവകാശം, യുവജന ശക്തീകരണം തുടങ്ങിയവയുടെ വക്താവാണ്.
National
ന്യൂഡൽഹി: ബുധനാഴ്ച ഡൽഹി മേയർ രാജാ ഇഖ്ബാൽ സിംഗിന്റെ ഓഫീസിലേക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പോലീസ് പറഞ്ഞു.
"ഖലിസ്ഥാൻ നാഷണൽ ആർമി" എന്ന് ഗ്രൂപ്പിന്റെ പേരിലാണ് ഇ-മെയിൽ വന്നിരിക്കുന്നത്. സന്ദേശം ലഭിച്ച ഉടൻ തന്നെ സുരക്ഷാ ഏജൻസികളെ വിവരം അറിയിച്ചിരുന്നു. തുടർന്ന് മേയറുടെ ഓഫീസിന് ചുറ്റും സുരക്ഷ ശക്തമാക്കുകയും വിശദമായ പരിശോധനകൾ നടത്തിവരികയുമാണെന്ന് പോലീസ് പറഞ്ഞു.
പ്രാഥമിക വിവരം അനുസരിച്ച്, മേയറുടെ ഔദ്യോഗിക ഇ-മെയിൽ ഐഡിയിലേയ്ക്കാണ് സന്ദേശം അയച്ചത്. ഉച്ചയ്ക്ക് 2.11 ഓടെ ഓഫീസ് കെട്ടിടം സ്ഫോടനത്തിൽ തകർക്കുമെന്നായിരുന്നു സന്ദേശം.
സൈബർ വിഭാഗം ഇ-മെയിലിന്റെ ഉറവിടം പരിശോധിച്ചുവരികയാണെന്നും അയച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
NRI
തിരുവനന്തപുരം: മേയർ വി.വി. രാജേഷുമായി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച മുഖാമുഖം പരിപാടി പ്രവാസികളുടെ ശ്രദ്ധ പിടിച്ചുപറ്റി. തിരുവനന്തപുരം നഗരത്തിന്റെ വികസന പദ്ധതികളും നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും ഈ സംവാദത്തിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു.
കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ നയിച്ച ഈ ചർച്ചയിൽ തിരുവനന്തപുരവും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ശ്രോതാക്കൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി സിനു നായർ അതിഥിയെയും പങ്കാളികളെയും സ്വാഗതം ചെയ്തു.
ഇടുങ്ങിയ റോഡുകൾ, മാലിന്യ നിർമാർജനം, കാലവർഷ കെടുതികൾ, തെരുവുനായ പ്രശ്നം, കുടിവെള്ള ദൗർലഭ്യം തുടങ്ങിയ നഗരപ്രശ്നങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. ശ്രോതാക്കളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മേയർ മറുപടി നൽകി.
വിഴിഞ്ഞം തുറമുഖം, ഐഎസ്ആർഒ സ്പേസ് സെന്റർ, ശ്രീചിത്ര മെഡിക്കൽ സെന്റർ എന്നിവ ഉൾപ്പെടുന്ന തിരുവനന്തപുരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സൗന്ദര്യവത്കരണത്തിനുമായി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തിനപ്പുറം പ്രത്യേക കേന്ദ്ര നഗര വികസന പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ ഒരു മേയർ അമേരിക്കയിലെ വിവിധ സർക്കാർ ഏജൻസികളുടെ ഭാഗമായി ജോലിചെയ്യുന്ന പ്രവാസികളായ പ്രഫഷണലുകളിൽ നിന്നും അനൗപചാരികമായി ഉപദേശം തേടുന്ന ആദ്യത്തെ ഒരു കൂടിക്കാഴ്ചയെന്ന പ്രത്യേകതയും ഈ മുഖാമുഖത്തിനുണ്ടായിരുന്നു.
ട്രസ്റ്റി ബോർഡിന്റെ ചെയർപേഴ്സൺ വനജ നായർ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, അപ്പുകുട്ടൻ നായർ, ടി.എൻ. നായർ, സുരേന്ദ്രൻ നായർ, ഡോ. രഞ്ജിനി പിള്ള, സനൽ ഗോപി, നന്ദകുമാർ ചക്കിങ്കൽ, അനഘ വാര്യർ, മധു നമ്പ്യാർ, രതീഷ് നായർ, ശ്രീജിത്ത് ശ്രീനിവാസൻ, ശ്രീകുമാർ, നാരായണൻ കുട്ടി, ഗിരീഷ് പോറ്റി, ശ്രീകുമാർ ചെല്ലപ്പൻ തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.
ട്രഷറർ അശോക് മേനോന്റെ നന്ദി പ്രകടനത്തോടെ പരിപാടികൾ സമാപിച്ചു.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് മരിച്ച നാലുപേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റയാൾക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ അത്തോളി സ്വദേശികളായ കൊളക്കാട് കൊടുവമ്പത്ത് താഴെകുനി അഷ്റഫ് (56), കൊങ്ങന്നൂർ കുനിയിൽ കടവ് മല്ലിശ്ശേരി താഴെ നുജൂം വീട്ടിൽ ബഷീർ (65), കിണാശേരി കുളംകുഴിനിലം ബൈത്തുൽ ഹുദയിൽ ജബ്ബാർ (60), തിരുവങ്ങൂർ സ്വദേശി വിനോദ് (55) എന്നിവരാണ് മരിച്ചത്.
അതേസമയം, പൊളിച്ചുപണിയാൻ തീരുമാനിച്ച കെട്ടിടമാണ് തകർന്നതെന്നും എന്നാൽ ലൈസൻസുള്ളവരെ ഇറക്കിവിട്ടിരുന്നില്ലെന്നും മേയർ പറഞ്ഞു.
അപകടമുണ്ടായ കെട്ടിടം അൺഫിറ്റ് പട്ടികയിൽ ഇല്ല. റിപ്പോർട്ട് കിട്ടിയ ഉടൻ ആളുകളെ ഇറക്കിവിടാൻ കഴിയില്ല. കോർപറേഷനിൽ 16 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് 2022ൽ കണ്ടെത്തിയിരുന്നവെന്നും മേയർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. താഴെനിലയിലെ ഗോഡൗണിൽ നിന്ന് സാധനങ്ങൾ മാറ്റാനെത്തിയ തൊഴിലാളികളും ഏജന്റുമാണ് മരിച്ചത്. താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾ, തകർന്നുവീണ സൺഷേഡ് സ്ലാബുകൾക്ക് അടിയിൽപെടുകയായിരുന്നു.
നാല് ഇരുചക്രവാഹനങ്ങളും തകർന്നു. പരിക്കേറ്റവരെ ഉടൻ സമീപത്തെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
കോഴിക്കോട്: കോർപ്പറേഷനിൽ ബിജെപി പ്രതിഷേധം തുടരുന്നു. മേയറുടെ ചേംബറിനുള്ളിൽ കയറി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ബിജെപി കൗൺസിലർമാരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. ഇവിടേക്ക് പ്രവേശിച്ച പ്രവർത്തകരെ വലിച്ചിഴച്ചും പോലീസ് മാറ്റുന്നുണ്ട്.
ബിജെപി കൗൺസിലർമാർ കരിങ്കൊടി കാട്ടിയാണ് പ്രതിഷേധിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് മേയറുമായി ചർച്ച നടത്തണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ അധ്യക്ഷൻ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
National
മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടി-നിസാംപുർ കോർപറേഷനിൽ കോൺഗ്രസ് പിന്തുണയോടെ ബിജെപി വിമതൻ മേയറായി. നാരായൺ ചൗധരിയാണു മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
ചൗധരിക്ക് 48 വോട്ട് കിട്ടി. ശിവസേനയിലെ (ഷിൻഡെ) വിലാസ് പാട്ടീൽ 25 ബിജെപിയിലെ സ്നേഹ പാട്ടീൽ 16 വോട്ടും ലഭിച്ചു. 90 അംഗ നഗരസഭയിൽ 30 അംഗങ്ങളുള്ള കോൺഗ്രസാണ് വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 22 കൗൺസിലർമാരുണ്ട്.
ഇവരിൽ ആറു പേരാണ് പ്രത്യേക ബ്ലോക്ക് രൂപവത്കരിച്ചത്. ശിവസേന (ഷിൻഡെ), എൻസിപി (എസ്പി) പാർട്ടികൾക്ക് 12 വീതം കൗൺസിലർമാരുണ്ട്. വിമത കൗൺസിലർമാർക്കെതിരേ കർശന നടപടിയെടുക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദ്ര ചവാൻ മുന്നറിയിപ്പ് നൽകി.
Kerala
ന്യൂഡൽഹി: ഡൽഹി പ്രവാസ് എല്ലാവർക്കും വലിയ ഗുണമാകും എന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന് വേണ്ടത് ആവശ്യപ്പെടുമെന്നും രാജേഷ് അറിയിച്ചു.
കൗൺസിലർമാർ ഒന്നടങ്കം നാടുചുറ്റുകയാണ് എന്ന വിമർശനം തെറ്റാണ്. പ്രധാനപ്പെട്ട രണ്ടുപേർ തലസ്ഥാനത്ത് കാര്യങ്ങൾ നോക്കാൻ സദാസമയം ഉണ്ട്. യാത്ര മുഴുവൻ പാർട്ടി ചിലവിലാണെന്നും ധൂർത്ത് എന്ന വിമർശനം അടിസ്ഥാന രഹിതമാണെന്നും രാജേഷ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പറ്റിയ പിശകാണോ എന്നറിയില്ല. താനും മേയർ ആയിരുന്നു. പ്രധാനമന്ത്രിയെ മൂന്നാമത് സ്വീകരിക്കേണ്ടത് മേയറാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മേയർ പ്രധാനമന്ത്രിയെ ഔദ്യോഗിക വസ്ത്രം ധരിച്ച് സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇക്കാര്യത്തിലെ ബിജെപിയുടെ വിശദീകരണം അംഗീകരിക്കാനാവില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
വികസനം പ്രഖ്യാപിക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാൽ വികസനത്തെ സംബന്ധിച്ച് ഒരക്ഷരം മിണ്ടാൻ പോലും പ്രധാനമന്ത്രി തയാറായില്ല. ബിജെപി ഗ്രൂപ്പിസമാണോ, വി.വി. രാജേഷിനോടുള്ള എതിർപ്പാണോ കാരണമെന്ന് അറിയില്ല.
തലസ്ഥാന നഗരിയോട് കാണിക്കുന്ന അവഗണനയാണ് മേയറെ സ്വീകരിക്കാൻ കൂട്ടാക്കാത്തത്. തലസ്ഥാന നഗരിയിലെ ജനങ്ങളെ പറഞ്ഞു പറ്റിക്കലാണ് ഇന്ന് ചെയ്തിരിക്കുന്നത്. 45 ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന ബ്ലൂ പ്രിന്റ് ഒരുപക്ഷേ തെറ്റായി പ്രഖ്യാപിച്ചത് ആയിരിക്കാം. ഇതിന് പ്രോട്ടോകോൾ മാന്വൽ ഉണ്ട്. അത് അനുസരിച്ചാണ് നടപ്പിലാക്കേണ്ടത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ വീട്ടിൽ പോയി ആശ്വസിപ്പിച്ചത് ബിജെപി നേതാക്കളാണ്. അത് പ്രധാനമന്ത്രി അറിഞ്ഞുകാണില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തില് സ്വീകരിക്കാന് മേയര് വി.വി. രാജേഷ് എത്തില്ല. സുരക്ഷാ കാരണങ്ങളാല് സ്വീകരണത്തില് പങ്കെടുക്കാന് കഴിയില്ലെന്നു മേയര് അറിയിച്ചു. അതേസമയം, പുത്തരിക്കണ്ടത്തില് പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ഉള്പ്പെടെയുള്ള വിവിഐപികള് എത്തുമ്പോള് മേയര് വിമാനത്താവളത്തില് സ്വീകരിക്കാനെത്തുന്നതു പതിവാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളിലും വേദിയിലുള്ളതിനാലാണ് വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങ് ഒഴിവാക്കിയതെന്നും മേയറുടെ ഓഫീസ് വിശദീകരിച്ചു.
ഗവര്ണര് രാജേന്ദ്ര ആര്ലേക്കര്, മുഖ്യമന്ത്രി പിണറായി വിജയന്, സൈനിക, പോലീസ് ഉന്നത ഉദ്യോഗസ്ഥര് തുടങ്ങി 22 പേര് ചേര്ന്നാണ് വിമാനത്താവളത്തില് പ്രധാനമന്ത്രിയെ സ്വീകരിക്കുക. എന്ഡിഎ ബിജെപി നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയിലുണ്ട്.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷൻ വികസന രേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ അറിയിച്ചു. സംസ്ഥാന സർക്കാരുമായുള്ള കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കും പ്രഖ്യാപനമെന്നും വിശദ വികസന രേഖ പ്രധാനമന്ത്രിക്ക് അടുത്ത മാസത്തോടെ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
National
മുംബൈ: ബൃഹൻ മുംബൈ മുനിസിപ്പല് കൗണ്സിലിന്റെ ഭരണത്തിനായി ബിജെപിയും ശിവസേനയും (ഉദ്ധവ് താക്കറെ) അരയുംതലയും മുറുക്കിയിറങ്ങിയതോടെ വിലപേശലുമായി ചെറുകക്ഷികള്. മേയർ പദവി ഉറപ്പായാൽ പിന്തുണയെന്നതാണു മുഖ്യവാഗ്ദാനം.
ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 29 സീറ്റുണ്ട്. ഇരുഭാഗത്തുന്നും സമ്മര്ദം ഉയർന്നതോടെ മേയര്സ്ഥാനത്തിനു വിലപേശുകയാണ് ഷിന്ഡെ ക്യാമ്പ്. കൗണ്സിലര്മാരെ ബാന്ദ്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു മാറ്റുകയും ചെയ്തു. രാജ്യത്തെ ഏറ്റവും സമ്പന്നമായ തദ്ദേശസ്ഥാപനങ്ങളിലെ ഭരണം അഭിമാനപ്രശ്നമായാണു ബിജെപിയും എതിര്പക്ഷത്തുള്ള ഉദ്ദവ് താക്കറെ വിഭാഗവും കാണുന്നത്.
227 അംഗ കൗൺസിലില് കേവല ഭൂരിപക്ഷത്തിന് 114 അംഗങ്ങളുടെ പിന്തുണവേണം. 89 സീറ്റുകളില് വിജയിച്ച ബിജെപിയെ ഷിന്ഡെ വിഭാഗം പിന്തുണച്ചാല് അംഗസഖ്യ 118 ലെത്തും. മറ്റൊരു ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്ഗ്രസിനും മൂന്നു സീറ്റുകളുണ്ട്.
പ്രതിപക്ഷത്താകട്ടെ ശിവസേനയ്ക്കുള്ളത് (യുബിറ്റി) 65 സീറ്റുകൾ. എംഎന്എസിയുടെ ആറ് സീറ്റുകളും എന്സിപിയുടെ (എസ്പി) ഒരുസീറ്റും ചേരുന്നതോടെ മൊത്തം അംഗബലം 72 ആകും. ഇതിനു പുറമേയാണ് കോണ്ഗ്രസിന്റെ 24 സീറ്റുകള്. എഐഎംഐഎം (8)എസ്പി (2) എന്നിങ്ങനെ മറ്റു രണ്ടുകക്ഷികളും അവശേഷിക്കുന്നുണ്ട്.
മുംബൈയുടെ മേയര് ശിവസേനയില് (ഷിൻഡേ) നിന്നുള്ള ഒരാളായിരിക്കണമെന്നുമെന്നു ഷിൻഡേ ക്യാന്പ് പ്രതിരിച്ചു. കാരണം, ഇതു ബാലസാഹെബിന്റെ (ബാല് താക്കറെ) പാരമ്പര്യമാണ്. കൗൺസിലർമാർ മൂന്ന് ദിവസം ബാന്ദ്രയിലെ ഹോട്ടലിൽ കഴിയും. പാര്ട്ടിയിലെ ഐക്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. ഒരുതരത്തിലുള്ള വിലപേശലിനും തയാറില്ല എന്നും അദ്ദേഹം വിശദീകരിക്കുന്നു.
അതേസമയം, തങ്ങള് അഭിമാനമായി കാണുന്ന മുംബൈ കോര്പറേഷനില് ഏതുവിധേനയും ഭരണം നിലനിര്ത്താന് ഉദ്ധവ് താക്കറെ വിഭാഗവും നീക്കങ്ങള് തുടരുകയാണ്.
മുംബൈ: മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപറേഷനുകളിലെ 2,869 സീറ്റുകളിൽ 1,425 ഉം സ്വന്തമാക്കിയതു ബിജെപി. മൂന്നുദശകങ്ങളായി താക്കറെ കുടുംബം കൈയടക്കിവച്ചിരിക്കുന്ന ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) ഭരണംകൂടി സ്വന്തമാക്കിയാൽ മഹാരാഷ്ട്ര തദ്ദേശപ്പോരിൽ ബിജെപിക്കു സന്പൂർണ ആധിപത്യമാകും.
227 അംഗ ബിഎംസി കൗൺസിലിൽ ബിജെപിക്ക് 89 പ്രതിനിധികളുണ്ട്. ഷിൻഡെ വിഭാഗം ശിവസേനയ്ക്ക് 29 സീറ്റും. എതിർപക്ഷത്തുള്ള ഉദ്ദവ് താക്കറെ വിഭാഗം 65 സീറ്റുകൾ നേടിയപ്പോൾ എംഎൻഎസ് ആറിടത്ത് ജയിച്ചു.
വിബിഎയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് 24 സീറ്റുകളിൽ വിജയിച്ചു. എഐഎംഐഎം (8), എൻസിപി (3), എസ്പി (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷിനില. എൻസിപി-എസ്പിക്ക് ഒരു സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 151 അംഗ നാഗ്പുർ മുനിനിപ്പാലിറ്റിയിൽ ബിജെപി നേടിയത് 102 സീറ്റുകൾ. കോൺഗ്രസിനാകട്ടെ വിജയിക്കാനായത് വെറും 34 സീറ്റുകളിൽ മാത്രം. നാസിക്കിൽ ബിജെപി 72 സീറ്റുകൾ നേടി. ഷിൻഡെ വിഭാഗം ശിവസേനയ്ക്ക് 26 സീറ്റും.
ശിവസേന (യുബിറ്റി) 15 സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസിനു മൂന്നു സീറ്റുകളും എൻസിപിക്കു നാലു സീറ്റുകളുമാണ് നാസിക്കിൽ.
ഛത്രപതി സംഭാജിനഗറിൽ ബിജെപി 57 സീറ്റുകൾ നേടി. ശിവസേനയ്ക്കു 13 സീറ്റുകൾ ലഭിച്ചു. കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചു. എഐഎംഐഎം ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർചെയ്ത മറ്റുകക്ഷികൾ 33 സീറ്റുകൾ നേടി.
മൊത്തം കണക്കെടുത്താൽ 2,869 സീറ്റുകളിൽ 1,424 എണ്ണം ബിജെപി സ്വന്തമാക്കി. ശിവസേന (399) കോൺഗ്രസ് (324) എൻസിപി (167) ശിവസേന -യുബിറ്റി (155) എൻസിപി -എസ്പി (36) എംഎൻഎസ് (13), ബിഎസ്പി (6), മറ്റ് കക്ഷികൾ 196 എന്നിവർക്കു പുറമേ 19 സ്വതന്ത്രരും ഇത്തവണ വിജയിച്ചു.
Kerala
തിരുവനന്തപുരം: ഭരിക്കുന്ന പാർട്ടിക്ക് പണം സമ്പാദിക്കാനുള്ള കറവ പശുവല്ല കോർപറേഷനെന്ന് മേയർ വി.വി.രാജേഷ്. അഴിമതി ചെയ്യാൻ ഒരാളെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാർ രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെ ഓഫീസിലുണ്ടാകണം. അനാവശ്യമായി ഫയലുകൾ പിടിച്ചുവയ്ക്കരുത്. കൊടി കെട്ടുകയോ, പാർട്ടി പ്രവർത്തനങ്ങളും ചെയ്യാം. പക്ഷേ ജോലി സമയത്ത് പാടില്ല.
ജനങ്ങളോട് സൗഹർദപരമായി പെരുമാറണം. രാഷ്ട്രീയപാർട്ടികളുടെ ഫ്ലക്സ് പരിപാടി കഴിഞ്ഞാൽ നിർബന്ധമായി മാറ്റണമെന്നും മേയർ നിർദേശം നൽകി.
Kerala
കൊച്ചി: തന്നെ കൊച്ചി മേയറാക്കാൻ ലത്തീന് സഭ ഇടപെട്ടുവെന്ന വി.കെ. മിനിമോളുടെ പ്രസ്താവനയോട് പ്രതികരിച്ച് കൗൺസിലറും കോൺഗ്രസ് നേതാവുമായ ദീപ്തി മേരി വര്ഗീസ്. ഇത്തരത്തിൽ സ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന നല്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. എന്തുകൊണ്ടാണ് ഇപ്പോള് ഇങ്ങനെ പറഞ്ഞതെന്ന് മിനിമോൾ തന്നെ പറയട്ടെ എന്നാണ് ദീപ്തി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇപ്പോൾ ഇത്തരം പ്രസ്താവനകൾ എന്തിന് പറഞ്ഞുവെന്ന് തനിക്ക് അറിയില്ല. അവരുമായി ബന്ധപ്പെട്ടവര് അതിനെ കുറിച്ച് പറയട്ടെ. കെപിസിസി നേതൃത്വം പല കാര്യങ്ങളും ആലോചിക്കുന്നുണ്ടാവും. അത് അതിന്റെ വഴിക്ക് നടക്കട്ടയെന്നു ദീപ്തി പറഞ്ഞു.
അതേസമയം, കൊച്ചി മേയര് സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ച പേരുകളിലൊന്നാണ് ദീപ്തി മേരി വര്ഗീസിന്റേത്. ദീപ്തിയെ വെട്ടിയതോടെ ജില്ലയിലെ ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കള് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മേയറെ തീരുമാനിച്ചത് മാനദണ്ഡങ്ങള് ലംഘിച്ചാണെന്ന് ദീപ്തിയും പ്രതികരിച്ചിരുന്നു. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സുൽത്താൻ ബത്തേരിയിൽ നടന്ന ലക്ഷ്യ 2026 നേതൃക്യാമ്പിലും ദീപ്തി മേയർ സ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തി പങ്കുവച്ചിരുന്നു.
Kerala
കൊച്ചി:തനിക്ക് മേയര് പദവി ലഭിക്കാന് ലത്തീന് സമുദായം ഇടപെട്ടുവെന്ന് വെളിപ്പെടുത്തി കൊച്ചി മേയർ വി.കെ. മിനിമോള്. തനിക്ക് വേണ്ടി പിതാക്കന്മാര് സംസാരിച്ചു. പദവികള് തീരുമാനിച്ചപ്പോള് സംഘടനയുടെ ശക്തി കാണിക്കാന് കഴിഞ്ഞു. സഭയില് നിന്നും ശബ്ദം ഉയര്ത്തിയതിന് ഉത്തരം ലഭിച്ചുവെന്നും മിനിമോള് വ്യക്തമാക്കി.
കേരള റീജിയന് ലത്തീന് കാത്തലിക് കൗണ്സില് ജനറല് അസംബ്ലിയില് സംസാരിക്കവെയാണ് മിനിമോള് പ്രതികരിച്ചത്. ഞാന് ഇന്നിവിടെ നില്ക്കുന്നുണ്ടെങ്കില് അത് ലത്തീന് സമുദായത്തിന്റെ ഉറച്ച ശബ്ദം ഉയര്ന്നതിന്റെ തെളിവാണ് എനിക്ക് ലഭിച്ച കൊച്ചി മേയര് എന്ന പദവി.-മിനിമോൾ പറഞ്ഞു.
മേയറെ കോണ്ഗ്രസ് തീരുമാനിച്ചത് സഭയുടെ സമ്മര്ദ്ദത്തിന് വഴങ്ങിയല്ല എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാക്കുകളെ തള്ളുന്നതാണ് മിനിമോളുടെ പ്രസ്താവന.
Kerala
തിരുവനന്തപുരം: മേയർ സ്ഥാനം വാഗ്ദാനം ചെയ്ത ശേഷം തെരഞ്ഞെടുപ്പ് കഴിഞ്ഞ് തന്നെ ഒഴിവാക്കിയെന്ന ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയുടെ വിമർശനത്തിൽ പ്രതികരണവുമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്. ആർ. ശ്രീലേഖയുടെ പ്രസ്താവനയെക്കുറിച്ച് ഓൺലൈൻ വാർത്തകൾക്ക് അപ്പുറം കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും മറ്റ് കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും രാജേഷ് പറഞ്ഞു.
"കോർപറേഷൻ ഭരണത്തിനായി ശ്രീലേഖ ഉൾപ്പെടെ നന്നായി ഇടപെടുന്നുണ്ട്. തങ്ങൾ തമ്മിൽ ഇനിയും കാണുമല്ലോ, എന്താണെന്ന് അന്വേഷിക്കട്ടെ.'-രാജേഷ് പറഞ്ഞു.
തിരുവനന്തപുരം മേയർ സ്ഥാനത്ത് തന്നെ പരിഗണിക്കാത്തിലുള്ള അതൃപ്തി പരസ്യമാക്കി ബിജെപി നേതൃത്വത്തിനെതിരെ ശ്രീലേഖ കടുത്ത വിമർശനം നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ മത്സരത്തിനിറക്കിയത് മേയർ സ്ഥാനം വാഗ്ദാനം ചെയ്താണെന്നും തെരഞ്ഞെടുപ്പിന് ശേഷം എന്തോ കാരണംകൊണ്ട് അത് മാറ്റിയെന്നും ശ്രീലേഖ പറഞ്ഞു.
പോടാ പുല്ലെ എന്ന് പറഞ്ഞ് തീരുമാനത്തെ എതിർക്കാത്തത് ജയിപ്പിച്ച വോട്ടർമാരെ ഓർത്താണെന്നും ശ്രീലേഖ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. താനായിരിക്കും കോര്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖമെന്നാണ് കരുതിയതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. സ്ഥാനാര്ഥികള്ക്ക് എല്ലാവര്ക്കും വേണ്ടി പ്രവര്ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് താനെന്നും ശ്രീലേഖ പ്രതികരിച്ചിരുന്നു.
Kerala
ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ സന്ദർശിച്ച് തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയാണ് രാജേഷ് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ സുധാകരനെ കണ്ടത്.
കാലിന് പരിക്കേറ്റ് ഏറെ നാളായി വിശ്രമത്തിൽ കഴിയുകയാണ് സുധാകരൻ. വീട്ടിലെത്തിയ രാജേഷ് സുധാകരനെ പൊന്നാടയണിയിച്ച് ആദരിച്ചു. സുധാകരന്റെ ആരോഗ്യവിവരം ചോദിച്ചറിഞ്ഞ ശേഷമാണ് തിരുവനന്തപുരം മേയർ മടങ്ങിയത്.
ആലപ്പുഴയിലെ ബിജെപി നേതാക്കളും പ്രവർത്തകരും രാജേഷിനൊപ്പം ഉണ്ടായിരുന്നു.
Kerala
കൊച്ചി: കേരളത്തിലെ യുവാക്കള്ക്കിടയില് എയ്ഡ്സ് രോഗം വര്ധിക്കുന്നുവെന്ന് കൊച്ചി മേയര് വി.കെ. മിനിമോള്. അഞ്ചാറു വര്ഷമായിട്ട് കേരളത്തില് എയ്ഡ്സ് രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. 18നും 20നും വയസിന് ഇടയിലുള്ള കുട്ടികളുടെ ഇടയിലാണ് രോഗം വര്ധിക്കുന്നത് എന്ന് മേയര് ദീപികയുടെ കൊച്ചി ഓഫീസില് ലേഖകരുമായി നടത്തിയ സംഭാഷണത്തില് പറഞ്ഞു.
അതിഭീകരമായൊരു കണക്ക് കൈയ്യില് കിട്ടിയിട്ടുണ്ട്. യുവാക്കള്ക്കിടയില് എയ്ഡ്സ് രോഗം വര്ദ്ധിച്ചിരിക്കുകയാണ്. അത് നമ്മള് കാണാതെ പോയിട്ട് കാര്യമില്ല. അത്തരം കാര്യങ്ങളില് നമ്മള് മാറി ചിന്തിക്കേണ്ട സമയമാണ്. ആണും പെണ്ണും ഒന്നിച്ച് ഇരിക്കുന്നതിലോ ഒന്നിലും നമ്മള് ആരും ഇടപെടുന്നില്ല.
പക്ഷെ അതില് ഇപ്പുറത്ത് വേറെ ഒരു സൈഡ് കൂടിയുണ്ട് എന്നത് നമ്മള് അവരെ ബോധ്യപ്പെടുത്തണം. സംഭവിച്ചിട്ട് പോയാല് പിന്നെ പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ അഞ്ചാറു വര്ഷമായിട്ട് കേരളത്തില് എയ്ഡ്സ് കൂടിയവരുടെ എണ്ണം കൂടുതലാണ്. അത് നമ്മള് കാണാതെ പോയിട്ട് കാര്യമില്ല. 18നും 20നും വയസിന് ഇടയിലുള്ള കുട്ടികളുടെ ഇടയില് ഇത് കൂടിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയില് വര്ധിച്ചു വരുന്ന സ്പാ സെന്ററുകളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മേയര്.
കൊച്ചിയിലെ മസാജ് സെന്ററുകളുടെ പ്രവര്ത്തനങ്ങളൊക്കെ നമുക്ക് ഒരു ദിവസം കൊണ്ട് തന്നെ അടച്ചു പൂട്ടാന് പറ്റുന്ന കാര്യങ്ങളല്ല. ഇനി മസാജ് സെന്ററുകള്ക്ക് ലൈസന്സ് നല്കുന്ന കാര്യത്തില് കൃത്യമായ നിയന്ത്രണം ഉണ്ടാകും - എന്ന് മേയര് പറഞ്ഞു.
Kerala
കൊച്ചി: ബ്രോഡ്വേയില് നടന്ന തീപിടിത്തത്തില് പരിശോധന നടത്തി ആവശ്യമായ നടപടികള് സ്വീകരിക്കുമെന്നു മേയര് വി.കെ മിനിമോള്. തീ പിടിച്ചത് എങ്ങനെയാണ് എന്നുള്ളതു കണ്ടെത്തണം. ഇത്തരം കാര്യങ്ങള് ആവര്ത്തിക്കാതിരിക്കാന് എന്തൊക്കെ ചെയ്യണമെന്ന് ആലോചിച്ചു ചെയ്യണം എന്നാണ് മേയര് ബ്രോഡ്വേ സന്ദര്ശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിച്ചത്.
ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തെക്കുറിച്ച് ആക്ഷേപമുള്ളത് അറിഞ്ഞു. പക്ഷേ, തീ പിടിച്ചത് എങ്ങനെയാണ് എന്നുള്ളതു കണ്ടുപിടിക്കേണ്ടതാണ്. ഒരുപാട് ആളുകള് വന്നുപോകുന്ന സ്ഥലമാണിത്. ആളപായമില്ലാതെ നിയന്ത്രിക്കാന് സാധിച്ചു. ഇതു നമ്മള്ക്കു കിട്ടുന്ന മുന്നറിയിപ്പാണ്. ഇത്തരം കാര്യങ്ങള് ആവര്ത്തിക്കാതിരിക്കാന് എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കേണ്ടതുണ്ട്. - മേയര് പറഞ്ഞു.
അതേസമയം, തീപിടിത്തത്തിന്റെ കാരണം ഷോര്ട്ട് സര്ക്യൂട്ട് അല്ലെന്നാണ് കെഎസ്ഇബിയുടെ നിഗമനം. ഷോര്ട്ട് സര്ക്യൂട്ടിനെത്തുടര്ന്നാണ് തീ പടര്ന്നത് എന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാല്, കെഎസ്ഇബി നടത്തിയ പ്രാഥമിക പരിശോധനയില് ഷോര്ട്ട് സര്ക്യൂട്ട് ലക്ഷണങ്ങൾ കണ്ടെത്താനായില്ല.
കടകളുടെ സമീപത്തു മാലിന്യം കൂട്ടിയിട്ടിരുന്നു. ഈ മാലിന്യ കൂമ്പാരത്തില്നിന്നു തീപിടിച്ചു കടകളിലേക്കു പകര്ന്നതാവാം എന്നൊരു അനുമാനമാണ് കെഎസ്ഇബി പങ്കുവയ്ക്കുന്നത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില് ഉന്നതതല യോഗം ചേരും. വ്യാപാരികളുമായി സംസാരിച്ച് ബ്രോഡ്വേയില് കര്ശന സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില് നടപടികളുണ്ടാകുമെന്നാണ് അറിയുന്നത്.
District News
തിരുവനന്തപുരം: വി.കെ. പ്രശാന്തിന്റെ വാടക കരാര് പരിശോധിക്കുമെന്നു തിരുവനന്തപുരം കോര്പറേഷന് മേയര് വി.വി. രാജേഷ്. വി.കെ. പ്രശാന്ത് ഓഫീസ് ഒഴിയണോ എന്നുള്ള കാര്യം രേഖകള് പരിശോധിച്ചതിനുശേഷം മാത്രമേ പറയാനാകൂ. കൗണ്സില് വിഷയം ചര്ച്ച ചെയ്യുമോ എന്നുള്ള കാര്യവും അതിനുശേഷം തീരുമാനിക്കും.
കാലഹരണപ്പെട്ട കരാറുകള് പരിശോധിക്കും. കൗണ്സിലര്മാര്ക്ക് ഇരിക്കാന് സൗകര്യമുള്ള ഓഫീസ് വേണം. വാണിജ്യ കോംപ്ലക്സുകള്ക്ക് കൃത്യമായ വാടക ലഭിക്കണമെന്നും മേയര് പറഞ്ഞു. ജനപ്രതിനിധികള് പ്രവര്ത്തിക്കുന്ന സ്ഥലത്തു നിയമപരമായ എന്തൊക്കെ ഇളവുകള് ചെയ്യാനാകും എന്നുള്ളത് പരിഗണിക്കുമെന്നും മേയര് പറഞ്ഞു.
തിരുവനന്തപുരം കോര്പ്പറേഷനിലെ മുഴുവന് രേഖകളും പരിശോധിക്കും. വാടകയ്ക്ക് പ്രവര്ത്തിക്കാന് ആവശ്യമായ രേഖകള് ഇല്ലെങ്കില് നോട്ടീസ് അയക്കും. വാടകയ്ക്ക് നല്കിയ തീരുമാനം റദ്ദാക്കാന് കൗണ്സിലിന് അധികാരമുണ്ട്. വാടകയ്ക്ക് എടുത്തവര് അത് സബ് ലീസിനു കൊടുത്ത കേസുകളുണ്ട്. ഇത്തരം കേസുകള് പരിശോധിച്ചു കരാര് റദ്ദാക്കുമെന്നും വി.വി. രാജേഷ് പറഞ്ഞു.
വി.കെ. പ്രശാന്തിനെ പിന്തുണച്ച് സ്പീക്കർ
തിരുവനന്തപുരം: ഓഫീസ് വിവാദത്തിൽ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനെ പിന്തുണച്ച് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. ഓഫീസ് കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ട കൗണ്സിലറുടെ നടപടി അപക്വമാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു സ്പീക്കർ നൽകിയ മറുപടി.
വട്ടിയൂർക്കാവ് എംഎൽഎയ്ക്ക് ഒരു ഓഫീസ് നൽകിയത് വലിയ സംഭവമൊന്നുമല്ല. എംഎൽഎയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട രീതി ശരിയായില്ല. കൗണ്സിലർ എങ്ങനെയാണ് എംഎൽഎയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെടുന്നത്. പ്രോട്ടോകോൾ പ്രകാരം കൗണ്സിലർക്ക് മുകളിലാണ് എംഎൽഎ. വളരെയധികം പരിചയ സന്പന്നതയുള്ള ആളുടെ ഭാഗത്തു നിന്നുണ്ടായ അപക്വമായ നടപടിയായാണ് ഇതിനെ കാണുന്നത്. തങ്ങൾ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയാണ് ആർ. ശ്രീലേഖയെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
ജനസേവനത്തിന്റെ ഭാഗമായി ജനങ്ങൾക്ക് അനായാസം എത്തിച്ചേരാനും എംഎൽഎയെ സന്ദർശിക്കാനും കാര്യങ്ങൾ പറയാനുമാണ് ആ ഓഫീസ് ആരംഭിച്ചത്. അത് ഇങ്ങനെ വലിയ വിവാദമാക്കേണ്ട കാര്യമില്ല. ഈ ഓഫീസ് എംഎൽഎയുമായി ബന്ധപ്പെട്ട ആരെങ്കിലും വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കാൻ പോകുന്നില്ല.
എംഎൽഎ മറ്റൊരു ഓഫീസ് ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും ഇതു വിവാദമാക്കേണ്ട കാര്യമില്ലാത്ത ചെറിയൊരു സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ ഈ വിഷയത്തെ അനാവശ്യമായി ലൈവ് ആക്കി നിർത്തി വിവാദം കൊഴുപ്പിക്കുകയാണെന്നും സ്പീക്കർ എ. എൻ. ഷംസീർ വ്യക്തമാക്കി.
വി.കെ. പ്രശാന്തിന് എതിരേ കെ. മുരളീധരൻ
തിരുവനന്തപുരം: ഓഫീസ് കെട്ടിടവിവാദത്തിൽ വി.കെ. പ്രശാന്ത് എംഎൽഎക്കെതിരെ കോണ്ഗ്രസ് നേതാവ് കെ. മുരളീധരൻ. വി.കെ. പ്രശാന്ത് എംഎൽഎ ഹോസ്റ്റലിലെ മുറി എന്തു ചെയ്യുന്നുവെന്നു പരിശോധിക്കണമെന്നും താൻ വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്ന എട്ടുവർഷവും എംഎൽഎ ഹോസ്റ്റലിലെ മുറിയാണ് ഓഫീസായി ഉപയോഗിച്ചിരുന്നതെന്നും മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.എംഎൽഎ ഹോസ്റ്റലിലെ മുറി എംഎൽഎയുടെ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം നിലവിലുണ്ട്. മുറി മറ്റാവശ്യത്തിനായി ഉപയോഗിച്ചാൽ സ്പീക്കറാണ് അക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. കാർത്തികേയനും എൻ. ശക്തനും സ്പീക്കറായിരുന്ന കാലത്തു മുറികളുടെ ഉപയോഗം അവർ കർശനമായി നിരീക്ഷിച്ചിരുന്നു.
എംഎൽഎ ഹോസ്റ്റലിലേക്കു വരാൻ ആളുകൾക്ക് പ്രയാസമാണെന്ന വാദവും അദ്ദേഹം തള്ളി. താൻ എംഎൽഎ ആയിരുന്നപ്പോൾ എട്ടു വർഷവും എംഎൽഎ ക്വാർട്ടേഴ്സിലെ മുറിയാണ് ഓഫീസായി ഉപയോഗിച്ചിരുന്നത്. നഗരത്തിന്റെ കേന്ദ്രഭാഗമായതിനാൽ ജനങ്ങൾക്ക് യാതൊരു അസൗകര്യവും ഉണ്ടായിരുന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ താൻ രണ്ടാമത് തെരഞ്ഞെടുക്കപ്പെടില്ലായിരുന്നു. നമ്മുടെ ഓഫീസ് നമ്മൾ തന്നെ ഉപയോഗിച്ചാൽ വിവാദം ഉണ്ടാകില്ല. കൗണ്സിലർമാർക്ക് ഇരിക്കാൻ ഒരു കൊച്ചുമുറിയെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിനാഥന്റെ പ്രസ്താവന വസ്തുതാവിരുദ്ധം: വി.കെ. പ്രശാന്ത്
തിരുവനന്തപുരം: കോണ്ഗ്രസ് നേതാവ് ശബരിനാഥന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് വി.കെ. പ്രശാന്ത് എംഎൽഎ വ്യക്തമാക്കി.
കേരളത്തിലെ 140 മണ്ഡലത്തിലെ എംഎൽഎമാർക്കും എംഎൽഎ ഹോസ്റ്റലിൽ മുറി അനുവദിച്ചിരിക്കുന്നതു നിയമസഭ സമ്മേളനം നടക്കുന്പോൾ വിശ്രമിക്കാനാണ്.
കഴിഞ്ഞ ഏഴു വർഷമായി തന്റെ ഓഫീസ് പ്രവർത്തിക്കുന്നത് ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലാണ്. ഇത്രയും വർഷക്കാലമായിട്ടും താൻ ഓഫീസ് മാറണമെന്നു ശബരിനാഥോ പ്രതിപക്ഷ പാർട്ടി നേതാക്കളോ ആവശ്യപ്പെട്ടിട്ടില്ല.
ബിജെപിയെക്കാളും വലിയ ആവേശമാണ് തന്റെ ഓഫീസ് മാറ്റുന്ന കാര്യത്തിൽ ശബരിനാഥനുള്ളതെന്നു പ്രശാന്ത് പറഞ്ഞു. കോർപറേഷൻ കൗണ്സിലിന്റെ അനുമതിയോടെ വാടക നൽകിയാണു തന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ബിജെപിയുടെ ബുൾഡോസർ രാജിനു കോണ്ഗ്രസ് ഒത്താശ ചെയ്യുന്നതിനു തുല്യമാണ് ശബരിനാഥന്റെ പ്രസ്താവനയിലൂടെ പുറത്തു വരുന്നത്.
വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ 26 വാർഡുകളുടെ ഹൃദയഭാഗത്താണ് തന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ജനങ്ങൾക്കു വിവിധ ആവശ്യങ്ങൾക്കു തന്നെ കാണാനും സംസാരിക്കാനുമാണു ഓഫീസ് അവിടെ പ്രവർത്തിപ്പിക്കാൻ കാരണം. നിയമാനുസൃതമായാണു തന്റെ ഓഫീസിന്റെ പ്രവർത്തനമെന്നും വി.കെ. പ്രശാന്ത് ദീപികയോടു പറഞ്ഞു.
വി.കെ. പ്രശാന്ത് ശാസ്തമംഗലത്ത ഓഫീസ് ഒഴിയണമെന്നു
കൗൺസിലർ കെ.എസ്. ശബരിനാഥൻ
തിരുവനന്തപുരം: വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്നു കോണ്ഗ്രസ് നേതാവും കൗണ്സിലറുമായ കെ.എസ്. ശബരിനാഥൻ. എംഎൽഎ ഹോസ്റ്റലിൽ സൗജന്യമായുള്ള രണ്ട് ഓഫീസ് മുറി പ്രശാന്ത് എന്തിന് ഒഴിഞ്ഞു. അത് ഉപേക്ഷിച്ച് ശാസ്തമംഗലത്ത് ഇരിക്കുന്നതെന്തിനെന്നും ശബരിനാഥൻ ചോദിച്ചു.
എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നന്പരിലായി രണ്ടു മുറികൾ പ്രശാന്തിന് ഓഫീസായി ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. വട്ടിയൂർക്കാവ് മുൻ എംഎൽഎ കെ. മുരളീധരൻ, ആന്റണി രാജു എംഎൽഎ എന്നിവരുടെ ഓഫീസുകൾ പ്രവർത്തിക്കുന്നത് എംഎൽഎ ഹോസ്റ്റലിലാണ്. വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം.
കോർപ്പറേഷനിലെ മുഴുവൻ കൗണ്സിലർമാർക്കും കക്ഷിരാഷ്ട്രീയ ഭേദമെന്യേ വാർഡുകളിൽ ഓഫീസ് പ്രവർത്തിപ്പിക്കാൻ വേണ്ട സൗകര്യം ചെയ്യണമെന്നും ശബരിനാഥൻ ആവശ്യപ്പെട്ടു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണു ശബരിനാഥൻ ഈ ആവശ്യം മുന്നോട്ട് വച്ചത്. ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്നും കൗണ്സിലർ ആർ. ശ്രീലേഖ വി.കെ. പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം പ്രശാന്ത് തള്ളുകയും വിവാദമാക്കു കയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടഞ്ഞ ആർ. ശ്രീലേഖയെ അനുനയിപ്പിക്കാൻ നീക്കവുമായി ബിജെപി. പാർട്ടി നേതൃത്വത്തിന്റെ നിർദേശ പ്രകാരം മേയർ വി.വി.രാജേഷും ഡെപ്യൂട്ടി മേയർ ആശാ നാഥും ശ്രീലേഖയുടെ വീട്ടിലെത്തി ചർച്ച നടത്തി
മേയറുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകും മുമ്പ് ശ്രീലേഖ മടങ്ങിയത് വിവാദമായിരുന്നു. പ്രധാന നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്നും മേയർ പറഞ്ഞു. എന്നാല് മേയർ പദവി കിട്ടാത്തതിൽ ശ്രീലേഖക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ശാസ്തമംഗലത്ത് മത്സരത്തിന് ഇറങ്ങുമ്പോൾ തന്നെ സംസ്ഥാന ഭാരവാഹികളിൽ ചിലർ മേയർ പദവി ശ്രീലേഖക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മേയർ സ്ഥാനം വി.വി.രാജേഷിന് നൽകാൻ തീരുമാനിച്ചതോടെ ശ്രീലേഖ ഇടയുകയായിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് മേയറായി വി.വി. രാജേഷിനെ തെരഞ്ഞെടുത്തു. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകളാണ് രാജേഷിനു ലഭിച്ചത്.
എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി ആർ.പി. ശിവജിക്ക് 29 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫിന്റെ കെ.എസ്. ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്.
എം.ആർ. ഗോപനാണ് വി.വി. രാജേഷിന്റെ പേര് നിർദേശിച്ചത്. വി.ജി. ഗിരികുമാർ പിന്താങ്ങി. കോൺഗ്രസിന്റെ രണ്ട് വോട്ട് അസാധുവായി.
Kerala
തൃശൂർ: കോർപറേഷന്റെ ഒമ്പതാമത്തെ മേയറായി ഡോ. നിജി ജസ്റ്റിനെ തെരഞ്ഞെടുത്തു. 35 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർഥിയായ ഡോ. നിജി നേടിയത്. എൽഡിഎഫ് സ്ഥാനാർഥി കാളത്തോടുനിന്നു ജയിച്ച എം.എൽ. റോസി 13 വോട്ടുകളും തേക്കിൻകാട് ഡിവിഷനിൽനിന്നു വിജയിച്ച എൻഡിഎ സ്ഥാനാർഥി പൂർണിമ സുരേഷ് എട്ടും വോട്ടുകൾ നേടി.
ചിയ്യാരത്തുനിന്നും കുരിയച്ചിറയിൽനിന്നും സ്വതന്ത്രസ്ഥാനാർഥികളായി മത്സരിച്ചുജയിച്ച റാഫി ജോസും ഷോമി ഫ്രാൻസിസും യുഡിഎഫിനു വോട്ടുചെയ്തു. കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന മേയർ തെരഞ്ഞെടുപ്പിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വരണാധികാരിയായിരുന്നു.
തുടർന്ന് ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടക്കും. അയ്യന്തോൾ ഡിവിഷനിൽനിന്നു വിജയിച്ച കോൺഗ്രസിലെ എ. പ്രസാദാണ് യുഡിഎഫ് സ്ഥാനാർഥി.
ഇതോടെ പത്തുവർഷം നീണ്ട എൽഡിഎഫ് ഭരണത്തിന് അറുതിവരുത്തി തൃശൂർ കോർപറേഷനിൽ യുഡിഎഫ് ഭരണസമിതി നിലവിൽവന്നു.
കിഴക്കുംപാട്ടുകരയിൽനിന്ന് 614 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ഡോ. നിജി ജസ്റ്റിൻ കോർപറേഷനിലേക്കു വിജയിച്ചത്. ആദ്യമായാണു തെരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്കിലും സംഘടനാരംഗത്തും ഗൈനക്കോളജിസ്റ്റ് എന്ന നിലയിലും നിജി ജസ്റ്റിൻ സജീവമാണ്. നിലവിൽ ഡിസിസി വൈസ് പ്രസിഡന്റാണ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആകെയുള്ള 56ൽ 33 ഡിവിഷനുകളിൽ വിജയിച്ചാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനിലേക്കു ഭൂരിപക്ഷം നേടിയത്. എൽഡിഎഫ് 13 സീറ്റുകളും ബിജെപി എട്ടു സീറ്റുകളുമാണ് നേടിയത്.
Kerala
തൃശൂർ: ലാലി ജെയിംസിനെതിരേ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്.
മേയർ സ്ഥാനാർഥിക്കു പെട്ടി കൊടുക്കണമെങ്കിൽ കൗൺസിലർ സ്ഥാനാർഥിയാകാനും പെട്ടി കൊടുക്കണ്ടേയെന്നും നാലുതവണ മത്സരിച്ച ലാലി ആർക്കാണു പെട്ടി കൊടുത്തതെന്നും ജോസഫ് ടാജറ്റ് ചോദിച്ചു.
കോർപറേഷനിലെ പാർലമെന്ററി പാർട്ടി തീരുമാനം, കൗൺസിൽ അഭിപ്രായം എല്ലാം മാനിച്ചാണു നിജി ജസ്റ്റിനെ മേയർ സ്ഥാനത്തേക്കു പരിഗണിച്ചത്. നിജിയെ മേയർ സ്ഥാനാർഥിയാക്കിയത് എല്ലാ മാനദണ്ഡവും പാലിച്ചാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
മേയർ തെരഞ്ഞെടുപ്പിനുശേഷം ലാലി ജെയിംസിനെതിരേ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്നാണു സ്ഥിരീകരിക്കാത്ത വിവരം.
Kerala
തൃശൂര്: മേയര് പദവി പണം നല്കി സ്വന്തമാക്കിയതാണെന്ന കോണ്ഗ്രസ് നേതാവ് ലാലി ജെയിംസിന്റെ ആരോപണം തള്ളി മേയര് സ്ഥാനാര്ഥി ഡോ. നിജി ജസ്റ്റിന്. ലാലിയോട് ഒന്നും പറയാന് ഇല്ല. പറയേണ്ടത് പാര്ട്ടി പറയും.
താന് 28 വര്ഷമായി പാര്ട്ടിയില് പ്രവര്ത്തിച്ച് സംസ്ഥാന ജില്ലാ തലങ്ങളില് ചുമതലകള് വഹിച്ചുവരുന്നയാളാണ്. വിവാദങ്ങളില് പകയ്ക്കുന്നയാളല്ലെന്നും 1999 മുതല് പാര്ട്ടിയില് പ്രവര്ത്തിക്കുന്നയാളാണ് താനെന്നും അവർ പറഞ്ഞു.
നിജി ജസ്റ്റിന് മേയര് ആയത് പണം നല്കിയാണ് എന്ന അഭ്യൂഹം ഉണ്ടെന്ന ലാലിയുടെ വെളിപ്പെടുത്തലിനെതിരെ തന്റെ യാത്ര വിവരങ്ങൾ അന്വേഷിക്കാമെന്നും വിവാദങ്ങളില് ഇന്ന് പ്രതികരിക്കാനില്ലെന്നും മേയര് തെരഞ്ഞെടുപ്പില് മുഴുവന് കോണ്ഗ്രസ് അംഗങ്ങളുടെയും വോട്ട് തനിക്ക് കിട്ടുമെന്നും അതില് കൂടുതലും കിട്ടാന് സാധ്യതയുള്ളതായും നിജി കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ്. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന് ലാലി പറഞ്ഞു. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും അവർ പറഞ്ഞു.
താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റത്. കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു.
ഒരു വർഷമെങ്കിലും മേയർ ആക്കുമോ എന്ന് താൻ ചോദിച്ചു. ഇടയ്ക്ക് ഒരു വർഷം നൽകാമെന്ന് പറഞ്ഞു. അത് തനിക്ക് വേണ്ട. മേയർ സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഇതുവരെയും പാർട്ടി വിപ്പ് കൈപ്പറ്റിയില്ലെന്നും ലാലി ജെയിംസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷൻ മേയർ സ്ഥാനാർഥിത്വം സംബന്ധിച്ച് അവസാന നിമിഷവും ഭിന്നത. മുൻ ഡിജിപി ആർ ശ്രീലേഖ മേയർ ആകുമെന്നായിരുന്നു ഇന്നു വാർത്തകൾ പുറത്തുവന്നത്. എന്നാൽ, എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്.
വിഷയത്തില് ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി. ഇതോടെ, വി.വി. രാജേഷിനാണ് മുൻതൂക്കം.
പുതിയ സാഹചര്യത്തിൽ സംഘടനാ ജനറൽ സെക്രട്ടറി എസ്. സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും ശ്രീലേഖയുടെ വീട്ടിലെത്തി അടിയന്തര ചർച്ച നടത്തി.
Kerala
തൃശൂര്: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ തെരഞ്ഞെടുക്കപ്പെട്ടു. കിഴക്കുംപാട്ടുകരയിൽ നിന്നുള്ള കൗൺസിലറായ നിജി തൃശൂർ ഡിസിസി വൈസ് പ്രസിഡന്റാണ്. അതേസമയം, എ. പ്രസാദ് ഡെപ്യൂട്ടി മേയറാകും.
പാർട്ടിയുടെയും കൗൺസിലർമാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വാര്ത്താസമ്മേളനത്തില് പറഞ്ഞു. ടേം വ്യവസ്ഥ സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും ഇപ്പോൾ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനദണ്ഡങ്ങൾ എല്ലാം അനുസരിച്ചാണ് തീരുമാനം. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് കൂട്ടായി ഒരു പേരിലേക്ക് എത്തിയതെന്നും പാർലമെന്ററി പാർട്ടിയുടേതാണ് തീരുമാനമെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി.
Kerala
കൊച്ചി: കൊച്ചി മേയര് സ്ഥാനത്തിന്റെ പേരില് കോണ്ഗ്രസിനുള്ളില് തര്ക്കം രൂക്ഷം. ദീപ്തി മേരി വര്ഗീസിനെ വെട്ടിയതോടെ കോണ്ഗ്രസില് പോര് പുറത്തേക്ക് പുകഞ്ഞു തുടങ്ങിയിരിക്കുകയാണ്. വി.കെ. മിനിമോളെയും രണ്ടാം ടേമില് ഷൈനി മാത്യുവിനെയും മേയറായി തീരുമാനിച്ചതില് ഒരു വിഭാഗം നേതാക്കള് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വി.കെ. മിനിമോളെയോ ഷൈനി മാത്യുവിനെയോ മേയര് ആക്കണമെന്ന ആവശ്യം ലത്തീന് സഭ നേരത്തെ ഉന്നയിച്ചിരുന്നു. ഇരുവരും ലത്തീന് സഭാംഗങ്ങളാണ്. 2015ല് യുഡിഎഫ് അധികാരം നേടിയപ്പോഴും ലത്തീന് സഭ ഇതേ ആവശ്യം ഉയര്ത്തിയിരുന്നുവെങ്കിലും അന്ന് ഡെപ്യൂട്ടി മേയര് സ്ഥാനമാണ് നല്കിയത്.
അതേസമയം, മേയര് സ്ഥാനം കൈവിട്ടു പോയതോടെ കടുത്ത അതൃപ്തിയാണ് ദീപ്തി അറിയിക്കുന്നത്. ഇനി മേയര് സ്ഥാനത്തേക്ക് ഇല്ല എന്നാണ് ദീപ്തിയുടെ നിലപാട്. കൂടുതല് കൗണ്സിലര്മാരുടെ പിന്തുണ തനിക്ക് ഉണ്ടായിരുന്നു. എന്നാല് രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം നിരസിച്ചു. കെപിസിസി മാനദണ്ഡങ്ങള് ലംഘിക്കപ്പെട്ടു എന്നും ദീപ്തി വ്യക്തമാക്കി.
ദീപ്തിക്ക് മേയര് സ്ഥാനം നിഷേധിച്ചതില് എറണാകുളത്തെ ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കള് കടുത്ത പ്രതിഷേധത്തിലാണ്. കെപിസിസി ജനറല് സെക്രട്ടറി എം.ആര് അഭിലാഷ്, കോണ്ഗ്രസ് നേതാവ് അജയ് തറയില് എന്നിവര് ദീപ്തിയെ വെട്ടിയതില് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, തൊടുപുഴ നഗരസഭയിലും ഈരാറ്റുപേട്ട നഗരസഭയിലും കോണ്ഗ്രസിനുള്ളില് കലാപം നടക്കുന്നുണ്ട്. തൊടുപുഴയില് റബര് സ്റ്റാമ്പ് ചെയര്പേഴ്സണെ തൊടുപുഴയ്ക്ക് വേണ്ടെന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിഷ സോമന് അധ്യക്ഷയാകേണ്ട എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അധ്യക്ഷ സ്ഥാനം ലിറ്റി ജോസഫിന് നല്കണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് കൗണ്സിലര്മാര് ഡിസിസിക്കും കെപിസിസിക്കും കത്ത് നല്കി.
ഈരാറ്റുപേട്ട നഗരസഭയില് കോണ്ഗ്രസ്-മുസ്ലിം ലീഗ് തര്ക്കവും രൂക്ഷമാകുന്നുണ്ട്. നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്നാണ് കോണ്ഗ്രസിന്റെ ആവശ്യം. എന്നാല് വൈസ് ചെയര്മാന് സ്ഥാനം മാത്രമേ നല്കുകയുള്ളു എന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്.
District News
യൂത്ത് കോണ്ഗ്രസിലൂടെ തുടക്കം
കൊച്ചി: യൂത്ത് കോണ്ഗ്രസിലൂടെയായിരുന്നു വി.കെ. മിനിമോളുടെ സംഘടനാ പ്രവര്ത്തനം ആരംഭിച്ചത്. തുടര്ന്ന് യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റായി. പിന്നീട് മഹിളാ കോണ്ഗ്രസിലേക്ക് തട്ടകം മാറ്റി. മഹിളാ കോണ്ഗ്രസ് തൃക്കാക്കര മണ്ഡലം വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ഇപ്പോള് സംസ്ഥാന വൈസ് പ്രസിഡന്റ്. കുറച്ചുകാലം കോണ്ഗ്രസ് വൈറ്റില ബ്ലോക്ക് സെക്രട്ടറിയായിരുന്നു.
2010ല് സിപിഎം കുത്തക സീറ്റായി മാമംഗലം ഡിവിഷനില് അട്ടിമറി ജയത്തോടെയാണ് മിനിമോള് കൗണ്സിലില് എത്തുന്നത്. തൊട്ടടുത്ത തവണ ഡിവിഷന് ജനറല് ആയതോടെ പാലാരിവട്ടത്തേക്ക് മാറി. അവിടെയും ജയം. 2020ല് തിരികെ മാമംഗലത്ത് നിന്ന് വീണ്ടും കൗണ്സിലര്. ഇത്തവണ ജനറല് സീറ്റായിട്ടുപോലും ശക്തമായ റിബല് ഭീഷണിയെയും കരുത്തനായ സിപിഎം സ്ഥാനാര്ഥിയെയും മറികടന്ന് വിജയിച്ചു.
തുടര്ച്ചയായി നാലാം തവണയാണ് കൗണ്സിലറാകുന്നത്. മൂന്നു സമിതികളില് സ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു. രേഖാമുലം അല്ലായിരുന്നെങ്കില് പോലും ടേം വ്യവസ്ഥ മാനിച്ച് മുന് നിശ്ചയിച്ചിരുന്ന സമയത്ത് തന്നെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം സഹപ്രവര്ത്തകയ്ക്കായി ഒഴിഞ്ഞു. ഭര്ത്താവ് ജോയി പാലാരിവട്ടത്ത് ബിസിനസ് നടത്തുന്നു. മക്കള്: അര്ച്ചന (മെഡിക്കല് വിദ്യാര്ഥി), അനുപമ (ബികോം വിദ്യാര്ഥി).
കെഎസ്യുവിലൂടെ സംഘടനാ പ്രവര്ത്തനം
കൊച്ചി: പഠന കാലത്ത് കെഎസ്യുവില് പ്രവര്ത്തിച്ച് തുടങ്ങിയതാണ് ഷൈനിയുടെ സംഘടനാ പ്രവര്ത്തനം. വിവാഹത്തോടെ പാര്ട്ടി പ്രവര്ത്തനങ്ങളില് നിന്ന് ഇടവേളയെടുത്തു. 2015ല് ഫോര്ട്ടുകൊച്ചി ഡിവിഷനില് നിന്ന് ആദ്യമായി കൗണ്സിലര് ആയതോടെ വീണ്ടും പാര്ട്ടിയില് സജീവമായി. ഇപ്പോള് ഡിസിസി അംഗവും മഹിളാ കോണ്ഗ്രസ് ജില്ലാ സെക്രട്ടറിയുമാണ്.
സൗമിനി ജെയിന് മേയറായിരുന്ന സമിതിയില് നാലര വര്ഷം നഗരാസൂത്രണ സമിതി അധ്യക്ഷയായിരുന്നു. അവസാന രണ്ടര വര്ഷം മേയര് കസേര ഷൈനിക്ക് നല്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും സ്ഥാനമൊഴിയാന് സൗമിനി തയാറായില്ല.
2020ല് ഡിവിഷന് മാറി ചുള്ളിക്കലില് നിന്ന് മത്സരിച്ചപ്പോള് പരാജയപ്പെട്ടു. ഇത്തവണ സ്വന്തം ഡിവിഷനായ ഫോര്ട്ടുകൊച്ചിയില് നിന്നു രണ്ടായിരത്തിലേറെ വോട്ടുമായാണ് ഷൈനി വീണ്ടും കൗണ്സിലിലെത്തിയത്. ഭര്ത്താവ് മാത്യൂ വിന്സന്റ് ദുബായിയില് ബിസിനസ് ചെയ്യുന്നു. മക്കള്: എബി വിന്സന്റ് മാത്യൂ (ബിസിനസ്), സ്നെത എലിസബത്ത് മാത്യൂ (ദുബായ്), അജയ് എബ്രഹാം മാത്യൂ (സിവില് സര്വീസ് വിദ്യാര്ഥി).
Kerala
കൊച്ചി: മേയർ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. വി.കെ.മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം പങ്കുവച്ചുള്ള പ്രഖ്യാപനത്തെ എതിർത്ത് ഒരു വിഭാഗം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പരാതി നൽകി.
മേയർ സ്ഥാനം ദീപ്തി മേരി വർഗീസിന് ലഭിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് ദീപ്തി അനുകൂലികൾ. തന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമം നടന്നെന്നാണ് ദീപ്തിയുടെ പരാതി.
മേയറെ നിശ്ചയിച്ചത് കെപിസിസി മാനദണ്ഡങ്ങൾ മറികടന്നാണ്. രഹസ്യ വോട്ടെടുപ്പ് നടത്തിയില്ല. ജില്ലയ്ക്ക് പുറത്തു നിന്നുള്ള നേതാക്കൾ നിരീക്ഷണത്തിനായി വോട്ടെടുപ്പിന് വന്നില്ലെന്നും പരാതിയുണ്ട്.
Kerala
തിരുവനന്തപുരം: ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായ തിരുവനന്തപുരം നഗരസഭയിലെ മേയർ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും മത്സരിക്കും. പുന്നക്കാമുഗൾ കൗൺസിലർ ആർ.പി. ശിവജി ആയിരിക്കും സിപിഎം സ്ഥാനാർഥി. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.
മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് യുഡിഎഫും അറിയിച്ചു. സ്ഥാനാർഥിയെ 24 ന് തീരുമാനിക്കും. 24 ന് കൗൺസിലർമാരുടെ യോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിക്കുക.
അതേ സമയം, നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേക്കെത്തുന്നത്. വലിയ ആവേശത്തോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. മേയർ .
ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവ് കാര്യമാക്കുന്നില്ലെന്നും മേയര് പ്രഖ്യാപനത്തിലെ സസ്പെൻസ് അങ്ങനെ നിലനിൽക്കട്ടെ എന്നും ബിജെപി നേതാക്കൾ പറഞ്ഞു. 26നാണ് മേയർ തെരഞ്ഞെടുപ്പ്. അത് വരെ ചർച്ച തുടരും. ആർ. ശ്രീലേഖയോ വി.വി. രാജേഷോ അതോ അപ്രതീക്ഷിത മേയർ വരുമോ എന്നും തീരുമാനമായിട്ടില്ല.
രണ്ട് സ്വതന്ത്ര അംഗങ്ങളുടെ നിലപാടും കോര്പറേഷൻ ഭരണത്തിൽ നിര്ണ്ണായകമാണ്. സ്വതന്ത്ര സ്ഥാനാര്ഥി മരിച്ച വിഴിഞ്ഞത്ത് ജനുവരി പന്ത്രണ്ടിനാണ് തെരഞ്ഞെടുപ്പ്.
Kerala
കണ്ണൂർ: പി.ഇന്ദിരയെ കണ്ണൂർ കോർപറേഷൻ മേയറായി പ്രഖ്യാപിച്ചു. കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിൽ ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തതെന്ന് മേയറുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് കെ.സുധാകരൻ എംപി പറഞ്ഞു. ഒരു വലിയ പദ്ധതിയും കണ്ണൂർ കോർപറേഷനായി തയാറാക്കിയിട്ടുണ്ട്.
ഒരു വർഷത്തിനുള്ളിൽ അത് നടപ്പാക്കുമെന്നും എംപി പറഞ്ഞു. നിലവിലെ ഡെപ്യൂട്ടി മേയറാണ് ഇന്ദിര. കോൺഗ്രസ് വിമത സ്ഥാനാർഥി ഉൾപ്പെടെ നാലു പേർ മത്സരിച്ച പയ്യാമ്പലത്ത് നിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്. കൃഷ്ണമേനോൻ സ്മാരക വനിതാ കോളജ് ചെയർപേഴ്സൺ.
ഡെപ്യൂട്ടി മേയർ സ്ഥാനത്തിന് പുറമേ ആരോഗ്യം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. വാശിയേറിയ തെരഞ്ഞെടുപ്പിൽ ആകെയുള്ള 56 സീറ്റുകളിൽ 36 എണ്ണം നേടിയാണ് കോർപറേഷൻ ഭരണം യുഡിഎഫ് നിലനിർത്തിയത്.
എൽഡിഎഫ് 15 സീറ്റിലും എൻഡിഎ നാലിടത്തും എസ്ഡിപിഐ ഒരിടത്തും ജയിച്ചു. മുസ്ലിം ലീഗിലെ കെ.പി. താഹിറിനെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎമ്മിന്റെ പരാജയം ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയെന്ന് മുൻ കെഎസ്ആർടിസി ഡ്രൈവർ യദു.
"തന്നെപ്പോലെയുള്ളവരോടുള്ള പെരുമാറ്റങ്ങൾ ജനങ്ങൾ വിലയിരുത്തി. ജനങ്ങളെ ഒരു വിലയില്ലാതെ കാണുന്ന സ്വഭാവമാണ് അവർക്ക്. അന്ന് എന്നോട് കാണിച്ചത് കണ്ടില്ലേ. മുന്നോട്ട് പോകാൻ അതിന് മാറ്റംവരണം. ഇവരുടെ പ്രവൃത്തികളിലും ധാർഷ്ട്യത്തിലും ജനങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നോട് മാത്രമല്ല, മുൻപ് വേറൊരു സെക്യൂരിറ്റിയോടും മോശമായി പെരുമാറി. ജനങ്ങൾക്ക് അവരുടെ സ്വഭാവം മനസിലായിക്കാണും. ആ കേസിൽനിന്നുപോലും പോലീസ് അവരുടെ പേര് ഒഴിവാക്കി. എന്നെ പിന്തുണയ്ക്കാൻ ആരുമില്ലായിരുന്നു, വട്ടം കൂടി ആക്രമിച്ചു. ഇപ്പോഴും സൈബർ ആക്രമണങ്ങൾ ഒക്കെ നടക്കുന്നുണ്ട്.'
"അവസാനമായി എന്നെ ഫോണിൽ വിളിച്ചപ്പോൾ കോടതിയിൽ പോയി നീതി നേടിക്കോളൂ എന്നാണ് പറഞ്ഞത്. സത്യം തെളിയിക്കാൻ നിയമപരമായി പോകും. എന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തെളിയിക്കാൻ കോടതി മാത്രമേ ഉള്ളൂ. പോലീസ് അവർക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. അന്വേഷണത്തിൽ എനിക്ക് വിശ്വാസമില്ല'.- യദു പറഞ്ഞു.
Kerala
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ ഒരു കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത ബിജെപിയിൽ തിരുവനന്തപുരത്ത് മേയർ ആരാണെന്നതിൽ ചർച്ച സജീവം.
ബിജെപി നേതാവ് വി.വി. രാജേഷ്, മുന് ഐഎഎസ് ഓഫീസര് ആര്. ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വി.വി. രാജേഷിന് അനുകുലമാണെന്നാണ് റിപ്പോര്ട്ടുകള്.
കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ പ്രഖ്യാപനം. തിരുവനന്തപുരം കോര്പ്പറേഷനിലെ കൊടുങ്ങാനൂര് വാര്ഡില് നിന്നാണ് വി.വി രാജേഷ് വിജയിച്ചത്.
വി.വി. രാജേഷ് മേയറായാൽ ആര്. ശ്രീലേഖ ആര്. ശ്രീലേഖ ഡെപ്യൂട്ടി മേയറാകുമെന്നാണ് റിപ്പോര്ട്ട്. ശാസ്തമംഗലം വാര്ഡില് നിന്നാണ് ആര്. ശ്രീലേഖ വിജയം നേടിയത്.
നിലവില് ഡെപ്യൂട്ടി മേയര് സ്ഥാനത്തേക്ക് പരിഗണിക്കുകയും പിന്നീട് ആര്. ശ്രീലേഖലയെ നിയമസഭാ തെരഞ്ഞെടുപ്പില് വട്ടിയൂര്ക്കാവില് സ്ഥാനാര്ഥിയാക്കുമെന്ന നിലയിലും റിപ്പോര്ട്ടുകളുണ്ട്.
എന്നാല്, മേയര് പദവിയില്ലെങ്കിലും സന്തുഷ്ടയാണെന്നായിരുന്നു ആര്. ശ്രീലേഖയുടെ ആദ്യ പ്രതികരണം. സാധാരണ കൗണ്സിലറായി തുടരും. വിജയം വലിയ അംഗീകാരമാണെന്നും ആര്. ശ്രീലേഖ പ്രതികരിച്ചിരുന്നു.
International
ന്യൂയോര്ക്ക്: ന്യൂയോര്ക്ക് സിറ്റിയുടെ ആദ്യ മുസ്ലിം മേയറായ സൊഹ്റാന് മംദാനിയുമായി യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് വൈറ്റ് ഹൗസില് കൂടിക്കാഴ്ച നടത്തി. അരമണിക്കൂറിലധികം ട്രംപും മംദാനിയും കൂടിക്കാഴ്ച നടത്തി. തുടര്ന്ന് നടത്തിയ വാര്ത്താസമ്മേളനത്തില് മംദാനിയെ അദ്ദേഹം പ്രശംസിച്ചു.
സൊഹ്റാന് മംദാനിയുടെ നേതൃത്വത്തില് ന്യൂയോര്ക്ക് സിറ്റിയില് കഴിയുന്നത് തനിക്ക് ‘വളരെ സുഖകരമായ' അനുഭവമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. മംദാനിയുടെ പ്രവര്ത്തനങ്ങള് സംബന്ധിച്ചുള്ള തന്റെ ധാരണകളെ ഈ കൂടിക്കാഴ്ച മാറ്റിമറിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
മംദാനി മേയറായി തെരഞ്ഞെടുക്കപ്പെട്ടാല് ന്യൂയോര്ക്ക് സിറ്റിക്ക് നല്കുന്ന ഫെഡറല് ഫണ്ടിംഗ് പിന്വലിക്കുമെന്നും നാഷണല് ഗാര്ഡിനെ അയയ്ക്കാന് മടിക്കില്ലെന്നും ട്രംപ് മുന്പ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി പറഞ്ഞത് ‘ഞാന് കരുതിയതിലും കൂടുതല് കാര്യങ്ങളില് ഞങ്ങള്ക്ക് യോജിപ്പുണ്ട്' എന്നായിരുന്നു. മംദാനി തന്നെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നതില് കുഴപ്പമില്ലെന്നും അദ്ദേഹത്തെ സാക്ഷിയാക്കി ട്രംപ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് മുട്ടട വാര്ഡിലെ യുഡിഎഫ് സ്ഥാനാര്ഥി വൈഷ്ണ സുരേഷിന്റെ വോട്ടുവെട്ടിയതിനു നേതൃത്വം നൽകിയത് കോർപ്പറേഷനുമായി ബന്ധപ്പെട്ട രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വമെന്ന് ആരോപണം.
മേയർ ആര്യാ രാജേന്ദ്രൻ നേരിട്ടെത്തി കോർപ്പറേഷനിലെ ഉദ്യോഗസ്ഥരെ കണ്ടാണ് വൈഷ്ണയുടെ വോട്ട് ഒഴിവാക്കിയതെന്നാണ് കോൺഗ്രസ് നേതാവ് കെ. മുരളീധരന്റെ ആരോപണം. ഇടതുസംഘടനാ നേതാക്കളാണ് ഇതിനു നേതൃത്വം നൽകിയതെന്നാണ് പരാതി.
കോർപ്പറേഷനിലെ തെരഞ്ഞെടുപ്പു ചുമതലയുള്ള അഡീഷണൽ സെക്രട്ടറി, ഹിയറിംഗ് ഉദ്യോഗസ്ഥൻ, അന്വേഷണ ഉദ്യോഗസ്ഥ എന്നിവർക്ക് ഗുരുതരമായ വീഴ്ചയുണ്ടായി എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയത്.
എന്നാൽ ഇത് ഉദ്യോഗസ്ഥർമാത്രം ചെയ്തതല്ലെന്നും സിപിഎം നേതാക്കളുടെ നിർദേശപ്രകാരമുള്ള ഗൂഢാലോചനയാണെന്നാണ് കോൺഗ്രസ് ആരോപണം.
യുഡിഎഫ് ഏറ്റവും പ്രായംകുറഞ്ഞ ആളെ രംഗത്തിറക്കിയതോടെയാണ് വളഞ്ഞവഴിയിലൂടെ പുറത്താക്കാനുള്ള ശ്രമം തുടങ്ങിയതെന്നാണ് ആരോപണം. അഡീഷണൽ സെക്രട്ടറി സജികുമാർ മുതൽ അന്വേഷണത്തിനു പോയ ബിൽ കളക്ടർ വരെയുള്ളവർ സിപിഎമ്മിന്റെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില് കോഴിക്കോട് കോര്പ്പറേഷന് മേയര് സ്ഥാനാർഥിയായി സെലിബ്രിറ്റികളെ ഇനി പരിഗണിക്കേണ്ടെന്ന തീരുമാനത്തില് കോണ്ഗ്രസ്. പ്രാദേശിക നേതൃത്വത്തെ പരിഗണിക്കാനാണ് പാർട്ടി തീരുമാനം.
വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് സംവിധായകൻ വി.എം. വിനുവിന് മത്സരിക്കാനായിരുന്നില്ല. ഇതേത്തുടർന്നാണ് കോൺഗ്രസ് നേതൃത്വം പുതിയ സ്ഥാനാർഥിയെ തേടുന്നത്. കഴിഞ്ഞ ദിവസം ചേര്ന്ന കോര് കമ്മിറ്റിയില് ഈ തീരുമാനം കൈകൊണ്ടതായാണ് വിവരം.
സാഹിത്യ, സിനിമ മേഖലയിൽ ഉള്ള ചിലരെ നേതാക്കൾ സമീപിച്ചിരുന്നു. ആരും സന്നദ്ധത അറിയിക്കാതിരുന്നതിനെ തുടർന്നാണ് പ്രാദേശിക നേതാക്കളിലേക്ക് എത്തിയിരിക്കുന്നത്. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.
കല്ലായി വാർഡിൽ നിന്നും മണ്ഡലം പ്രസിഡന്റ് കാളക്കണ്ടി ബൈജു, നിലവിലെ കൗണ്സിലര് എം.സി. സുധാമണി, സുരേഷ് കുമാര് തുടങ്ങിയവരാണ് പരിഗണനയിലുള്ളത്.
NRI
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി നിയുക്ത മേയർ സൊഹ്റാന് മംദാനിയുടെ പുതിയ ഭരണകൂടത്തിൽ പ്രവർത്തിക്കാൻ അപേക്ഷിച്ചത് 50,000-ത്തിലധികം പേർ. മംദാനിയുടെ ട്രാൻസിഷൻ പോർട്ടൽ വഴിയാണ് അപേക്ഷകൾ ലഭിച്ചത്.
സർക്കാർ സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷയാണ് ഈ വൻ പ്രതികരണത്തിന് കാരണമെന്ന് മംദാനി പറഞ്ഞു. കമ്യൂണിറ്റി ഓർഗനൈസർമാർ, പോളിസി വിദഗ്ധർ, പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ, ന്യൂയോർക്കിലെ സാധാരണ തൊഴിലാളികൾ എന്നിവരടങ്ങുന്ന വൈവിധ്യമാർന്ന ഒരു ടീമിനെയാണ് മംദാനിയുടെ ട്രാൻസിഷൻ ടീം തേടുന്നത്.
അപേക്ഷകൾ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെ, മംദാനിയുടെ ട്രാൻസിഷൻ കമ്മിറ്റി 30 മണിക്കൂറിനുള്ളിൽ 7,000-ത്തിലധികം ദാതാക്കളിൽ നിന്ന് 517,947 ഡോളർ (ഏകദേശം 4.3 കോടി രൂപ) സമാഹരിച്ചു. ഇത് കഴിഞ്ഞ രണ്ട് മേയർമാരുടെ ആദ്യ ടേം ട്രാൻസിഷൻ ഫണ്ടിംഗിനേക്കാൾ കൂടുതലാണ്.
Kerala
കോഴിക്കോട്: കോര്പറേഷനിലേക്ക് മത്സരിക്കുന്ന വി.എം.വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്. കല്ലായി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന വി.എം.വിനുവാണ് കോഴിക്കോട് കോര്പറേഷനിലേക്കുള്ള കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി.
കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പിൽ വി.എം.വിനു വോട്ട് ചെയ്തിരുന്നു. അന്നത്തെ ലിസ്റ്റും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പത്രസമ്മേളനത്തിൽ ഹാജരാക്കി. വർഷങ്ങളായി കോഴിക്കോട് താമസിക്കുന്ന ആളാണ് സംവിധായകൻകൂടിയായ വി.എം.വിനു. പിന്നെ എന്തിനാണ് പേര് ഒഴിവാക്കിയത്.
ഇതിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഹർജിനൽകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തിരുവന്തപുരം കോര്പറേഷനിലെ മുട്ടട ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേരും വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: തദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് വിവാദങ്ങൾ ഭയന്നല്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ. മത്സരിക്കേണ്ടെന്ന് തീരുമാനിക്കാൻ പാർട്ടിക്ക് അവകാശമുണ്ട്. ഒരാൾക്ക് മാത്രം എപ്പോഴും അവസരം കിട്ടിയാൽ പോരല്ലോ.
പാർട്ടി തന്ന പദവിയിൽ ഉയർന്നു പ്രവർത്തിച്ചുവെന്നാണ് വിശ്വാസം. വാർഡിൽ സ്ഥാനാർഥിയായാൽ അവിടെ മാത്രമായി ചുരുങ്ങിപ്പോകും. നിയമസഭയിലേക്ക് മത്സരിക്കുമോയെന്ന് പറയാൻ കഴിയില്ലെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.
ധിക്കാരിയെന്ന് വിളിക്കുന്നത് താനൊരു സ്ത്രീ ആയതുകൊണ്ടാണ്. പിൻസീറ്റ് ഡ്രൈവിംഗ് ആരോപണം സ്ത്രീകളെ അംഗീകരിക്കാത്തവരുടേതാണ്. പാർട്ടിയുടെ തീരുമാനം അനുസരിച്ചെ താൻ പ്രവർത്തിക്കൂവെന്നും ആര്യ രാജേന്ദ്രൻ കൂട്ടിച്ചേര്ത്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ സർപ്രൈസ് സ്ഥാനാർഥിമാരെ പ്രഖ്യാപിച്ചത് പോലെ സർപ്രൈസ് മേയറെയും പ്രഖ്യാപിക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പിനു ശേഷമായിരിക്കും മേയറെ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു..
തെരഞ്ഞെടുപ്പിൽ ശബരിമലയും സ്വർണക്കൊള്ളയും പ്രചരണ വിഷയമാക്കും. ബാക്കി സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായിട്ട് തന്നെ മുഴുവൻ സമയ പ്രചാരണങ്ങളിലേക്ക് കടക്കും.
അടിസ്ഥാന പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്താണെന്ന് പറഞ്ഞുകൊണ്ടായിരിക്കും വോട്ട് തേടുകയെന്ന് സുരേന്ദ്രൻ പറഞ്ഞു.
NRI
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയുടെ മേയറായി സൊഹ്റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടത് വലിയ വാർത്തയായി ഏതാണ്ട് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ആഹ്ലാദത്തോടെ വാർത്ത സ്വീകരിച്ചപ്പോൾ ഡാളസ് നഗരത്തിന്റെ സ്വന്തം ദിനപത്രമായ മോർണിംഗ് ന്യൂസ് നാലാം പേജിൽ താഴെ ഒരു കോളത്തിൽ ആറ് ഇഞ്ച് നീളത്തിൽ മാത്രമാണ് വാർത്ത നൽകിയത്.
ഇത് നടുക്കത്തോടെയാണ് മംദാനിയുടെ ആരാധകരും പത്രം പിന്താങ്ങുന്ന ഒരു ന്യൂനപക്ഷ സമുദായവും കണ്ടത്. ഈ പത്രത്തിന്റെ സ്ഥിരം വായനക്കാർ പ്രതീക്ഷിച്ചതു സാധാരണ ചെയ്യാറുള്ളത് പോലെ ഈ വാർത്ത വലിയ ചിത്രങ്ങളോടെ ആദ്യ പേജിൽ മുകളിൽ തന്നെ പ്രസിദ്ധീകരിക്കും എന്നാണ്.
വായനക്കാർ അമ്പരപ്പോടെ ഈ പത്രത്തിന്റെ കവറേജ് അന്യോന്യം ചർച്ച ചെയ്യുകയാണ്. ഡെമോക്രറ്റിക് പാർട്ടിയുടെ പുരോഗമന വിഭാഗത്തിന്റെ വിജയമായി ഈ വിജയം പത്രം വിശേഷിപ്പിച്ചു. അയഥാർഥമായ പ്രചാരണ വാഗ്ദാനങ്ങളാണ് പ്രചാരണ വിഭാഗം നൽകിയത് എന്ന് ചിലർ വിശേഷിപ്പിച്ചു എന്നും പത്രം പറഞ്ഞു.
ഈ വിജയത്തോടെ ന്യൂയോർക്കിന്റെ ആദ്യ മുസ്ലിം. സൗത്ത് ഏഷ്യൻ പാരമ്പര്യത്തിന്റെ ആദ്യ വ്യകതി, ആഫ്രിക്കയിൽ ജനിച്ച ആദ്യ വ്യക്തി, ഒരു നൂറ്റാണ്ടിനു ശേഷം മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നിങ്ങനെ ധാരാളം വിശേഷണങ്ങൾക്കു മംദാനി യോഗ്യനായി.
NRI
ന്യൂയോർക്ക്: ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റിയുടെ അടുത്ത മേയറായി വിജയിച്ചതോടെ നഗരത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമായിരിക്കുന്നു.
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ ഗവർണർ ആൻഡ്രൂ ക്വോമോ, റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിക്കൊണ്ടുള്ള ഈ വിജയം, കേവലം ഒരു തെരഞ്ഞെടുപ്പ് ഫലം എന്നതിലുപരി, അമേരിക്കൻ രാഷ്ട്രീയത്തിലെ മാറുന്ന സമവാക്യങ്ങളുടെയും പുരോഗമന രാഷ്ട്രീയത്തിന്റെ വളർച്ചയുടെയും സൂചനയാണ്.
ഈ വിജയത്തിന്റെ ചരിത്രപരമായ പ്രാധാന്യം
ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ: 34-ാം വയസ്സിൽ ഈ പദവിയിലെത്തുന്ന മംദാനി, നഗര നേതൃത്വത്തിലെ ഒരു തലമുറ മാറ്റത്തെ പ്രതിനിധീകരിക്കുന്നു.
ന്യൂയോർക്ക് സിറ്റിയുടെ ആദ്യത്തെ മുസ്ലിം മേയർ: നഗരത്തിന്റെ വൈവിധ്യമാർന്ന സാമൂഹിക ഘടനയുടെ പ്രതിഫലനമെന്ന നിലയിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണ്.
മംദാനിയുടെ പ്രചാരണം ഒരു "അണ്ടർഡോഗ് സ്ഥാനാർഥി' എന്ന നിലയിൽ നിന്നാണ് തുടങ്ങിയത്.
ആ യാത്രയുടെ നാൾവഴികൾ
ഏകദേശം ഒരു വർഷം മുൻപ് വരെ ന്യൂയോർക്ക് നിവാസികൾക്ക് അത്ര പരിചിതമല്ലാത്ത ഒരു പേരായിരുന്നു മംദാനിയുടേത്. പ്രൈമറി തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ വെറും ഒരു ശതമാനം മാത്രം പോളിംഗ് പിന്തുണയുമായി പ്രചാരണം ആരംഭിച്ച ഒരു സ്ഥാനാർഥി നഗരത്തിന്റെ പരമോന്നത പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അസാധാരണമായ സംഭവമാണ്.
ഇത് മംദാനിയുടെ പ്രചാരണ തന്ത്രങ്ങളുടെയും ജനകീയ പിന്തുണയുടെയും വിജയത്തെയാണ് എടുത്തുകാണിക്കുന്നത്. മംദാനിയുടെ പ്രചാരണത്തിന്റെ "അണ്ടർഡോഗ്' സ്വഭാവം വ്യക്തമാക്കുന്ന പ്രധാന ഘടകങ്ങൾ.
ചെറിയ തുടക്കം: പ്രൈമറിയുടെ പ്രാരംഭഘട്ടത്തിൽ അദ്ദേഹത്തിന്റെ പോളിംഗ് നിലവാരം വെറും ഒരു ശതമാനമായിരുന്നു. പ്രധാന മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ പോലും അദ്ദേഹം പ്രയാസപ്പെട്ടു. എന്നാൽ ഇന്ന്, അദ്ദേഹത്തിന്റെ കവറേജ് ലഭിക്കാൻ മാധ്യമങ്ങൾ മത്സരിക്കുന്ന സാഹചര്യമാണ്.
അണികളുടെ അടിയുറച്ച പിന്തുണ: അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിന്റെ വിജയസാധ്യത വളരെ കുറവായിരുന്നിട്ടും ഒരു വലിയ വിഭാഗം അനുയായികൾ തുടക്കം മുതൽ അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു.
വിജയവാർത്ത വന്നപ്പോൾ മംദാനിയുടെ ഹെഡ്ക്വാർട്ടേഴ്സിൽ ഉയർന്ന ആർപ്പുവിളികളും ആഹ്ലാദപ്രകടനങ്ങളും ഈ ജനകീയ പിന്തുണയുടെ തെളിവായിരുന്നു.
തളരാത്ത പ്രചാരണ ശൈലി: ഒരു "അണ്ടർഡോഗ്' സ്ഥാനാർഥിക്ക് ചേർന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. ഉദാഹരണത്തിന്, തെരഞ്ഞെടുപ്പിന് തലേദിവസം സൂര്യോദയ സമയത്ത് ബ്രൂക്ക്ലിൻ ബ്രിഡ്ജിലൂടെ കാൽനടയായി പ്രചാരണം നടത്തിയത് അദ്ദേഹത്തിന്റെ ഊർജസ്വലമായ ശൈലിയുടെ അടയാളമായിരുന്നു.
ഈ ഘടകങ്ങൾ ഒത്തുചേർന്നപ്പോൾ, സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ മുന്നിലായിരുന്ന എതിരാളികളെ മറികടക്കാൻ മംദാനിയുടെ പ്രചാരണത്തിന് കഴിഞ്ഞു. അടിത്തട്ടിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇതിൽ നിന്ന് വ്യക്തമായ ഒരു പാഠമുണ്ട്.
വോട്ടർമാരുമായി നേരിട്ട് സംവദിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ ഒരു പ്രചാരണത്തിന്, തുടക്കത്തിൽ മാധ്യമശ്രദ്ധയിലോ സ്ഥാപനവത്കൃത പിന്തുണയിലോലുള്ള കുറവുകളെ മറികടക്കാനും സ്വന്തമായി ഒരു മുന്നേറ്റം സൃഷ്ടിക്കാനും സാധിക്കും.
മംദാനി നേരിട്ട വിവിധങ്ങളായ എതിർപ്പുകൾ അദ്ദേഹത്തിന്റെ വിജയത്തിന്റെ മാറ്റു വർധിപ്പിക്കുന്നു. പ്രചാരണത്തിന്റെ അവസാന നാളുകളിൽ കടുത്ത വ്യക്തിപരമായ ആക്രമണങ്ങൾക്കും രാഷ്ട്രീയ വെല്ലുവിളികൾക്കും അദ്ദേഹം വിധേയനായി.
ഈ പ്രതിബന്ധങ്ങളെ അതിജീവിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വ്യക്തിത്വത്തെയും നേതൃശേഷിയെയും കൂടുതൽ ശക്തമാക്കി.
പ്രചാരണ വേളയിൽ അദ്ദേഹം നേരിട്ട പ്രധാന വെല്ലുവിളികൾ
പാർട്ടിക്കുള്ളിലെ എതിർപ്പ്
അദ്ദേഹത്തിന്റെ സ്വന്തം ഡെമോക്രാറ്റിക് പാർട്ടിയിലെ ചിലർ തന്നെ അദ്ദേഹത്തെ കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് എന്നിങ്ങനെ മുദ്രകുത്തി ആക്രമിച്ചു. പാർട്ടിയുടെ മുഖ്യധാരയിൽ നിന്ന് വ്യത്യസ്തമായ അദ്ദേഹത്തിന്റെ പുരോഗമനപരമായ നിലപാടുകളായിരുന്നു ഈ എതിർപ്പിന് കാരണം.
എന്നിരുന്നാലും ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസിനെപ്പോലുള്ള പ്രമുഖ നേതാക്കൾ ഈ സമയത്തും അദ്ദേഹത്തെ ശക്തമായി പിന്തുണച്ചു.
ഡൊണൾഡ് ട്രംപിന്റെ ഇടപെടൽ
മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഇടപെടൽ, ഒരു പ്രാദേശിക തെരഞ്ഞെടുപ്പിലേക്ക് ദേശീയ രാഷ്ട്രീയത്തിലെ സംഘർഷങ്ങൾ ബോധപൂർവം സന്നിവേശിപ്പിച്ചു. ഇത് മംദാനിയുടെ പുരോഗമന നിലപാടുകളെ ഒരു ദേശീയ ഭീഷണിയായി ചിത്രീകരിക്കാനുള്ള തന്ത്രമായിരുന്നു.
ട്രംപ് പരസ്യമായി ആൻഡ്രൂ ക്വോമോയെ പിന്തുണയ്ക്കുകയും മംദാനി വിജയിച്ചാൽ ന്യൂയോർക്ക് സിറ്റിക്കുള്ള ഫെഡറൽ ഫണ്ടുകൾ തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ, മംദാനിയുടെ പ്രമുഖ പിന്തുണക്കാരിയായ ലെറ്റീഷ്യ ജെയിംസിനെതിരേയും ട്രംപ് രംഗത്തുവന്നു.
ഈ ഭീഷണികളോട് പ്രതികരിക്കവെ, നിലവിലെ മേയർ എറിക് ആഡംസ് സ്വീകരിച്ചതിനേക്കാൾ ശക്തമായ നിലപാട് താൻ സ്വീകരിക്കുമെന്ന് മംദാനി പ്രഖ്യാപിച്ചു. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് അദ്ദേഹം ചരിത്രപരമായ ഒരു വിജയത്തിലേക്ക് നടന്നുകയറിയത്.
മംദാനിയുടെ വിജയം കേവലം ഒരു തെരഞ്ഞെടുപ്പ് ഫലം എന്നതിലുപരി ന്യൂയോർക്ക് സിറ്റിയുടെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണ്. നഗരത്തിന്റെ മാറുന്ന ജനസംഖ്യാ ഘടനയെയും രാഷ്ട്രീയ മുൻഗണനകളെയും ഇത് വ്യക്തമായി പ്രതിഫലിപ്പിക്കുന്നു.
ഇത് ഒരു വ്യക്തിയുടെ വിജയം എന്നതിലുപരി, പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന്റെ ഉദയം കൂടിയാണ്.
International
ന്യൂയോർക്ക്: അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഇന്തോ-അമേരിക്കൻ മുസ്ലിം ന്യൂയോർക്ക് സിറ്റിയുടെ മേയറായപ്പോൾ കനത്ത ക്ഷീണമായത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്.
മേയർ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് ട്രംപ് മംദാനിക്കെതിരേ പരസ്യമായി രംഗത്തുവന്നത്. മംദാനി ജയിച്ചാൽ വലിയ ദുരന്തമായിരിക്കുമെന്ന് മുന്നറിയിപ്പിന്റെ രീതിയിൽ അദ്ദേഹം ന്യൂയോർക്ക് സിറ്റിയിലെ ജനതയോടു പറഞ്ഞു. എന്നാൽ, ട്രംപിന്റെ വാക്കുകൾ തിരിച്ചടിച്ചപ്പോൾ സൊഹ്റാൻ മംദാനി വലിയ ജയമാണു കരസ്ഥമാക്കിയത്.
പ്രായം കുറഞ്ഞ മേയർ
34 കാരനായ മംദാനി, ന്യൂയോർക്ക് സിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും. ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയതും തെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയമാനം നൽകി. മംദാനിയുടെ വിജയം ട്രംപിന്റെ പല നടപടികളോടുമുള്ള ജനങ്ങളുടെ പ്രതിഷേധം കൂടി
പ്രതിഫലിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ന്യൂയോർക്കിലെ മേയർ തെരഞ്ഞെടുപ്പിൽ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. രണ്ടു ദശലക്ഷത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ബോർഡ് അറിയിച്ചു.
സൊഹ്റാൻ മംദാനി
1991 ഒക്ടോബർ 18ന് ഉഗാണ്ടയിലെ കമ്പാലയിൽ ജനിച്ച മംദാനി, ഉഗാണ്ടൻ പണ്ഡിതൻ മഹ്മൂദ് മംദാനിയുടെയും പ്രശസ്ത ഇന്ത്യൻ ചലച്ചിത്രകാരി മീര നായരുടെയും മകനാണ്. അദ്ദേഹത്തിന്റെ ആദ്യകാലങ്ങൾ ഉഗാണ്ടയിലായിരുന്നു. പിന്നീട്, ദക്ഷിണാഫ്രിക്കയിലേക്കും തുടർന്ന് ന്യൂയോർക്ക് സിറ്റിയിലേക്കും കുടിയേറി.
ബാങ്ക് സ്ട്രീറ്റ് സ്കൂൾ ഫോർ ചിൽഡ്രനിലും ബ്രോങ്ക്സ് ഹൈ സ്കൂൾ ഓഫ് സയൻസിലും പഠിച്ചു. 2014ൽ ബൗഡോയിൻ കോളജിൽനിന്ന് ആഫ്രിക്കാന സ്റ്റഡീസിൽ ബിരുദം നേടി. അവിടെ അദ്ദേഹം സ്റ്റുഡന്റസ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ എന്ന സംഘടനയുടെ സഹസ്ഥാപകനായിരുന്നു.
ആകാംക്ഷയോടെ നഗരം
മംദാനിയുടെ സ്ഥാനാർഥിത്വം പ്രത്യയശാസ്ത്രപരമായ ഭിന്നതയ്ക്കു കാരണമായി. പലസതീൻ അനുകൂല സംഘടനയുടെ വക്താവായ മംദാനി ന്യൂയോർക്കിന്റെ മേയറാകുന്നതിൽ ട്രംപ് ഉൾപ്പെടെയുള്ള വലിയ വിമർശനം ഉന്നയിച്ചിരുന്നു. ട്രംപ് ഉൾപ്പെടെയുള്ളവർ മംദാനി അമേരിക്കു വലിയ ഭീഷണിയാകുമെന്ന പ്രചാരണവും നടത്തിയിരുന്നു.
വിജയിച്ചാൽ നഗരം ഏറ്റെടുക്കുമെന്നും മംദാനിയെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തിയ ട്രംപിനെ, മംദാനി എങ്ങനെ നേരിടും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
NRI
ന്യൂയോർക്ക്: ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത്യൻ വംശജനുമായ സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ, റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് മംദാനിയുടെ നേട്ടം.
തെരഞ്ഞെടുപ്പിൽ 17 ലക്ഷം പേർ വോട്ട് ചെയ്തുവെന്ന് ന്യൂയോർക്ക് സിറ്റിബോർഡ് ഓഫ് ഇലക്ഷൻ അറിയിച്ചു. ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്ലിമാണ് 34കാരനായ സൊഹ്റാൻ മംദാനി.
അതേസമയം, മംദാനിക്കെതിരേ പരസ്യമായി രംഗത്തെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും അദ്ദേഹത്തിന്റെ വിജയം തിരിച്ചടിയായി. മേയറായി മംദാനി തെരഞ്ഞെടുക്കപ്പെട്ടാൽ ന്യൂയോർക്കിന് വിപത്തുണ്ടാകുമെന്നും ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
മംദാനി വിജയിച്ചാൽ സമ്പൂർണമായ സാമ്പത്തിക, സാമൂഹിക ദുരന്തമായി മാറുമെന്നും നഗരത്തിന്റെ അതിജീവനം അസാധ്യമാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. തെരഞ്ഞെടുപ്പിനു മണിക്കൂറുകൾക്ക് മുൻപായിരുന്നു ട്രംപ് വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകിയത്.
മുൻ ഗവർണറും മംദാനിയുടെ എതിരാളിയുമായ ആൻഡ്രൂ ക്യൂമോയ്ക്കു ട്രംപ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ആൻഡ്രൂ ക്യൂമോയെ വ്യക്തിപരമായി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങൾക്ക് മറ്റു മാർഗമില്ല. നിങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്യണം, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് അതിന് കഴിവുണ്ട്, മംദാനി അങ്ങനെയല്ല- ട്രംപ് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പ് ഫലം ഉടൻ. ഡെമോക്രാറ്റിത് സ്ഥാനാർഥിയും ഇന്ത്യൻ വംശജനുമായ സൊഹ്റാൻ മംദാനി ഏറെ മുന്നിലുണ്ട്.
തെരഞ്ഞെടുപ്പിൽ 17ലക്ഷം പേർ വോട്ട് ചെയ്തുവെന്ന് ന്യൂയോർക്ക് സിറ്റിബോർഡ് ഓഫ് ഇലക്ഷൻ അറിയിച്ചു.
അതേസമയം, മേയറായി മംദാനി തെരഞ്ഞെടുക്കപ്പെട്ടാൽ ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണി മുഴക്കിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ന്യൂയോർക്കിന് വിപത്തുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
മംദാനി വിജയിച്ചാൽ സമ്പൂർണമായ സാമ്പത്തിക, സാമൂഹിക ദുരന്തമായി മാറുമെന്നും നഗരത്തിന്റെ അതിജീവനം അസാധ്യമാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. തെരഞ്ഞെടുപ്പിനു മണിക്കൂറുകൾക്ക് മുൻപായിരുന്നു ട്രംപ് വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകിയത്.
മുൻ ഗവർണറും മംദാനിയുടെ എതിരാളിയുമായ ആൻഡ്രൂ ക്യൂമോയ്ക്കു ട്രംപ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ആൻഡ്രൂ ക്യൂമോയെ വ്യക്തിപരമായി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങൾക്ക് മറ്റു മാർഗമില്ല. നിങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്യണം, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് അതിന് കഴിവുണ്ട്, മംദാനി അങ്ങനെയല്ല- ട്രംപ് കൂട്ടിച്ചേർത്തു.