x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐടി ഭീമൻ എസ്എപിയിൽ കൂട്ടപ്പിരിച്ചുവിടൽ; 10,000 പേർക്ക് ജോലി നഷ്ടപ്പെട്ടേക്കും, ആശങ്കയിൽ ഇന്ത്യൻ ജീവനക്കാരും

വെബ് ഡെസ്ക്
Published: November 27, 2026 07:40 PM IST | Updated: November 27, 2026 07:40 PM IST

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: നിർമിതബുദ്ധി (എഐ) മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി യൂറോപ്പിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനിയും ജർമൻ ഐടി ഭീമനുമായ എസ്എപി ആഗോളതലത്തിൽ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു.

കമ്പനിയുടെ ആകെ 1.10 ലക്ഷം ജീവനക്കാരിൽ ഏതാണ്ട് ഒൻപത് ശതമാനം പേർക്കാണ് ഇതോടെ തൊഴിൽ നഷ്ടമാകുക. ജർമനി കഴിഞ്ഞാൽ എസ്എപിയുടെ ഏറ്റവും വലിയ രണ്ടാമത്തെ റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് കേന്ദ്രം ബംഗളൂരുവിലായതിനാൽ ഇന്ത്യൻ ജീവനക്കാർക്കിടയിലും കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ട്. മലയാളികൾ ഉൾപ്പെടെ 17,433 ജീവനക്കാരാണ് നിലവിൽ ഇന്ത്യയിൽ കമ്പനിക്കുള്ളത്.

ഏതൊക്കെ വിഭാഗങ്ങളിൽ നിന്നാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയെന്ന് എസ്എപി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും പ്രോഡക്റ്റ് ആൻഡ് എൻജിനീയറിംഗ്, സെയിൽസ് വിഭാഗങ്ങളിലുള്ളവരാണ് കൂടുതലും ആശങ്കപ്പെടുന്നത്. തൊഴിൽ വെട്ടിക്കുറയ്ക്കൽ സാധ്യതയുള്ള മേഖലകൾ കണ്ടെത്തി അറിയിക്കാൻ അതത് വിഭാഗങ്ങളോട് കമ്പനി നിർദേശിച്ചതായാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.

സാധാരണയായി വാർഷിക പ്രവർത്തനഫല പ്രഖ്യാപനത്തോടനുബന്ധിച്ച് ജനുവരി അവസാനത്തോടെയാണ് എസ്എപി കമ്പനിയിലെ പുനഃക്രമീകരണ പദ്ധതികൾ പ്രഖ്യാപിക്കാറുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിൽ 2027 ജനുവരിയിലാകും പിരിച്ചുവിടൽ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. കൃത്യമായി എത്രപേരെ ഒഴിവാക്കുമെന്നും ഏതൊക്കെ രാജ്യങ്ങളെയാണ് ഇത് ബാധിക്കുകയെന്നും അന്ന് വ്യക്തമാകും.

നേരത്തെ 2024ലും സമാനമായ രീതിയിൽ 10,000 പേരെ കമ്പനി ഒഴിവാക്കിയിരുന്നു. അന്ന് പിരിച്ചുവിടപ്പെട്ടവർക്കായി മൊത്തം 330 കോടി ഡോളറിന്‍റെ നഷ്ടപരിഹാര പാക്കേജ് കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത്തവണ അത്തരം ആനുകൂല്യങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ജർമനിയിലെ ജീവനക്കാരെ 2028 വരെ പിരിച്ചുവിടില്ലെന്ന് കമ്പനി നേരത്തെ എംപ്ലോയ്മെന്‍റ് ഗ്യാരന്‍റി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിലെ ജീവനക്കാരെയാകും നടപടി കൂടുതൽ ബാധിക്കുകയെന്ന ആശങ്കയും ശക്തമാണ്. വിഷയത്തിൽ എസ്എപി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags : Job IT Employees MassLayoffs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up