കൊച്ചി: മതേതര ഇന്ത്യയുടെ നിലനില്പുതന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് വര്‍ഗീയത തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിനെതിരേ പൗരന്മാര് ജാഗരൂകരാകേണ്ടതുണ്ടെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.
ഫെഡറല്‍ സംവിധാനത്തെ അവഹേളിച്ചും പ്രതിപക്ഷത്തെ നിശബ്ദരാക്കിയും പൗരാവകാശങ്ങളെ ഹനിച്ചും മുന്നോട്ടുപോകുന്ന ഭരണം ജനാധിപത്യരാജ്യത്തിനു ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളുമായുള്ള ജനതാദള്‍- എസ് പാര്‍ട്ടിയുടെ ലയനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി കൃഷ്ണന്‍കുട്ടി ലയനപ്രമേയം വായിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ദിവാകരന് പിന്താങ്ങി. മാത്യു ടി. തോമസിനെ പുതിയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. തുടര്‍ന്ന് സമ്മേളനനഗരിയില്‍ പുതിയ പാര്‍ട്ടിയുടെ പതാക നിയുക്ത പ്രസിഡന്റ് മാത്യു ടി. തോമസ് ഉയര്‍ത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം മുന്‍ എംഎല്‍എ ജോസ് തെറ്റയിലും സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സന്ദേശം സംസ്ഥാന സെക്രട്ടറി ബാലസുബ്രഹ്മണ്യനും വായിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി. മുരുഗദാസ്, സാബു ജോര്‍ജ്, പി.പി. ദിവാകരന്, കെ.എസ്. പ്രദീപ്കുമാര്‍, കൊല്ലംകോട് രവീന്ദ്രനാഥന്‍ നായര്‍, ജേക്കബ് ഉമ്മന്‍, മുഹമ്മദ് ഷാ, ജബ്ബാര്‍ തച്ചയില്‍ എന്നിവര്‍ പ്രസംഗിച്ചു.