പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതി പരാജയമാണെന്നു വ്യക്തമായിയിട്ടും പരിഷ്കരിച്ച പദ്ധതിയുമായി സർക്കാർ മുന്നോട്ട്.
സബ്സിഡി കാലാവധി അവസാനിച്ചതോടെ വിമാനക്കമ്പനികൾ സർവീസുകൾ പിൻവലിക്കുകയും നിരവധി വിമാനത്താവളങ്ങൾ പ്രവർത്തനരഹിതമാകുകയും ചെയ്ത സാഹചര്യത്തിലാണ് അടുത്ത പത്തുവർഷത്തേക്ക് 28,840 കോടി രൂപ ചെലവഴിച്ചുള്ള പുതിയ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്.
2016 ഒക്ടോബറിൽ ആരംഭിച്ച ഉഡാൻ പദ്ധതി പത്തുവർഷം പിന്നിടുമ്പോഴും ലക്ഷ്യത്തിലെത്താനായില്ലെന്നാണ് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. തുടക്കത്തിൽ പദ്ധതിയിൽ വലിയ താത്പര്യം പ്രകടിപ്പിച്ച വിമാനക്കമ്പനികൾ സർക്കാർ നൽകിയ സബ്സിഡിയുടെ ആനുകൂല്യം ലഭിച്ചിരുന്ന കാലയളവിൽ മാത്രമാണു പല റൂട്ടുകളിലും സർവീസ് നടത്തിയത്. മൂന്നുവർഷത്തെ സബ്സിഡി കാലാവധി അവസാനിച്ചതോടെ സർവീസുകൾ ലാഭകരമല്ലെന്നു ചൂണ്ടിക്കാട്ടി കമ്പനികൾ പിന്മാറുകയായിരുന്നു. ഇതോടെ നിരവധി വിമാനത്താവളങ്ങളിൽ വിമാനസർവീസുകൾ പൂർണമായും നിലച്ചു.
പദ്ധതിയുടെ ഭാഗമായി വിമാനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ ചെലവിന്റെ ഒരു ഭാഗം കേന്ദ്രസർക്കാരാണു സബ്സിഡിയായി നൽകിയിരുന്നത്. എന്നാൽ സബ്സിഡി അവസാനിച്ചതോടെ സ്വന്തം നിലയിൽ സർവീസ് തുടരുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്നു കണ്ട് കമ്പനികൾ പിന്മാറി. ഉഡാൻ സർവീസുകൾ തങ്ങൾക്കു ലാഭകരമായിരുന്നില്ലെന്ന് വിമാനക്കമ്പനികളും സമ്മതിക്കുന്നുണ്ട്.
അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും പദ്ധതിക്കു തിരിച്ചടിയായി. പല വിമാനത്താവളങ്ങളിലും റൺവേകളിൽ ലാൻഡിംഗ് സഹായ ഉപകരണങ്ങളില്ലാത്തതിനാൽ കാഴ്ചപരിധി കുറഞ്ഞ സമയങ്ങളിൽ വിമാനം ഇറക്കുന്നത് അപകടസാധ്യതയുള്ളതായിരുന്നു. ആവശ്യമായ ടെർമിനൽ കെട്ടിടങ്ങളുടെയും എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങളുടെയും അഭാവവും പ്രവർത്തനത്തെ ബാധിച്ചു.
പോരായ്മകൾ പരിഹരിക്കുമെന്ന് സർക്കാർ
നിലവിലെ പദ്ധതിയിലെ പോരായ്മകൾ പരിഹരിക്കുമെന്ന അവകാശവാദത്തോടെയാണ് 2026-27 മുതൽ 2035-36 വരെയുള്ള പത്തുവർഷത്തേക്ക് 28,840 കോടി രൂപ ചെലവിൽ പരിഷ്കരിച്ച ഉഡാൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.
Tags : UDAN scheme Government failure proving Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash