മോഹന്‍ലാല്‍-ബ്ലെസി ചിത്രം, തന്മാത്രയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീര വാസുദേവ്. നിരവധി പ്രതിസന്ധികളിലൂടെയും മൂന്നു വിവാഹമോചനങ്ങളിലൂടെയും കടന്നുപോയ തന്റെ ജീവിത്തെക്കുറിച്ചു മനസുതുറക്കുകയാണു താരം.
താന്‍ ഇപ്പോള്‍ മാനസികമായി ഏറെ സമാധാനവും സന്തോഷവുമുള്ള ഘട്ടത്തിലാണെന്നും എടുത്ത തീരുമാനങ്ങളില്‍ തനിക്കു ഖേദമില്ലെന്നും നടി പറഞ്ഞു. തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചും കരിയറിനെക്കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണു താരം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
ജീവിതത്തില്‍ ചില കാര്യങ്ങള്‍ സംഭവിക്കുമെന്ന് ഞാന്‍ നേരത്തെതന്നെ മനസിലാക്കിയിരുന്നു. എനിക്കു ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്, അതു തുറന്നുപറയാന്‍ മടിയൊന്നുമില്ല. ഇപ്പോള്‍ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടുപോകാനാണ് ആഗ്രഹം. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്നത്. മീര പറഞ്ഞു.
ജീവിതാനുഭവങ്ങളാണു നമുക്കു വലിയ പാഠങ്ങള്‍ നല്‍കുന്നതെന്ന് മീര ചൂണ്ടിക്കാട്ടി. സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്ക്കാന് കഴിയാതെ വരുമ്പോഴാണ് മറ്റുള്ളവരുടെ അംഗീകാരത്തിനായി നമ്മള് ശ്രമിക്കുന്നത്. അത്തരം സാഹചര്യങ്ങളില്‍ മറ്റുള്ളവര്‍ പറയുന്നത് നമ്മുടെ സത്യമായി മാറും. ആരെയും വേദനിപ്പിക്കണമെന്നല്ല ഇതിനര്‍ഥമെന്നും, മറിച്ച് അനുഭവങ്ങളില്‍നിന്നു പഠിക്കാനും വളരാനുമാണു ശ്രമിക്കേണ്ടതെന്നും മീര കൂട്ടിച്ചേര്‍ത്തു.
മാതാപിതാക്കളും മകനുമാണു തന്റെ കരുത്തെന്നും താരം വ്യക്തമാക്കി.
ഇപ്പോഴും അച്ഛന്റെയും അമ്മയുടെയും മകന്റെയും ഉപദേശങ്ങള്‍ ഞാന്‍ തേടാറുണ്ട്. കുട്ടികള്‍ വളരെ ബുദ്ധിശാലികളാണ്. ചിലപ്പോഴൊക്കെ നമ്മുടെ സംസാരം കേട്ട് മകന് തന്നെ പ്രശ്നങ്ങള്‍ക്കു പരിഹാരം പറഞ്ഞുതരാറുണ്ട്. കുടുംബത്തോടൊപ്പം ഞാന്‍ അതീവ സന്തോഷവതിയാണ്. മീര പറഞ്ഞു.
2005 വിശാല്‍ അഗര്‍വാളുമായാണ് മീരയുടെ ആദ്യ വിവാഹം. 2010ല്‍ ആ ബന്ധം വേര്‍പിരിഞ്ഞു. തുടര്‍ന്ന് 2012ല്‍ നടന് ജോണ്‍ കൊക്കനെ വിവാഹം ചെയ്തു. 2016ല്‍ വിവാഹമോചിതയായി.
ഈ ബന്ധത്തില്‍ മീരയ്ക്ക് ഒരു മകനുണ്ട്. 2024ല്‍ ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കത്തെ വിവാഹം കഴിച്ചു. എന്നാല്‍ 2025 ഓഗസ്റ്റില്‍ ഇരുവരും വേര്‍പിരിയുകയാണുണ്ടായത്.
നിലവില്‍ തന്റെ കരിയറിലും ജീവിതത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും പൂര്‍ണമായ സംതൃപ്തിയിലാണെന്നും മീര വാസുദേവ് അഭിമുഖത്തില്‍ പറഞ്ഞു.
Tags : meera vasudev personal life