വി.വി. രാജേഷ്, മല്ലിക സുകുമാരൻ
വെള്ളക്കെട്ട് ഒഴിവാക്കിയതിന് മേയർ വി.വി. രാജേഷിനെ കഴിഞ്ഞ ദിവസമാണ് നടി മല്ലിക സുകുമാരൻ പുകഴ്ത്തിയത്. പിന്നാലെ ഇന്നലെ പെയ്ത മഴയിൽ തലസ്ഥാനം മുങ്ങുന്ന കാഴ്ചയാണുണ്ടായത്.
ഒന്നര മണിക്കൂർ പെയ്ത മഴയിൽ അരമണിക്കൂറിനുള്ളിൽ തന്നെ തമ്പാനൂർ മുങ്ങിതോടെ മല്ലിക സുകുമാരനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴപോലെ പെയ്തുതുടങ്ങി.
കഴിഞ്ഞ ദിവസം മേയറിന്റെ ഓഫിസിലെത്തി കാര്‍ത്തിക ദീപം തെളിയിക്കലില്‍ മല്ലിക പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് മേയറിന്റെ നേതൃത്വത്തിലുള്ള കോര്പ്പറേഷന് പരിഹരിച്ചെന്ന് പറഞ്ഞു പുകഴ്ത്തിയത്.
‘‘ഞാൻ നേരിട്ട് ഇറങ്ങിയിട്ട് നടക്കാത്ത കാര്യമായിരുന്നു എന്റെ വീടിനു പുറകിലെ വെള്ളപ്പൊക്കം. നിങ്ങളടക്കമുള്ളവർ പറഞ്ഞു, തമ്പാനൂരിലെ വെള്ളം കുറയുന്നില്ല, പോകുന്നില്ല എന്നൊക്കെ. എന്തിനാണ് മോനെ ഈ നുണയൊക്കെ പറയുന്നത്. ഞാനെന്റെ സാരിയൊക്കെ പൊക്കിപ്പിടിച്ച് എത്രയോ തവണ നടന്നിരിക്കുന്നു.
ഇപ്പോള്‍ ആ വെള്ളം പോകുവാനുള്ള സംവിധാനമുണ്ടായി. കൃത്യമായി വൃത്തിയാക്കൽ നടന്നുവരുന്നു. രണ്ട് കൊല്ലം മുമ്പ് വരെ മൂന്ന് ദിവസം എന്റെ വീടിനു മുന്നിലെ ഇഷ്ടിക പെറുക്കാൻ ആളില്ലായിരുന്നു. ഞാൻ കണ്ട കാലം മുതൽ എങ്ങനെയാണോ ജോലിയോടുള്ള ആത്മാർഥത, ഇപ്പോഴും ഇങ്ങനെയൊരു പദവിയിലെത്തിയിട്ടും അത് തുടരുന്ന രീതി എടുത്തു പറയണം. ഏത് രാഷ്ട്രീയക്കാരനായാലും അത് നല്ലൊരു കാര്യമാണ്. ജനങ്ങള്‍ അത് മനസിലാക്കുന്നുണ്ട്.’’മല്ലിക സുകുമാരൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഇന്നലെ സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ തമ്പാനൂരടക്കമുള്ള തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളത്തിലായതോടെയാണ് മല്ലിക സുകുമാരന്‍ വെട്ടിലായത്.
ബസ്സ്റ്റാൻഡിൽ യാത്രക്കാർ കുടുങ്ങി. റോഡുകൾ തോടുകളായി, വാഹനങ്ങൾ വെള്ളക്കെട്ടിൽ നിശ്ചലമായി. കടകളിലും വെള്ളംകയറി. ഇന്നലെ ഉച്ചയ്ക്കു 12ന് തുടങ്ങിയ മഴയെത്തുടർന്നാണ് തമ്പാനൂരിലെ റോഡും നടപ്പാതയും തിരിച്ചറിയാനാകാത്തവിധം വെള്ളംനിറഞ്ഞത്.
ഓടകളിലെ മാലിന്യം നീക്കംചെയ്യാത്തതും വെള്ളക്കെട്ടിനു കാരണമായി. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും റോഡിലൂടെ ഒഴുകി. മുട്ടോളം മലിനജലത്തിലൂടെയാണു പലരും റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കുമെത്തിയത്.
ഉച്ചയ്ക്ക് ഒന്നരയോടെ മഴ ശമിച്ചെങ്കിലും രണ്ടരയോടെയാണ് വെള്ളം ഇറങ്ങിത്തുടങ്ങിയത്. കോർപറേഷൻ തൊഴിലാളികളും പൊലീസുകാരും ഓടകളിലെ തടസം നീക്കിയിട്ടും തമ്പാനൂരിൽ വെള്ളക്കെട്ട് തുടർന്നു.
കോർപറേഷൻ ഭരണത്തിന്റെ പരാജയമാണ് നഗരത്തിലുണ്ടായ വെള്ളക്കെട്ടെന്ന് കോൺഗ്രസ് കൗൺസിലർ കെ.എസ്.ശബരീനാഥൻ പറഞ്ഞു. ഗോവയിലാണെന്നും മടങ്ങിയെത്തിയശേഷം വെള്ളക്കെട്ടിന്റെ കാരണങ്ങൾ നേരിട്ടുപരിശോധിക്കുമെന്നും മേയർ വി.വി.രാജേഷ് അറിയിച്ചു.
Tags : Mallika Sukumaran Troll mayor mallika thiruvananthapuram