രാമങ്കരി: അവയവ ദാനത്തിന്റെയും ശരീര ദാനത്തിന്റെയും പ്രസക്തി ജനങ്ങളിലാകെ എത്തിക്കുന്നതിന്റെ ഭാഗമായി പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും സാമൂഹിക സാം സ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ കാവാലം കൃഷ്ണവിഹാറിൽ സുരേഷ് ബാബുവും കുടുംബവും മരണാനന്തരം തങ്ങളുടെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടുനല്കുവാനുള്ള സമ്മതപത്രത്തിൽ ഒപ്പ് വെച്ചു നല്കി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് അനാട്ടമി അസി. പ്രഫ ഡോ. സ്മിത ജി രാജിനാണ് സമ്മതപത്രം നല്കിയത്.
സുരേഷ് ബാബുവിനൊപ്പം യോഗ ട്രയിനറും കുങ്ഫുവിൽ സെക്കന്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാവും, മികച്ചൊരു പൊതു പ്രവർത്തകയുമായ ഭാര്യ ബിന്ദുമോൾ (ലേഖ കാവാലം), ബിരുദ പഠനത്തിന് ശേഷം ഡയറ്റീഷൻ കോഴ്സ് ചെയ്തുവരുന്നതും കുങ്ഫു ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാവുമായ മൂത്തമകൾ ഗൗരി ശങ്കരി, ബിരുദപഠനത്തിന് ശേഷം ക്വാളിറ്റി കൺട്രോളിംഗ് (പെട്രോളിയം) കോഴ്സ് പഠിക്കുന്നതിനൊപ്പം.
എട്ടാമത് കുങ്ഫു നാഷണൽ ചാന്പ്യൻ ഷിപ്പിലെ സ്വർണ്ണമെഡൽ ജേതാവുമായ മകൻ ദയാൽ കൃഷ്ണ എന്നിവരാണ് സമ്മതപത്രത്തിൽ ഒപ്പുവച്ചത് മരണശേഷവും തങ്ങളുടെ ശരീരം വൈദ്യശാസ്ത്രത്തിന് മുതുൽക്കൂട്ടാകണം എന്ന വലിയ ചിന്തയാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഈ കുടുംബം പറഞ്ഞു. നല്ലൊരു എഴുത്തുകാരൻ കൂടിയായ സുരേഷ് ബാബു 2018ലെ പ്രളയകാലത്തെ അനുഭവങ്ങളെ ആസ്പദമാക്കി രചിച്ച കനൽ തേടുന്ന കാവൽമാടങ്ങൾ എന്ന കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.