മുണ്ടക്കയം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ മുണ്ടക്കയം മേഖലാതല പ്രവർത്തനോദ്ഘാടനം 26ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുണ്ടക്കയം ടൗണിൽ നടക്കും.
പൊതുജനങ്ങളുടെയും സ്കൂൾ, കോളജ്, സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായി, ഓട്ടോറിക്ഷാ തൊഴിലാളികൾ തുടങ്ങിയവരുടെയും പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി മുണ്ടക്കയം പഞ്ചായത്ത് ഹാളിൽ ആലോചനായോഗം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു അധ്യക്ഷത വഹിച്ചു. മുണ്ടക്കയം സിഐ സജീവ് കുമാർ പദ്ധതി വിശദീകരണം നൽകി.
കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. പീതാംബരൻ, എക്സൈസ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സ്കൂൾ-കോളജ് പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.