തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത, പെൻഷൻകാരുടെ ക്ഷാമാശ്വാസ കുടിശിക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. 10 ശതമാനം വർധനയാണു വരുന്നത്.
ഏപ്രിൽ ആദ്യം വാങ്ങുന്ന മാർച്ചിലെ ശന്പളത്തോടൊപ്പം പുതുക്കിയ ക്ഷാമബത്തയും ഏപ്രിലിലെ പെൻഷനോടൊപ്പം ക്ഷാമാശ്വാസവും ലഭിച്ചു തുടങ്ങും.
ഇപ്പോഴത്തെ വർധനയോടെ ക്ഷാമബത്തയും ക്ഷാമാശ്വാസവും 35 ശതമാനമായി. നേരത്തേ മൂന്നു ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും ബജറ്റിലൂടെ പ്രഖ്യാപിച്ചിരുന്നു. അത് അടുത്ത മാസത്തെ ശന്പളത്തിനും പെൻഷനുമൊപ്പം ലഭ്യമാകും. ഇപ്പോഴത്തെ പ്രഖ്യാപനത്തോടെ ക്ഷാമബത്ത, ക്ഷാമാശ്വാസ കുടിശിക പൂർണമായി കൊടുത്തു തീർത്തിരിക്കുകയാണ്.
കുടിശിക നൽകുന്നതിനെ സംബന്ധിച്ച് പ്രത്യേക ഉത്തരവു പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.