പരാജയപ്പെട്ടുപോയ മൂന്നു വിവാഹങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മീര വാസുദേവൻ. മൂന്നു മണ്ടൻ വിവാഹങ്ങളായിരുന്നു തന്റെ ജീവിതത്തിൽ നടന്നതെന്നായിരുന്നു മീര ഈ വിവാഹങ്ങളെ വിശേഷിപ്പിച്ചത്.
‘ഐ ആം വിത്ത് ധന്യ വർമ’ എന്ന അഭിമുഖത്തിലാണ് ഇതിനെക്കുറിച്ച് മീര തുറന്നുപറഞ്ഞത്.
പങ്കാളിയുടെ അമിതമായ ആശ്രിതത്വവും മൂല്യങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുമാണ് മൂന്നാം വിവാഹം തകരാൻ കാരണമായതെന്നും പങ്കാളിയെ അമ്മയെപ്പോലെ കണ്ട് സ്പൂൺ ഫീഡിംഗ് ആഗ്രഹിക്കുന്ന പുരുഷന്മാരുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും താരം പറഞ്ഞു.
എന്റെ വിവാഹജീവിതങ്ങളെക്കുറിച്ച് പറയുമ്പോൾ പലർക്കും അത് വെറും ഗോസിപ്പുകൾ മാത്രമായിരിക്കാം. പക്ഷേ എനിക്ക് അത് എന്റെ ജീവിതമായിരുന്നു. മൂന്ന് വിവാഹങ്ങൾ പരാജയപ്പെട്ട ഒരു സ്ത്രീ എന്ന് ഈ സമൂഹം എന്നെ മുദ്രകുത്തുമ്പോൾ, അതിനെയെല്ലാം അതിജീവിക്കാൻ എനിക്ക് സാധിച്ചത് മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നതിനെക്കുറിച്ച് ഞാൻ ഒട്ടും വ്യാകുലപ്പെടാത്തതുകൊണ്ടാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ എന്നെ ബാധിക്കില്ല എന്ന തിരിച്ചറിവാണ് എന്നിലെ ഏറ്റവും വലിയ മാറ്റം.
വിവാഹമോചനത്തിലേക്ക് ഞാൻ എത്തിയത് പെട്ടെന്നുണ്ടായ ഒരു തോന്നലിലല്ല. വിശ്വാസവഞ്ചന, ചതി, ശാരീരികവും മാനസികവുമായ പീഡനം ഇതൊന്നും എനിക്ക് സഹിക്കാൻ കഴിയില്ല. ഞാൻ എന്നിൽ നിന്നോ എന്റെ മകനിൽ നിന്നോ പോലും വഞ്ചനയോ പീഡനമോ സഹിക്കില്ല, പിന്നെന്തിനാണ് മറ്റൊരാളിൽ നിന്ന് അത് സഹിക്കുന്നത്?
ഒരു പങ്കാളി നമ്മളെ എപ്പോൾ വേണമെങ്കിലും വലിച്ചെറിയാൻ പറ്റുന്ന ഒന്നായി കാണുമ്പോഴോ, നമ്മുടെ കുടുംബത്തിനും മകനും ഭീഷണിയാകുമ്പോഴോ അവിടെ തുടരുന്നത് ആത്മഹത്യാപരമാണ്. ഗാർഹിക പീഡനം എന്നത് ഒരു സ്ത്രീയും സഹിക്കേണ്ട ഒന്നല്ല.
സഹിച്ചു ജീവിക്കണം എന്ന് പറയുന്ന പഴയകാലത്തെ യാഥാസ്ഥിതിക പെൺകുട്ടിയല്ല ഞാൻ. സന്തോഷത്തോടെയും അന്തസോടെയും ജീവിക്കാൻ അർഹതയുള്ള ഒരു മനുഷ്യനായാണ് ഞാൻ എന്നെ കാണുന്നത്.
എന്റെ മൂന്നാം വിവാഹം ഒരു വലിയ പ്രണയകഥയൊന്നുമല്ലായിരുന്നു. ആ വ്യക്തി എന്റെ മകനോട് കാണിച്ച സ്നേഹവും പരിഗണനയുമാണ് എന്നെ ആകർഷിച്ചത്. എന്റെ മകന് നല്ലൊരു അച്ഛനായിരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ വിശ്വസിച്ചു.
പക്ഷേ, ഞങ്ങളുടെ മൂല്യങ്ങളും ധാർമിക ബോധവും തമ്മിൽ ഒട്ടും പൊരുത്തപ്പെട്ടില്ല. അവിടെ ഞാൻ കണ്ട ഒരു വലിയ പ്രശ്നം പങ്കാളിയുടെ അമിതമായ ആശ്രിതത്വമായിരുന്നു. പങ്കാളി എന്തിനാണ് എന്നെ ഒരു അമ്മയെപ്പോലെ കണ്ട് സ്പൂൺ ഫീഡ് ചെയ്യാൻ ആവശ്യപ്പെടുന്നത്?