National
ഷില്ലോംഗ്: മേഘാലയയിൽ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ മരിച്ചു. ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം.
നിരവധി പേർ ഖനിക്കുള്ളിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം നടന്നുവരികയാണ്.
ഖനിക്കുള്ളിലായിരുന്നു സ്ഫോടനം. ഇതുവരെ 16 മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ ഒരാളെ ഷില്ലോംഗിലെ ആശുപത്രിയിലേക്കു മാറ്റി. സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. മരിച്ചവരെല്ലാം ആസാം സ്വദേശികളാണ്.
അപകടസമയത്ത് എത്ര തൊഴിലാളികൾ ഉണ്ടായിരുന്നു എന്നതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.
Sports
ദിസ്പൂർ: സന്തോഷ് ട്രാഫി ഫുട്ബോളിൽ കേരളം ക്വാർട്ടറിൽ കടന്നു. നിർണായക മത്സരത്തിൽ മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം പരാജയപ്പെടുത്തിയത്.
36-ാം മിനിറ്റിൽ വി.അർജുനാണ് ആദ്യം എതിരാളികളുടെ ഗോൾവല ചലിപ്പിച്ചത്. 71-ാം മിനിറ്റിൽ പി.ടി.മുഹമ്മദ് റിയാസ് ലീഡ് ഉയർത്തി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ മുഹമ്മദ് അജ്സൽ കേരളത്തിനായി മൂന്നാം ഗോളും നേടി.
ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് കേരളത്തിന് പത്ത് പോയിന്റായി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സർവീസസിനെയാണ് കേരളം ഇനി നേരിടുന്നത്.
National
ഷില്ലോംഗ്: മലയാളിയായ ഫാ. ബിനോയ് മാപ്പിളപറമ്പിലിനു മേഘാലയ സംസ്ഥാനത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പാ തോഗൻ സാങ്മ പുരസ്കാരം. റിപ്പബ്ലിക് ദിനത്തിൽ ഷില്ലോംഗിലെ പോളോ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മേഘാലയ ഗവർണർ സി.എച്ച്. വിജയശങ്കറിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. സാമൂഹികസേവന രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം.
മേഘാലയ ഉപമുഖ്യമന്ത്രി സ്നിയാഭലാങ് ധർ, മേഘാലയ സർക്കാരിൽ പ്രിൻസിപ്പൽ സെക്രട്ടറിയായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ഷക്കീൽ അഹമ്മദ്, കിഴക്കൻ ഖാസി ജില്ല ഡെപ്യൂട്ടി കമ്മീഷണർ റോസെറ്റ മേരി കുർബ, ഡിജിപി ഇദാശിഷ നോംഗ്റാങ് എന്നിവർ സംബന്ധിച്ചു.
കാസർഗോഡ് പാലാവയൽ സ്വദേശിയായ ഫാ. ബിനോയ് 1985 മുതൽ മേഘാലയ കേന്ദ്രമായി സേവന പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
ഷില്ലോംഗിലെ വൈദിക സെമിനാരിയിൽ പഠനം പൂർത്തിയാക്കിയതിനു ശേഷം 1997ലാണ് തലശേരി ആർച്ച്ബിഷപ്പായിരുന്ന മാർ ജോർജ് വലിയമറ്റത്തിൽ നിന്നു പൗരോഹിത്യപട്ടം സ്വീകരിച്ചത്. നിലവിൽ മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ ടിക്രിക്കില്ലയിലുള്ള മുക്തിദാത്ത മൾട്ടി പർപ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടറും സെക്രട്ടറിയുമായും ട്യുറ രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ബാക്ദിന്റെ ഡയറക്ടറായും പ്രവർത്തിച്ചുവരുന്നു. ടിക്രിക്കില്ല ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് പാവപ്പെട്ട ഗോത്രവർഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് മുക്തിദാത്ത കോഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ചത്. 20 അംഗങ്ങളുമായി ആരംഭിച്ച സൊസൈറ്റിയിൽ ഇന്ന് 2800 അംഗങ്ങളുണ്ട്.
മേഘാലയ സർക്കാരിന്റെ പിന്തുണയോടെ സാധാരണക്കാരായ കർഷകരെ സംഘടിപ്പിച്ച് കൂട്ടുകൃഷിയും കാർഷികോത്പന്നങ്ങളുടെ മൂല്യവർധിത വിപണനത്തിനായി മേഘ് ഫാം പ്രോസസിംഗ് ഹബ്, നോക്മ ഐസ്ക്രീം ഫാക്ടറി എന്നിവയും ആരംഭിച്ചു.
തൃശൂരിൽനിന്നു പ്ലാവ്, മാവ്, തെങ്ങ്, ജാതി മുതലായ ആയിരക്കണക്കിന് ഫലവൃക്ഷത്തൈകളും കർണാടകയിൽനിന്നു ഇഞ്ചി, മഞ്ഞൾ, കൂവ എന്നിവയും എത്തിച്ച് കർഷകർക്ക് നൽകി കൃഷി ചെയ്യിച്ചു. മേഘ് ഫാം പ്രോസസിംഗ് ഹബ് വഴി പൈനാപ്പിൾ കർഷകരെ ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് രക്ഷിക്കാനും ഉത്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കാനും സാധിച്ചു. ഇത് അനേകം കർഷകരുടെ ജീവിതസാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കി. മേഘാലയയിലെ നാട്ടുഭാഷയിൽ നോക്മ എന്ന വാക്കിന് നയിക്കുന്നവൻ അഥവാ കാരണവർ എന്നാണ് അർഥം. സാധാരണക്കാരായ ജനങ്ങൾ ഫാ. ബിനോയിക്കു നൽകിയ ഈ വിശേഷണത്തിന്റെ പേരു തന്നെയാണ് അദ്ദേഹത്തിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ ജനകീയ ഐസ്ക്രീം ബ്രാൻഡിനും നൽകിയത്. മേഘാലയയിലെ അഞ്ചു ജില്ലകളിലായി ഈ ബ്രാൻഡിലുള്ള ഒരു ലക്ഷം ഐസ്ക്രീമുകളാണ് പ്രതിദിനം വിറ്റഴിക്കുന്നത്.
ട്യുറ രൂപതയുടെ സാമൂഹികസേവന വിഭാഗമായ ബാക്ദിനു കീഴിൽ നിലവിൽ അഞ്ചു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ അഞ്ചു കേന്ദ്രങ്ങൾക്കും ദേശീയ ഗുണനിലവാര സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നിരവധി ക്ഷേമപദ്ധതികളും ഫാ. ബിനോയി വിജയകരമായി നടപ്പാക്കുന്നു. തൊഴിൽ പരിശീലനകേന്ദ്രങ്ങളും നടത്തുന്നുണ്ട്. മേഘാലയയിലെ തനതു ഭാഷകളായ ഗാരോ, ആസാമീസ്, രാഭ എന്നിവ അനായാസം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനു കഴിയും. ഗാരോ ഭാഷയിൽ ഷാലോം, അസോങ്നി ജനേര (നാടിന്റെ കണ്ണാടി) എന്നിങ്ങനെ രണ്ടു സിനിമകൾക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.
പാലാവയലിലെ ആദ്യകാല കുടിയേറ്റ കർഷക ദമ്പതികളായിരുന്ന പരേതരായ മാപ്പിളപറമ്പിൽ ജോസഫിന്റെയും ക്ലാരമ്മയുടെയും 10 മക്കളിൽ ഏഴാമനാണ്. നാട്ടിൽ പ്രീഡിഗ്രിക്കു ശേഷമാണ് ട്യൂറ രൂപതയ്ക്കു കീഴിലെ സെമിനാരിയിൽ ചേർന്നത്.