പ്രതീകാത്മക ചിത്രം
മുംബൈ: 2008ലെ 26/11 മുംബൈ ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകരകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്താൻ ഇന്ത്യൻ വ്യോമസേന പൂർണസജ്ജമായിരുന്നു എന്ന മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ഫാലി ഹോമി മേജറുടെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നു. സർക്കാരിന്റെ അനുമതി ലഭിച്ചാൽ 16 മണിക്കൂറിനുള്ളിൽ തിരിച്ചടി നൽകാൻ കഴിയുന്ന പദ്ധതി അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് മുന്നിൽ സമർപ്പിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് നടന്നത് അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2021-ൽ 'ഇന്ത്യ ടുഡേ ടിവി'ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഫാലി ഹോമി മേജർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മുംബൈ ഭീകരാക്രമണം നടന്ന് 18 വർഷം പൂർത്തിയായ വേളയിലും, തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലുമാണ് പഴയ അഭിമുഖത്തിലെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വീണ്ടും സജീവമാകുന്നത്.
2008 നവംബർ 26-ന് നടന്ന മുംബൈ ഭീകരാക്രമണത്തിൽ 10 പാക് ഭീകരർ നടത്തിയ കൂട്ടക്കൊലയിൽ 166 പേർക്കാണ് ജീവൻ നഷ്ടമായത്. "മുംബൈയിൽ ഭീകരർ നടത്തിയ ക്രൂരമായ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഞാൻ വ്യക്തിപരമായി ആഗ്രഹിച്ചിരുന്നു," എന്നാണ് അന്നത്തെ ദിവസങ്ങൾ ഓർത്തെടുത്ത് ഫാലി ഹോമി മേജർ പറഞ്ഞത്.
16 മണിക്കൂറിനുള്ളിൽ തിരിച്ചടിക്ക് സജ്ജം
മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ഭീകരാക്രമണങ്ങൾക്കിടെ, നവംബർ 28-ന് തന്നെ തിരിച്ചടി നൽകാനുള്ള സാധ്യത വ്യോമസേന സർക്കാരിനെ അറിയിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. "സമ്മതം ലഭിച്ചാൽ 16 മണിക്കൂറിനുള്ളിൽ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്താൻ സാധിക്കുമെന്ന് ഞങ്ങൾ അറിയിച്ചു.
ഓപ്പറേഷൻ സ്റ്റാഫുമായി നേരത്തെ ചർച്ച ചെയ്ത് തയ്യാറാക്കിയ പദ്ധതി, സേനാമേധാവികളെ വിളിച്ചുവരുത്തി നടത്തിയ ബ്രീഫിംഗിൽ പ്രധാനമന്ത്രിക്ക് കൈമാറി," മേജർ ഓർത്തെടുത്തു. 2015-ലെ 'ഇന്ത്യ ടുഡേ' മാഗസിൻ റിപ്പോർട്ടിലും ഇക്കാര്യം പരാമർശിച്ചിരുന്നു.
രഹസ്യാന്വേഷണ ഏജൻസികൾ വിവരം നൽകിയ ഭീകരകേന്ദ്രങ്ങളിൽ അതിർത്തി കടന്ന് വ്യോമാക്രമണം നടത്താനായിരുന്നു വ്യോമസേനയുടെ ലക്ഷ്യം. ഇതിനുള്ള ശേഷി അന്ന് വ്യോമസേനയ്ക്കുണ്ടായിരുന്നുവോ എന്ന ചോദ്യത്തിന് 'തീർച്ചയായും ഉണ്ടായിരുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കേന്ദ്രത്തിന്റെ നിലപാട്
എന്നാൽ, രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് പ്രതീക്ഷിച്ച നിർദ്ദേശം ഒരിക്കലും വന്നില്ല. "മറുപടിയൊന്നും ഉണ്ടായിരുന്നില്ല. 'ഞങ്ങൾ നിങ്ങളെ അറിയിക്കാം' എന്ന് മാത്രമാണ് അവർ പറഞ്ഞത്. അത്രമാത്രം," അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് ആണവായുധ രാജ്യങ്ങൾ തമ്മിലുള്ള പൂർണയുദ്ധമായി സാഹചര്യം മാറാതിരിക്കാനും, അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ പാക് ഭീകരതയിൽ നിന്ന് ഇന്ത്യ-പാക് അതിർത്തി തർക്കത്തിലേക്ക് വഴിമാറാതിരിക്കാനുമാണ് അന്നത്തെ കേന്ദ്രസർക്കാർ സൈനിക നടപടി ഒഴിവാക്കി നയതന്ത്രപരമായ സമീപനം സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, യുപിഎ സർക്കാരിന്റെ കാലത്ത് സ്വീകരിച്ചത് ദുർബലമായ നിലപാടാണെന്നും, പിന്നീട് എൻഡിഎ സർക്കാരിന്റെ കാലത്ത് അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകിയിട്ടുണ്ടെന്നുമുള്ള രാഷ്ട്രീയ ചർച്ചകളും ഇതിനൊപ്പം ശക്തമാകുന്നുണ്ട്.
Tags : mumbai attack Military airforce ready government UPA Former Air Chief revelation