Kerala
കൊച്ചി: അമേരിക്ക ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപിരിച്ചുവിടലിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ലേബർ കമ്മിഷണർ ഇന്ന് കൊച്ചിയിലെത്തും. കൊച്ചിയിലെ സ്ഥാപനത്തിൽ ഇന്നും ജോലിക്ക് എത്തുമെന്നാണ് ജീവനക്കാർ അറിയിച്ചിരിക്കുന്നത്.
സ്ഥാപനം തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ സ്ഥാപനത്തിന് മുൻപിൽ പ്രതിഷേധമായിരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. അതിനിടെ ഇന്ന് കൊച്ചിയിൽ യോഗം ചേരുമെന്നാണ് പ്രഖ്യാപിച്ചത്. അത് അനുസരിച്ച് കോഴിക്കോട് നിന്നുള്ള പ്രതിനിധികൾ കൊച്ചിയിൽ എത്തും. ഈ മാസം 10 ന് വിഷയത്തിൽ സർക്കാർ തല ചർച്ചയും നടക്കും.
കോറോ ഹെൽത്ത്, അമേരിക്കയിലെ ആശുപത്രികളിലെ രോഗികളുടെ രജിസ്ട്രേഷൻ, ക്ലിനിക്കൽ ഡോക്യുമെന്റ്, ഇൻഷുറൻസ്, ബിൽ മാനേജ്മെന്റ് തുടങ്ങി മൊട്ടുസൂചി മുതൽ മൊത്തവ്യാപാരം വരെ നീളുന്ന സമ്പൂർണ ആരോഗ്യ സേവനങ്ങൾ നൽകുന്ന കോഡിഗ് സ്ഥാപനമാണ്. 2021ൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്ന കോറോ ഹെൽത്തിന് തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, തെലങ്കാന തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ബ്രാഞ്ചുകളുണ്ട്.
രാജ്യത്താകമാനം ലക്ഷക്കണക്കിന് ജീവനക്കാരും. കേരളത്തിലെ ഉദ്യോഗാർഥികളെയും, തൊഴിൽ വിദ്യാഭ്യാസ നൈപുണ്യവും കണക്കിലെടുത്ത് 2024ൽ കോഴിക്കോട് കേന്ദ്രീകരിച്ച് രണ്ടാമത്തെ ബ്രാഞ്ചും മലയാളക്കരയിൽ തുടങ്ങി. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ മാനേജ്മെന്റ് സ്വീകരിച്ച സമീപനത്തോട് തൊഴിലാളികൾ പ്രതികരിച്ച രീതിയായിരുന്നില്ല കേരളത്തിൽ നിന്ന് കമ്പനിക്ക് ലഭിച്ചത്.
തൊഴിലിനെക്കുറിച്ച് ഉത്തമബോധ്യമുള്ളപ്പോൾതന്നെ തൊഴിൽ ചൂഷണത്തോടുള്ള പ്രതികരണവും കേരളത്തിൽ നിന്നുണ്ടായി. തൊഴിലനുസരിച്ചുള്ള ശമ്പളവർദ്ധനവോ, സമയക്രമീകരണമോ ചോദ്യങ്ങളായാൽ സ്ഥാപനം കോർപ്പറേറ്റ് രീതിയിൽ പെരുമാറും.
പരിമിതമായ സ്ഥാനക്കയറ്റം, മോശം പെരുമാറ്റം, പ്രവർത്തനക്ഷമത ചൂണ്ടിക്കാണിച്ച് വാക്കേറ്റം, അങ്ങറ്റത്തേയ്ക്ക് നീണ്ട് പിരിച്ചുവിടൽ നടപടി. കഴിഞ്ഞ വർഷം പുവർ പെർഫോമെൻസ് എന്ന പേരിൽ ബംഗളൂരുവിൽ നിന്ന് 200 പേർക്ക് ജോലി തെറിച്ചെങ്കിൽ കേരളത്തിൽ 300 പേരാണ് ഇരകൾ.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് യുഡിഎഫ് സർക്കാരിന്റെ ഓണസമ്മാനം. രണ്ടു ശതമാനം ക്ഷാമബത്ത ഓഗസ്റ്റിൽ അനുവദിക്കും. ഓഗസ്റ്റ് മാസത്തെ ശന്പളത്തിനൊപ്പം ഉയർന്ന തുക ലഭിക്കും. ഓഗസ്റ്റ് അവസാന ആഴ്ച ഓണമായതിനാൽ ആ മാസത്തെ ശന്പളം നേരത്തെ നൽകേണ്ടിവരും.
ഒരു ഗഡു ഡിഎ നൽകാൻ 60 കോടിയോളം രൂപ അധികമായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഈ വർഷം ആദ്യം ലഭിക്കേണ്ട ജീവനക്കാരുടെ ഒരു ഗഡു ഡിഎ കുടിശികയാണ്. ഇതാണ് ഓഗസ്റ്റിൽ നൽകുക. ക്ഷാമബത്തയ്ക്കൊപ്പം പെൻഷൻകാർക്ക് ക്ഷാമാശ്വാസവും ലഭിക്കും.
ക്ഷാമബത്തയ്ക്ക് മുൻകാല പ്രാബല്യം നൽകണോ എന്ന കാര്യം സംസ്ഥാനത്തിന്റെ സാന്പത്തികനില പരിശോധിച്ച ശേഷം ധനവകുപ്പ് തീരുമാനമെടുക്കും. അതിനാൽ, മുൻകാല പ്രാബല്യമുണ്ടാകുമോ എന്ന കാര്യം പിന്നീടു മാത്രമേ വ്യക്തമാകൂ.
ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും സമയത്തു കൊടുത്തുതീർക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. വിഷയത്തിൽ ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തി.
പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും ഉറപ്പ് നൽകി.
ചികിത്സാ പിഴവ് ഉണ്ടാവാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശം നൽകി. അത്യാഹിത വിഭാഗങ്ങളിൽ രണ്ട് മെഡിക്കൽ ഓഫീസർമാരെ നിയോഗിക്കണമെന്ന ഡോക്ടർമാരുടെ ആവശ്യവും പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
Kerala
മലപ്പുറം: തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ ജീവനക്കാർക്ക് ഇൻഷ്വറൻസ് പദ്ധതി ആവിഷ്കരിക്കുമെന്നും 50 ബഡ്സ് സ്കൂളുകളെ മാതൃകാ ബഡ്സ് സ്കൂളുകളാക്കി മാറ്റുമെന്നും തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി.
വേങ്ങര എആർ നഗർ ബ്ലിസ് ബഡ്സ് സ്പെഷൽ സ്കൂളിൽ ബഡ്സ് സ്കൂൾ, ബഡ്സ് റിഹാബിലിറ്റേഷൻ എന്നിവയുടെ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷി കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പകൽസമയ പരിപാലനം, സവിശേഷ വിദ്യാഭ്യാസം, പരിശീലനങ്ങൾ, തെറാപ്പികൾ, പുനരധിവാസ കേന്ദ്രങ്ങൾ, നൈപുണ്യ വികസന പരിശീലനം എന്നിവയൊരുക്കി തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 187 ബഡ്സ് സ്കൂളുകളും 218 ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകളുമാണ് സംസ്ഥാനത്തുള്ളത്.
13895 പരിശീലനാർഥികളാണ് സംസ്ഥാനത്തെ ബഡ്സ് സ്ഥാപനങ്ങളിലുള്ളത്. ഇവയിലേക്കുള്ള സംസ്ഥാനതല പ്രവേശനോത്സവമാണ് മന്ത്രി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു.
National
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരെ പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ സൂപ്പർ വൈസർമാരായി നിയമിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ. മേയ് നാലിന് നടക്കുന്ന വോട്ടെണ്ണലിലേക്കാണ് കേന്ദ്ര സർക്കാർ ജീവനക്കാരെ സൂപ്പർ വൈസർമാരായി നിയമിച്ചത്.
തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി, ഹർജി ശനിയാഴ്ച പരിഗണിക്കും. ജസ്റ്റീസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
വോട്ടെണ്ണൽ മേൽനോട്ടത്തിനായി കേന്ദ്ര ഉദ്യോഗസ്ഥരെയോ സംസ്ഥാന ഉദ്യോഗസ്ഥരെയോ നിയമിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷാധികാരമാണെന്നായിരുന്നു നേരത്തെ ഹൈക്കോടതിയെടുത്ത നിലപാട്.
കേന്ദ്ര ഉദ്യോഗസ്ഥർ വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചെന്നോ ബിജെപിയെ സഹായിച്ചെന്നോ കണ്ടെത്തിയാൽ പാർട്ടിക്കിന് തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ശനിയാഴ്ച വിഷയം അടിയന്തരമായി പരിഗണിക്കുക.
National
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനമായി വർധിപ്പിക്കും.
2026 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ തീരുമാനം നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. നിലവിൽ അടിസ്ഥാന ശന്പളത്തിന്റെ 58 ശതമാനമാണ് ക്ഷാമബത്ത. ഇത് 60 ശതമാനമാകും.
വർധന 50.5 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 68.3 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ചെയ്യും. പ്രതിവർഷം 6791 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുക.
Business
ന്യൂഡൽഹി: ടെലികോം കമ്പനിയായ നോക്കിയ 14,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനിയുടെ ലാഭം വർധിപ്പിക്കാനും അനാവശ്യ ചെലവുകൾ കുറയ്ക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
5ജി നെറ്റ്വർക്കുകളുടെ വ്യാപനത്തിലുണ്ടായ മന്ദഗതി, ടെലികോം ഉപകരണങ്ങളുടെ ഡിമാൻഡിലുണ്ടായ കുറവ്, ലാഭം മെച്ചപ്പെടുത്താനുള്ള സമ്മർദം എന്നിവയാണ് ഈ പിരിച്ചുവിടലിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ എന്ന് കമ്പനി വ്യക്തമാക്കുന്നു.
ആഗോളതലത്തിലാണ് കമ്പനി പിരിച്ചുവിടലിന് ഒരുങ്ങുന്നതെങ്കിലും ഇന്ത്യയിലും അതിന്റെ ആഘാതം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ എത്രപേർക്ക് ജോലി നഷ്ടപ്പെടുമെന്ന കാര്യത്തിൽ കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
നിലവിൽ ഏകദേശം 86,000 ജീവനക്കാരുള്ള നോക്കിയ, അത് 72,000 - 77,000ത്തിനും ഇടയിലായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. പിരിച്ചുവിടൽ നടപടികൾ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
Tech
ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐ വർഷാവസാനത്തോടെ ജീവനക്കാരുടെ എണ്ണം ഏകദേശം 8000ത്തിലെത്തിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
മാർക്കറ്റിൽ സ്വാധീനം വർധിപ്പിക്കാനും എതിരാളിയായ ആന്ത്രോപികിനെ മറികടക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ 4,500 ജീവനക്കാരുള്ള കമ്പനി പ്രൊഡക്റ്റ് ഡെവലപ്മെന്റ്, എൻജിനിയറിംഗ്, റിസർച്ച്, സെയിൽസ് എന്നീ വിഭാഗങ്ങളിലാണ് പ്രധാനമായും നിയമനം നടത്തുന്നത്.
ഇതിനായി സാൻഫ്രാൻസിസ്കോയിൽ പുതിയ ഓഫീസ് സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇത് ഇന്ത്യയിലുള്ളവർക്കും പുതിയ സാധ്യതകൾ സൃഷ്ടിക്കുമെന്നും സൂചനകളുണ്ട്.
എഐ മേഖലയിൽ മത്സരം മുറുകുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾക്ക് കമ്പനി തയാറാകുന്നത്.
പെയ്മെന്റ് സ്ഥാപനമായ റാമ്പിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ ബിസിനസ് ഉപഭോക്താക്കൾ ഓപ്പൺ എഐയെക്കാൾ ആന്ത്രോപിക്കിന്റെ ഉത്പന്നങ്ങളാണ് കൂടുതൽ തെരഞ്ഞെടുക്കുന്നത്.
ഇതിനെ പ്രതിരോധിക്കാൻ സിഇഒ സാം ആൾട്ട്മാൻ, കന്പനിയുടെ പ്രധാന സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
കോഡിംഗ് മോഡലായ കോഡെക്സിനെ ചാറ്റ്ജിപിടിയുമായി സംയോജിപ്പിച്ച് ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമായ ഏകീകൃത പ്ലാറ്റ്ഫോം നിർമിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
അതിവേഗത്തിലുള്ള വളർച്ചയുണ്ടെങ്കിലും ഓപ്പൺ എഐയും ആന്ത്രോപിക്കും വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
നൂതനമായ എഐ മോഡലുകൾ വികസിപ്പിക്കുന്നതിനു കമ്പ നി വലിയ തുക ചെലവാക്കുന്നത് നഷ്ടത്തിന് കാരണമാകുന്നു. അതിനാൽ വരുമാനം വർധിപ്പിക്കാനും ലാഭത്തിലേക്ക് നീങ്ങാനുമുള്ള വലിയ സമ്മർദത്തിലാണ് ഈ കമ്പനികൾ.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യ സംഘർഷം മൂലം പാക്കിസ്ഥാൻ കൂടുതൽ പ്രതിസന്ധിയിലേക്ക്. സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം അഞ്ച് മുതൽ 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായുള്ള നടപടിക്ക് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അംഗീകാരം നൽകി.
യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മൂലമുണ്ടായ ഇന്ധന പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് പുതിയ നടപടി. സർക്കാർ സംരംഭങ്ങളിലെയും സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളത്തിൽ അഞ്ച് മുതൽ 30 ശതമാനം കുറവ് വരുത്താനാണ് തീരുമാനമായത്.
ഇന്ധന പ്രതിസന്ധി അതിരൂക്ഷമായതോടെ രണ്ട് മാസത്തിനുള്ളിൽ 60 ശതമാനം സർക്കാർ വാഹനങ്ങളും നിരത്തിൽനിന്നു പിൻവലിക്കും.
ഔദ്യോഗിക വാഹനങ്ങൾക്കുള്ള ഇന്ധന അലവൻസ് അടുത്ത രണ്ട് മാസത്തേക്ക് 50 ശതമാനം വെട്ടിക്കുറച്ചു. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ഉപദേഷ്ടാക്കൾ, സ്പെഷൽ അസിസ്റ്റന്റുമാർ എന്നിവരുടെ അടുത്ത രണ്ട് മാസത്തെ ശമ്പളം തടയും. എംപിമാരുടെയും എംഎൽഎമാരുടെയും ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്യും.
രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) നിർദേശപ്രകാരം പെട്രോളിന് ലിറ്ററിന് 55 രൂപ ഒറ്റയടിക്ക് കൂട്ടിയതും ജനങ്ങളെ വെട്ടിലാക്കി. പെട്രോൾ, ഡീസൽ വില കൂടിയതോടെ രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലയും ജീവിതച്ചിലവും കുതിച്ചുകയറുകയാണ്.
Kerala
കോഴിക്കോട്: എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ ജില്ലയിൽ ഹോട്ടലുകളില്‍നിന്നും തട്ടുകടകളില്‍നിന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു.
ചപ്പാത്തി കമ്പനികള്‍ ഉള്‍പ്പെടെ പലയിടത്തും പൂട്ടി. മലയാളികളുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നായ ‘പൊറാട്ട’യ്ക്കും പൂട്ടുവീണുകൊണ്ടിരിക്കുകയാണ്.
പൊതുവേ ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയാല്‍ തിരിച്ചെത്താന്‍ ബുദ്ധിമുട്ടാണ്. തിരിച്ചെത്തുന്നവരാകട്ടെ പഴയ ഹോട്ടലുകളിലേക്ക് തന്നെ തിരിച്ചെത്തിക്കൊള്ളണമെന്നില്ലെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന വേള കൂടിയാണിത്. സിലിണ്ടർ ക്ഷാമം പരിഹരിക്കപ്പെടുംവരെ കട അടയ്ക്കേണ്ട സ്ഥിതിയുണ്ടായാൽ, തൊഴിലാളികൾക്ക് ശമ്പളവും ഭക്ഷണവും നൽകി നിലനിർത്താൻ ഉടമകൾക്കും പ്രയാസമാകും.
ഹോട്ടലുടമകൾ സഹകരിച്ച് ഒരു സ്ഥലത്ത് ഭക്ഷണം പാകം ചെയ്ത് സമീപത്തെ ഹോട്ടലുകളിലേക്കു വിതരണത്തിനായി എത്തിക്കുന്നത് ഉൾപ്പെടെയുള്ള ബദൽ നിർദേശങ്ങള്‍ ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്.
മുന്‍പ് കോവിഡ് കാലത്ത് അനുഭവിച്ചതിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ പൂട്ടിപ്പോയ ഹോട്ടലുകള്‍ മിക്കതും ഏറെക്കാലം കഴിഞ്ഞാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. മോശമല്ലാത്ത നിലയിൽ കച്ചവടമുള്ള ഹോട്ടലുകളിൽ ദിവസേന അഞ്ചില്‍ കുറയാതെ സിലിണ്ടറുകളാണ് വേണ്ടതെന്ന് ഉടമകൾ പറയുന്നു.
മുൻപ് സിലിണ്ടർ യഥേഷ്ടം ലഭിച്ചിരുന്നതിനാൽ സ്റ്റോക്ക് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യം ഹോട്ടൽ ഉടമകൾക്ക് തികച്ചും അപ്രതീക്ഷിതമായ തിരിച്ചടിയായി. അതേസമയം ഹോട്ടലുകള്‍ക്ക് പുറമേ ഭക്ഷണ വിതരണക്കാരായ ഗിഗ് തൊഴിലാളികളിലേക്കും പ്രതിസന്ധി നീങ്ങി.
ദിവസം 30 ഓർഡറുകൾ ലഭിക്കുന്നവർക്ക് ഇപ്പോൾ അഞ്ച് മുതൽ പത്തുവരെ ഓർഡറുകളേ ലഭിക്കുന്നുള്ളൂ. സൊമാറ്റോ, സ്വിഗ്ഗി എന്നീ ഭക്ഷണവിതരണ പ്ലാറ്റ്ഫോമുകളിലെ ഓർഡറുകൾ കുത്തനെ കുറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കുമെന്ന് സർക്കാർ ഉത്തരവ്. വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശന്പളത്തിന്റെ 50 ശതമാനമായിരിക്കും അഷ്വേർഡ് പെൻഷൻ സ്കീമിലെ പരമാവധി പെൻഷൻ തുക.
ഇതു സംസ്ഥാന സർക്കാർ അനുവദിച്ച ശന്പള സ്കെയിൽ അടിസ്ഥാനമാക്കിയാകും കണക്കാക്കുക. ക്ഷാമാശ്വാസവും (ഡിആർ) ഇതിനൊപ്പമുണ്ടാകും. പരമാവധി പെൻഷൻ ലഭിക്കുന്നതിന് 30 വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കണം.
നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് (നാഷണൽ പെൻഷൻ സ്കീം) പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മിനിമം പെൻഷൻ ഉറപ്പാക്കുന്ന അഷ്വേർഡ് പെൻഷൻ സ്കീം 2026 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിലാക്കുമെന്നു പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
2026 ഏപ്രിൽ ഒന്നുമുതൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് അഷ്വേർഡ് പെൻഷൻ പദ്ധതിയോ നാഷണൽ പെൻഷൻ പദ്ധതിയോ തെരഞ്ഞെടുക്കാം. നിലവിൽ നാഷണൽ പെൻഷൻ സ്കീമിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ സ്കീം തെരഞ്ഞെടുക്കാനും അവസരമുണ്ട്.
പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും അടങ്ങിയ ഉത്തരവുകൾ പ്രത്യേകമായി ഇറക്കുമെന്നും ധനവകുപ്പ് അറിയിച്ചു. അതേസമയം, ഇപ്പോൾ പ്രഖ്യാപിച്ച അഷ്വേർഡ് പെൻഷൻ പദ്ധതി തട്ടിപ്പാണെന്നും പങ്കാളിത്ത പെൻഷൻ പദ്ധതിക്കു സമാനമായ വ്യവസ്ഥകൾ മാത്രമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിച്ചു.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കണമെന്നും അവർക്ക് മുൻകാല പ്രാബല്യത്തോടെ അർഹമായ അൻപത് ശതമാനം സർവീസ് ആനുകൂല്യങ്ങൾ നൽകണമെന്നും ഇൻഡസ്ട്രിയൽ ട്രൈബൂണൽ.
പിരിച്ചുവിടപ്പെട്ട 3500 ഓളം വരുന്ന എംപാനലുകാരെ തിരിച്ചെടുക്കണമെന്നും അവരെ പിരിച്ചുവിട്ട അന്നുമുതൽ പുനർനിയമനം നൽകുന്ന കാലയളവുവരെ 50 ശതമാനം വേതനം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ട്രൈബ്യൂണൽ ജഡ്ജി കെ.ജെ. സ്മിത ജാക്സനാണ് കേസ് പരിഗണിച്ചത്.
ഏറ്റവും കുറഞ്ഞത് ഒരു വർഷം 249 ദിവസം തുടർച്ചയായി ജോലി ചെയ്ത ശേഷം പിരിച്ചുവിടപ്പെട്ട എംപാനലുകാരെയാണ് ഈ ഉത്തരവ് പ്രകാരം തിരിച്ചെടുത്ത് ആനുകൂല്യം നൽകേണ്ടത്. ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നതിനെ ശക്തമായി എതിർത്ത കെഎസ്ആർടിസി കേസ് വിചാരണയിൽ എം പാനലുകാരുടെ വിവരങ്ങൾ ബോധപൂർവം മറച്ചുവച്ച് കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചു.
ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാൻ സ്ഥാപനം കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക്, അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ എംപനാലുകാരെ നിയമിച്ച് പ്രവർത്തിച്ചു വന്നു. 179 ദിവസം പൂർത്തിയാകുന്പോൾ ഇവരെ പറഞ്ഞ് വിട്ട് ഒരു ദിവസം കഴിഞ്ഞ് വീണ്ടും നിയമനം നൽകുന്ന രീതിയാണ് അവലംബിച്ച് വന്നിരുന്നത്.
Kerala
തിരുവനന്തപുരം: സബ്സിഡി ലിസ്റ്റിലുള്ള സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിന് മാവേലി കസ്റ്റോഡിയൻ തസ്തികയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ ജീവനക്കാർക്കെതിരെയാണ് സപ്ലൈകോയുടെ നടപടി.
മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എ. സനിതകുമാരി എന്നിവർക്കെതിരെയാണ് നടപടി.
ഫെബ്രുവരി മാസത്തെ വിൽപനയ്ക്കായി സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കാൻ ജനുവരി മാസത്തിൽ ഡിപ്പോകളിൽ അറിയിപ്പ് നൽകിയിരുന്നു. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാർ വിവിധ സബ്സിഡി സാധനങ്ങൾക്ക് ആവശ്യകതയില്ലെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ ഫെബ്രുവരിയിൽ മൂന്ന് ഡിപ്പോകളിലും സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ വരികയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. ഇതേ തുടർന്നാണ് മൂന്ന് ജീവനക്കാർക്കെതിരെ നടപടിയെടുത്തത്.
പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി , മുളക് തുടങ്ങി അഞ്ച് സബ്സിഡി സാധനങ്ങൾ വീതവും മാവേലിക്കര ഡിപ്പോയിൽ എട്ട് സാധനങ്ങളുമാണ് സ്റ്റോക്ക് ഇല്ലാതെ വന്നത്.
International
ന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ ഗേറ്റ് ഫൗണ്ടേഷൻ ജീവനക്കാരോടു മാപ്പു ചോദിച്ച് ശതകോടീശ്വരൻ ബിൽ ഗേറ്റ്സ്.
രണ്ടു റഷ്യൻ സ്ത്രീകളുമായി തനിക്കു ബന്ധമുണ്ടായിരുന്നുവെന്ന് ബിൽ ഗേറ്റ്സ് സമ്മതിച്ചു.
എന്നാൽ, താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു ബിൽ ഗേറ്റ്സ് പറഞ്ഞു. 2011ലാണ് താൻ എപ്സ്റ്റീനെ കണ്ടതെന്ന് ഗേറ്റ്സ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജീവനക്കാര്‍ക്ക് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍, രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ചോദിച്ച കോടതി ഇനി കൂടുതല്‍ സന്ദേശങ്ങള്‍ അയക്കരുതെന്ന് നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചു? ജീവനക്കാരുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്നാണ് സുപ്രീം കോടതി വിധിയെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തിഗത വിവരങ്ങള്‍ക്ക് എന്ത് സുരക്ഷയുണ്ടെന്നും ഏതൊരാള്‍ക്കും വിവരങ്ങള്‍ ലഭിക്കുമോയെന്നും കോടതി ചോദിച്ചു.
സർക്കാർ നടപടി പ്രഥമദൃഷ്ട്യാ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ആളുകൾക്ക് ആവശ്യമില്ലാത്ത വിവരങ്ങളാണ് സർക്കാർ പ്രചരിപ്പിക്കുന്നത്. വിഷയത്തില്‍ ഉയര്‍ന്ന ആക്ഷേപം അതീവ ഗൗരവതരമാണെന്നും പറഞ്ഞ ഹൈക്കോടതി ഓഫീസിൽ നിന്ന് ഓരോ വ്യക്തിക്കും എത്ര സന്ദേശങ്ങൾ അയച്ചുവെന്ന വിവരം വിശദമാക്കി സത്യവാംഗ്മൂലം നൽകാൻ സർക്കാരിന് നിർദേശം നൽകി. വെള്ളിയാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
ഇത് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തതാണോ അതോ മറ്റാരെങ്കിലുമാണോ ഈ വിവരം ചോര്‍ത്തിയത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. സ്പാര്‍ക്ക് സോഫ്റ്റ്വെയറില് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ശമ്പളത്തിന്റെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടാണ് ജീവനക്കാരുടെ ഫോണ്‍ നമ്പറും മെയില്‍ ഐഡിയും വാങ്ങിയിരുന്നത്.
73 ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെയും ക്ഷേമ പെന്ഷന് ഗുണഭോക്താക്കളുടെയും വിവരങ്ങളാണ് ശേഖരിച്ചത്. ഈ വിവരങ്ങള്‍ ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചു കൊണ്ട് സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ സന്ദേശങ്ങളായി അയച്ചത്.
അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമാനസന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ സന്ദേശങ്ങൾ പ്രചരിപ്പിക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത, പെൻഷൻകാരുടെ ക്ഷാമാശ്വാസ കുടിശിക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. 10 ശതമാനം വർധനയാണു വരുന്നത്.
ഏപ്രിൽ ആദ്യം വാങ്ങുന്ന മാർച്ചിലെ ശന്പളത്തോടൊപ്പം പുതുക്കിയ ക്ഷാമബത്തയും ഏപ്രിലിലെ പെൻഷനോടൊപ്പം ക്ഷാമാശ്വാസവും ലഭിച്ചു തുടങ്ങും.
ഇപ്പോഴത്തെ വർധനയോടെ ക്ഷാമബത്തയും ക്ഷാമാശ്വാസവും 35 ശതമാനമായി. നേരത്തേ മൂന്നു ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും ബജറ്റിലൂടെ പ്രഖ്യാപിച്ചിരുന്നു. അത് അടുത്ത മാസത്തെ ശന്പളത്തിനും പെൻഷനുമൊപ്പം ലഭ്യമാകും. ഇപ്പോഴത്തെ പ്രഖ്യാപനത്തോടെ ക്ഷാമബത്ത, ക്ഷാമാശ്വാസ കുടിശിക പൂർണമായി കൊടുത്തു തീർത്തിരിക്കുകയാണ്.
കുടിശിക നൽകുന്നതിനെ സംബന്ധിച്ച് പ്രത്യേക ഉത്തരവു പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Kerala
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിൽ വികലാംഗ ജീവനക്കാരനും വനിതാ ഉദ്യോഗസ്ഥരുമടക്കുള്ള നാലു ജീവനക്കാരെ ഒരു മണിക്കൂറോളം സമരാനുകൂലി പൂട്ടിയിട്ടു.
ഇന്നലെ രാവിലെ ഈ ജീവനക്കാർ ഓഫീസിലെത്തിയപ്പോൾ പ്രശ്നങ്ങൾ ഇല്ലായിരുന്നു. എന്നാൽ 11 ഓടെ ഒരാൾ പുറത്തുനിന്ന് പുതിയ താഴിട്ട് പൂട്ടി.
വിവരമറിഞ്ഞ് ചിറ്റാരിക്കാൽ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പൂട്ടിട്ടയാൾതന്നെ പുലിവാലാകുമെന്ന് ഭയന്ന് പൂട്ട് അഴിച്ചുമാറ്റുകയായിരുന്നു.
Kerala
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ സർക്കാർ വർധിപ്പിച്ചു. മൂന്ന് ശതമാനം വർധനയാണ് വരുത്തിയത്. 22 ശതമാനത്തിൽനിന്ന് 25 ശതമാനമായി ആണ് ഉയർത്തിയത്.
ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കുന്ന വിധത്തിലാണ് ഉത്തരവ്. ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും. അതിനു പ്രത്യേകം ഉത്തരവിറക്കും.
ഡിഎ കുടിശികപൂർണ്ണമായും നൽകുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.ൻ.ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു.
Kerala
ആലപ്പുഴ: മാവേലിക്കരയിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. തിരുവല്ല സ്വദേശി മിഥുൻമോൻ, മാവേലിക്കര സ്വദേശി ദേവപ്രസാദ് എന്നിവരാണ് കേസിൽ പിടിയിലായത്.
മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്കാണ് മർദനമേറ്റത്. ബസിനെ മറികടക്കുന്നത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കെഎസ്ആർടിസി കണ്ടക്ടറുടെ കളക്ഷൻ ബാഗ് തട്ടിത്തെറിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
ഞായറാഴ്ച ഉച്ചയോടെ മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിൽ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുമ്പോഴായിരുന്നു സ്വകാര്യ ബസ് വട്ടം നിർത്തുകയും ജീവനക്കാർ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയും ചെയ്തത്.
പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ പോലീസ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Business
ബംഗളൂരു: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ഓല ഇലക്ട്രിക് ഏകദേശം അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി കമ്പനി ഉടമ ഭവിഷ് അഗർവാൾ അറിയിച്ചു. നിലവിൽ ഏകദേശം 3,500 ഓളം ജീവനക്കാരാണ് ഓല ഇലക്ട്രിക്കിൽ ജോലി ചെയ്യുന്നത്.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ കാര്യക്ഷമതയും വേഗവും അച്ചടക്കവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതിന്റ ഭാഗമായാണ് ഈ നടപടിയെന്നു അറിയിച്ചു.
നിലവിൽ രാജ്യത്തുടനീളം 80 ശതമാനത്തിലധികം സർവീസ് പരാതികൾ ഹൈപ്പർ സർവീസ് പദ്ധതിയിലൂടെ അന്നുതന്നെ പരിഹരിക്കാൻ സാധിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.
ഇതിനുമുന്‍പും കമ്പനിയുടെ നഷ്ടം കുറയ്ക്കാനായി 2025 മാർച്ചിൽ കരാർ തൊഴിലാളികൾ ഉൾപ്പെടെ ആയിരത്തിലധികം പേരെയും 2024 നവംബറിൽ വിവിധ വകുപ്പുകളിലായി 500ലധികം പേരെയും കമ്പനി പിരിച്ചുവിട്ടിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശന്പള പരിഷ്കരണത്തിനായി കമ്മീഷനെ നിയോഗിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ജീവനക്കാരുടെ ശന്പള പരിഷ്കരണത്തിൽ അഞ്ചുവർഷതത്വം പാലിച്ചാണ് 12-ാം ശന്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചത്. മൂന്നുമാസത്തിനകം റിപ്പോർട്ട് വാങ്ങി സമയബന്ധിതമായി ശിപാർശകൾ നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവശേഷിക്കുന്ന ക്ഷാമബത്തയും ക്ഷാമാശ്വാസവും പൂർണമായി നൽകും. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശന്പളത്തോടൊപ്പം മാർച്ചിൽ നൽകും.അവശേഷിക്കുന്ന ഡിഎ, ഡിആർ ഗഡുക്കൾ മാർച്ച് മാസത്തെ ശന്പളത്തോടൊപ്പം നൽകുമെന്നും ബജറ്റ് പ്രഖ്യാപനം. ഡിഎ, ഡിആർ കുടിശിക ഘട്ടം ഘട്ടമായി കൊടുത്തുതീർക്കും. ആദ്യ ഗഡു ബജറ്റ് വർഷം നൽകും.
പങ്കാളിത്ത പെൻഷൻ പദ്ധതിയ്ക്കുപകരം അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്തു നടപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. അഷ്വേർഡ് പെൻഷനിൽ അടിസ്ഥാന ശന്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷൻ ഉറപ്പാക്കും.
അഷ്വേർഡ് പെൻഷനിൽ ക്ഷാമാശ്വാസം അനുവദിക്കും. നിലവിലെ എൻപിഎസിൽ നിന്നും അഷ്വേർഡ് പെൻഷനിലേക്ക് മാറാൻ ഓപ്ഷൻ ഉണ്ടാകും. എൻപിഎസിൽ തുടരേണ്ടവർക്ക് തുടരാനുമാകും. ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി മാനേജ് ചെയ്യാൻ സംവിധാനം ഒരുക്കും. വിശദ മാർഗ നിർദേശം അടങ്ങിയ ഉത്തരവ് പിന്നീട് ഇറക്കും. സർക്കാർ ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് സ്കീം പുനഃസ്ഥാപിക്കുമെന്നും ബജറ്റിലുണ്ട്.
Kerala
തിരുവനന്തപുരം: മെഡിസെപ് മാതൃകയിൽ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലേയും സഹകരണ സ്ഥാപനങ്ങളിലേയും ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമെന്നു ബജറ്റ് പ്രഖ്യാപനം.
റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് ആദ്യത്തെ അഞ്ചു ദിവസം പണരഹിത ചികിത്സ നൽകുന്ന ലൈഫ് സേവർ പദ്ധതി നടപ്പാക്കും. പദ്ധതിയുടെ കീഴിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ലൈഫ് സേവർ പദ്ധതി നടപ്പാക്കും. ഇതിനായി 15 കോടി രൂപ നീക്കിവച്ചു.
42 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങളുടെ പരിധിക്കു പുറത്തുള്ള കുടുംബങ്ങൾക്ക് ചെറിയ തുക അടച്ചു ചേരാൻ കഴിയുന്ന ഇൻഷ്വറൻസ് പദ്ധതി ഈ വർഷം തന്നെ നടപ്പാക്കും. ഇതിനായി 50 കോടി വകയിരുത്തി.
Kerala
തിരുവനന്തപുരം:അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം ഇന്ന് തടസപ്പെടും. ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കുന്നത്.
ജീവനക്കാരുടെ ഒൻപതു സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു.
24ന് ശനിയും 25ന് ഞായറും അവധിയായിരുന്നു. 26ന് റിപ്പബ്ലിക് ദിന അവധി. ഇന്ന് പണിമുടക്കും ചേർത്ത് നാല് ദിവസമാണ് ബാങ്കുകൾ അടഞ്ഞു കിടക്കുന്നത്.
National
ന്യൂഡൽഹി: ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം എന്ന ആവശ്യം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടന 27നു രാജ്യവ്യാപകമായി പണിമുടക്കും.
25ന് ഞായറാഴ്ചയും 26 നു റിപ്പബ്ലിക്ദിനവും ആയതിനാൽ പണിമുടക്ക് യാഥാർഥ്യമായാൽ മൂന്നുദിവസം തുടർച്ചയായി രാജ്യത്ത് ബാങ്കിംഗ് സേവനങ്ങൾ മുടങ്ങും. ജീവനക്കാരുടെ സംഘടനയുടെ നോട്ടീസിനെത്തുടർന്ന് ചീഫ് ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടന്നുവെങ്കിലും ഫലമുണ്ടായില്ല.
ഞായറാഴ്ചകൾക്കു പുറമേ മാസത്തിലെ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഇപ്പോൾ ബാങ്ക് അവധിയാണ്. അതേസമയം, എല്ലാ ശനിയാഴ്ചകളും അവധിയാക്കണമെന്ന് 2024 ൽ മാർച്ചിൽ ധാരണയായിരുന്നു എന്ന് ജീവനക്കാരുടെ സംഘടന പറയുന്നു.
District News
പത്തനംതിട്ട: ഇടതു സർക്കാരിന്റെ അനാസ്ഥ മൂലം സഹകരണ മേഖലയ്ക്ക് ഉണ്ടായ തകർച്ച സാധാരണക്കാരുടെ ജീവിതത്തെ താറുമാറാക്കിയതായി ആന്റോ ആന്റണി എംപി.
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കൽ നയിക്കുന്ന സഹകരണ സംരക്ഷണ യാത്രാ ദൗത്യം -2026 സ്വീകരണ പരിപാടി പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി പി. മോഹൻ രാജ്, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി, യുഡിഎഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, കെസിഎഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി , ജനാധിപത്യവേദി ജില്ലാ ചെയർമാൻ കെ. ജയവർമ, ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, കെസിഎഫ് സംസ്ഥാന ഭാരവാഹികളായ സി. വി. അജയൻ,ആക്കിനാട്ട് രാജീവ്, സതീഷ് കുമാർ, ശ്രീജ എസ്. നാഥ്, എസ്. അർച്ചന, സാമുവൽ കിഴക്കുപുറം, ടി. വി. സൈമൺ, റെനീസ് മുഹമ്മദ്, ഉഷ ഗോപിനാഥ്, എം. പി. രാജു, ജില്ലാ പ്രസിഡന്റ് ബിജു തുമ്പമൺ എന്നിവർ പ്രസംഗിച്ചു . പത്തനംതിട്ട ഗാന്ധി പ്രതിമയ്ക്കു സമീപത്തു നിന്നും യാത്രയെ സ്വീകരിച്ചു. ജില്ലയിൽ നിന്നും ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിൽവിജയിച്ചവരെ യോഗത്തിൽ ആദരിച്ചു. യാത്ര ഇന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയിൽ സമാപിക്കും
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഖജുരാഹോയിൽ റിസോർട്ടിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് പേർ മരിച്ചു. റിസോർട്ടിലെ ജീവനക്കാരാണ് മരിച്ചത്.
അഞ്ച് പേർ ഗുരുതരാവസ്ഥാവയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്വാളിയോറിലെ ജാ ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്. ഒരാളെ കാണാതായി.
ഖജുരാഹോയിലെ ഗൗതം റിസോർട്ടിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലെ അത്താഴത്തിന് ശേഷമാണ് ജീവനക്കാർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. പിന്നീത് ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
റിസോർട്ട് ജീവനക്കാരെ ആദ്യം ഖജുരാഹോയിലെ ഹെൽത്ത് സെന്ററിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ സ്ഥിതി വഷളായതോടെ എല്ലാവരെയും ഗ്വാളിയോറിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
Kerala
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുൾപ്പടെ നാല് പേർക്കെതിരെ ലൈംഗീകാതിക്രമം. സംഭവത്തിൽ ജീവനക്കാർക്കെതിരെ തൃക്കാക്കര പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം.
ആസാം സ്വദേശിനിയായ 14കാരിയാണ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി. സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരൻ, ഡ്രൈവർ ,ഗേറ്റ് കീപ്പർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഇവിടെ നിന്ന് ഒരു പെൺകുട്ടിയെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയപ്പോഴാണ് വിവരം പുറത്തുവന്നത്. പെൺകുട്ടിയ്ക്കുണ്ടായ അണുബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്.
Kerala
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ നിർണായക ഉത്തരവുമായി കോടതി. ആറ് ജീവനക്കാരെ നുണപരിശോധന നടത്താനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്.
ഫോർട്ട് പോലീസ് നൽകിയ അപേക്ഷയിലാണ് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശാൻ സ്ട്രോംഗ് റൂമിൽ നിന്ന് എടുത്ത സ്വർണത്തിൽ നിന്നാണ് 13 പവൻ കാണാതായത്. പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണം കണ്ടെത്തിയിരുന്നു.
നുണ പരിശോധനയ്ക്ക് മുൻപ് അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് ഏഴിനും 10നും ഇടയിലാണ് സ്വർണം കാണാതായത്. ക്ഷേത്രം മാനേജർ ആണ് പോലീസിൽ പരാതി നൽകിയത്.
ക്ഷേത്രം പരിസരത്തെ മണലിൽ പൊതിഞ്ഞ നിലയിലാണ് സ്വർണം കണ്ടെത്തിയത്. സ്വർണ്ണ ബാർ ആയിരുന്നു ഇത്.