കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫിസര്‍ തസ്തികയില്‍ ആളില്ലാത്തതിനാല്‍ ചികിത്സാ പിഴവ് കേസുകളില്‍ മെഡിക്കല്‍ ബോര്‍ഡ് ചേരാനാകുന്നില്ലെന്ന് ആക്ഷേപം. പൊലിസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസുകളില്‍ തുടര്‍നടപടികള്‍ നീളുകയാണ്.
നിലവിലുണ്ടായിരുന്ന ഡിഎംഒ തിരുവനന്തപുരത്തേക്ക് സ്ഥലംമാറി പോയതോടെയാണ് വീണ്ടും നാഥനില്ലാകളരിയായത്. നേരത്തെയുണ്ടായിരുന്ന ഡിഎംഒ ഡോ. രാജറാം മാര്‍ച്ചില്‍ വിരമിച്ചതോടെ നാലുമാസം അഡീഷണല്‍ ഡിഎംഒയ്ക്ക് ആയിരുന്നു ചുമതല. രണ്ടുമാസം മുമ്പ് ഡോ. സരിതകുമാരിയെ ഡിഎംഒയായി നിയമിച്ചെങ്കിലും ഇവര്‍ തിരുവനന്തപുരത്തേക്ക് സ്ഥലമാറ്റം കിട്ടി പോയി.
ആരോഗ്യവകുപ്പ് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറായ ഡോ.രാജേന്ദ്രനെ ഡിഎംഒയായി നിയമിച്ച് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ വിജിലന്‍സില്‍ പുതിയതായി ആളുവരാതെ രാജേന്ദ്രന് കോഴിക്കോട് ചാര്‍ജ് എടുക്കാനാവില്ല. \കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്സാപിഴവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഉള്ളത്. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെങ്കിലും കാര്യങ്ങള്‍ പരിശോധിക്കണമെങ്കിലും മെഡിക്കല്‍ ബോര്‍ഡ് ചേരണം.മെഡിക്കല്‍ ബോര്‍ഡ് ചേരാനായി പൊലിസ് കത്തുനല്‍കിയിട്ട് രണ്ടുമാസത്തിലധികമായി. ഡിഎംഒയില്ലാത്തതിനാല് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നിട്ടില്ല.ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലേ തുടര്‍നടപടിയെടുക്കാനാവൂ.