ഇമ്രാൻ മസൂദ്
ന്യൂഡൽഹി: സമാജ്വാദി പാർട്ടിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാൻ അഖിലേഷ് യാദവിന്റെ പാർട്ടി മടിക്കുന്നതിനെ മസൂദ് രൂക്ഷമായി വിമർശിച്ചു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എസ്പിക്ക് 37 സീറ്റുകൾ നേടാനായത് രാഹുൽ ഗാന്ധിയുടെ പ്രചാരണ മികവ് കൂടി കൊണ്ടാണെന്ന് സഹാറൻപൂർ എംപിയായ മസൂദ് ഓർമ്മിപ്പിച്ചു. 'രാഹുൽ ഗാന്ധി കാരണമാണ് നിങ്ങൾക്ക് 37 സീറ്റുകൾ നേടാനായത്. നിങ്ങൾക്ക് പങ്കില്ലെന്ന് ഞങ്ങൾ പറയുന്നില്ല, പക്ഷേ ഞങ്ങളും വിജയിച്ചിട്ടുണ്ട്. ഞങ്ങൾ എപ്പോഴും വലിയ മനസ്സ് കാണിച്ചു. എന്നാൽ എല്ലാ തവണയും ഞങ്ങൾ മാത്രം വിട്ടുവീഴ്ച ചെയ്യണോ? നിങ്ങൾക്ക് അല്പം കൂടി ഉദാരമനസ്കത കാണിച്ചുകൂടെ?' മസൂദ് ചോദിച്ചു.
സീറ്റ് വിഭജനത്തിലെ എസ്പിയുടെ നിലപാടിനെയും മസൂദ് ചോദ്യം ചെയ്തു. കോൺഗ്രസിന് സീറ്റ് നൽകാൻ താല്പര്യമില്ലെങ്കിൽ എസ്പി തന്നെ ആ സീറ്റുകളിൽ മത്സരിക്കട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. 'പൂജ്യം സീറ്റുകളാണ് നിങ്ങൾ നൽകുന്നതെങ്കിൽ ഫലവും പൂജ്യമായിരിക്കും.
എങ്കിൽ പിന്നെ നിങ്ങൾ തന്നെ ആ സീറ്റുകളിൽ മത്സരിക്കൂ. വിജയസാധ്യതയെക്കുറിച്ച് കൃത്യമായ ഫോർമുലയുണ്ടെന്ന് നിങ്ങൾ അവകാശപ്പെടുന്നുണ്ടല്ലോ, പോയി ജയിച്ചു കാണിക്കൂ,' മസൂദ് പരിഹസിച്ചു.
സീറ്റ് വിഭജന ചർച്ചകൾക്കിടെ എസ്പിയെ നിരന്തരം വിമർശിക്കുന്നത് ഇൻഡ്യ മുന്നണിയിലെ ബന്ധം വഷളാക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് മസൂദിന്റെ പുതിയ പ്രസ്താവന. വ്യാഴാഴ്ച ലഖ്നൗവിൽ നടന്ന ഭരണഘടനാ ദിന പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മസൂദിനെ പരോക്ഷമായി ഉപദേശിച്ചിരുന്നു.
Tags : Imran Masood Samajwadi Party assembly election uttar pradesh Rahul Gandhi Akhilesh Yadav