ശബരിമല
പത്തനംതിട്ട: ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിൽ സുരക്ഷാ വീഴ്ചയെന്ന് പൊലിസ് സൈബർ സുരക്ഷാ വിഭാഗം. ആധാർ നമ്പറിന് പകരം ഏതെങ്കിലും 12 അക്കങ്ങൾ നൽകിയാൽ പോലും ബുക്കിംഗ് പൂർത്തിയാക്കാൻ കഴിയുന്നുണ്ടെന്നും പൊലിസ് വ്യക്തമാക്കി. ആധാർ പരിശോധനയ്ക്ക് ഒടിപി സംവിധാനം നിർബന്ധമല്ലാതിരുന്ന സാഹചര്യം മുതലെടുത്ത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ സ്ലോട്ടുകൾ കൈക്കലാക്കിയെന്നാണ് കണ്ടെത്തൽ.
തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ തീർഥാടകർക്കായി ഏജൻസികൾ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുകയും പിന്നീട് പണം വാങ്ങി വിൽക്കുകയുമായിരുന്നു. ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് നിരവധി ബുക്കിങ്ങുകൾ നടത്തിയിരുന്നു. തീർഥാടകരുടെ പേരും വിലാസവും ഉൾപ്പെടെയുള്ള വിവരങ്ങൾ തെറ്റായി നൽകിയാണ് പല ബുക്കിങ്ങുകളും നടത്തിയിരുന്നത്.
ഇതോടെ ഭക്തർക്ക് ആ സ്ലോട്ടുകളിൽ ദർശനത്തിന് എത്താൻ കഴിയാത്ത അവസ്ഥയുണ്ടായി. ശബരിമലയിലെത്തുന്ന തീർഥാടകരുടെ എണ്ണം കുറയാനും ഇത് കാരണമായെന്നാണ് വിലയിരുത്തൽ. മുൻവർഷങ്ങളെ അപേക്ഷിച്ച് ദർശനത്തിനെത്തുന്നവരുടെ തിരക്കിൽ ഗണ്യമായ കുറവുണ്ടായതിനു പിന്നിൽ ഇത്തരം ക്രമക്കേടുകൾക്ക് പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
വെർച്വൽ ക്യൂ ബുക്കിങ്ങിൽ ആധാർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും ഒടിപി വഴിയുള്ള പരിശോധനയിൽ ഉണ്ടായിരുന്ന പഴുതാണ് ഏജൻസികൾ ദുരുപയോഗം ചെയ്തത്. യഥാർഥ ആധാർ വിവരങ്ങൾ നൽകാതെ തന്നെ ബുക്കിംഗ് നടത്താൻ കഴിഞ്ഞത് തീർഥാടന കേന്ദ്രത്തിന്റെ സുരക്ഷാ സംവിധാനത്തിലെ ഗുരുതര വീഴ്ചയായാണ് കാണുന്നത്.
കേരളത്തിൽ അന്വേഷണം ആരംഭിച്ചതോടെ നേരത്തെ കൂട്ടത്തോടെ ബുക്ക് ചെയ്ത സ്ലോട്ടുകൾ റദ്ദാക്കാനും ഏജൻസികൾ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതോടെ ആരൊക്കെയാണ് ബുക്കിങ്ങുകൾ റദ്ദാക്കിയതെന്നും ഏതെല്ലാം ഏജൻസികളാണ് ക്രമക്കേടിന് പിന്നിലെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ദേവസ്വം ബോർഡും പൊലിസും.
Tags : TravancoreDevaswomBoard VirtualQueue SecurityBreach KeralaPolice CyberSecurity