ഇസ്ലാമാബാദ്: പശ്ചിമേഷ്യ സംഘർഷം മൂലം പാക്കിസ്ഥാൻ കൂടുതൽ പ്രതിസന്ധിയിലേക്ക്. സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം അഞ്ച് മുതൽ 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായുള്ള നടപടിക്ക് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അംഗീകാരം നൽകി.
യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മൂലമുണ്ടായ ഇന്ധന പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് പുതിയ നടപടി. സർക്കാർ സംരംഭങ്ങളിലെയും സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളത്തിൽ അഞ്ച് മുതൽ 30 ശതമാനം കുറവ് വരുത്താനാണ് തീരുമാനമായത്.
ഇന്ധന പ്രതിസന്ധി അതിരൂക്ഷമായതോടെ രണ്ട് മാസത്തിനുള്ളിൽ 60 ശതമാനം സർക്കാർ വാഹനങ്ങളും നിരത്തിൽനിന്നു പിൻവലിക്കും.
ഔദ്യോഗിക വാഹനങ്ങൾക്കുള്ള ഇന്ധന അലവൻസ് അടുത്ത രണ്ട് മാസത്തേക്ക് 50 ശതമാനം വെട്ടിക്കുറച്ചു. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ഉപദേഷ്ടാക്കൾ, സ്പെഷൽ അസിസ്റ്റന്റുമാർ എന്നിവരുടെ അടുത്ത രണ്ട് മാസത്തെ ശമ്പളം തടയും. എംപിമാരുടെയും എംഎൽഎമാരുടെയും ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്യും.
രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) നിർദേശപ്രകാരം പെട്രോളിന് ലിറ്ററിന് 55 രൂപ ഒറ്റയടിക്ക് കൂട്ടിയതും ജനങ്ങളെ വെട്ടിലാക്കി. പെട്രോൾ, ഡീസൽ വില കൂടിയതോടെ രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലയും ജീവിതച്ചിലവും കുതിച്ചുകയറുകയാണ്.
Tags : government employees Pakistan cuts salaries West Asia conflict Middle East War