NRI
അബുദാബി: പ്രവാസികളുടെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചമേകുന്ന അബുദാബി ഇന്ത്യൻ സ്കൂൾ ഗോൾഡൻ ജൂബിലി നിറവിൽ. 50 വർഷങ്ങൾ പിന്നിടുന്ന വേളയിൽ ഫെബ്രുവരി ഒന്നിന് സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിധ്യത്തിൽ യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അബുദാബി ഇന്ത്യൻ സ്കൂളിൽ ഒരു വർഷം നീണ്ട് നിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും.
1975ൽ 59 കുട്ടികളുമായി പ്രവർത്തനം പ്രവർത്തനം ആരംഭിച്ച അബുദാബി ഇന്ത്യൻ സ്കൂൾ ഇന്ന് പ്രതിവർഷം 5000ത്തോളം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നു. ലോകമെമ്പാടുമായി രണ്ട് ലക്ഷത്തോളം പൂർവ വിദ്യാർഥികൾ.
അക്കാദമിക് രംഗത്ത് മികവ് പുലർത്തുന്ന യുഎഇയിലെ തന്നെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ് അബുദാബി ഇന്ത്യൻ സ്കൂൾ. കൂടാതെ പാഠ്യേതര വിഷയങ്ങളിലും മുൻനിരയിലാണ് സ്കൂളിന്റെ പ്രവർത്തനം.
ഫെബ്രുവരി ഒന്നിന് വൈകുന്നേരം നാല് മുതൽ ആറ് വരെ അബുദാബി ഇന്ത്യൻ സ്കൂൾ കാമ്പസിൽ നടക്കുന്ന ഗോൾഡൻ ജൂബിലി ചടങ്ങിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപ്പടെ പങ്കെടുക്കുമെന്ന് വൈസ് ചെയർമാൻ ശരദ് ഭണ്ഡാരി അറിയിച്ചു.
എഡ്യൂക്കേഷൻ ഹെഡ് എം.എം. ഷബീർ, പ്രിൻസിപ്പാൾ ഋഷി പടേഗാവ്കർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. അബുദാബിയുടെ വിദ്യാഭ്യാസ മേഖലയുടെ മുഖമായി മാറാനും ലക്ഷകണക്കിന് വിദ്യാർഥികൾക്ക് അറിവിന്റെ വെളിച്ചമേകാനും അവസരമേകാനായി സ്കൂളിന് ഭൂമി അനുവദിച്ച യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും എല്ലാവിധ പിന്തുണയും നൽകുന്ന നിലവിലെ ഭരണനേതൃത്വത്തിനും സ്കൂൾ അധികൃതർ നന്ദി അറിയിച്ചു.
NRI
റിയാദ്: 20 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഒലയ്യ ഏരിയ കമ്മിറ്റി അംഗം ഇര്‍ഷാദ് യുനുസ്കുട്ടിക്ക് ഒലയ്യ ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്കി.
ഒലയ്യ, തഹ്ലിയ യുണിറ്റുകളില്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഇര്‍ഷാദ് യുനുസ് ഒലയ്യ ഏരിയ കമ്മിറ്റി അംഗം, തഹ്ലിയ യുണിറ്റ് ജോയിന്റ് സെക്രട്ടറി, ഏരിയ വളണ്ടിയർ വൈസ് ക്യാപ്റ്റൻ എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.
ഒലയ്യ കമ്പ്യൂട്ടര്‍ മാർക്കറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകായിരുന്ന ഇര്‍ഷാദ് യുനുസ് കൊല്ലം ജില്ലയിലെ ചവറ, കൊട്ടുകാട് സ്വദേശിയാണ്. നാടക നടൻ, ഗായകൻ, വടിപ്പയറ്റ് എന്നീ നിലയിൽ കലാ കായിക രംഗത്ത് കഴിവ് തെളിയിച്ച ഇര്‍ഷാദ് കേളിയുടെ വേദികളിലെ നിറ സാന്നിധ്യമായിരുന്നു.
മലാസില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട് അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിന് ഇക്ബാല്‍, ജോയിന്റ് സെക്രട്ടറിയും മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറിയുമായ സുനിൽ കുമാർ, കേന്ദ്ര കമ്മിറ്റി അംഗം നസീര്‍ മുള്ളൂർക്കര, ഒലയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, ഏരിയ ട്രഷറര്‍ ഗിരീഷ്കുമാർ രാമനാഥന്, ഏരിയ വളണ്ടിയർ ക്യാപ്റ്റൻ ഷാനവാസ്, മലാസ് ഏരിയ ഭാരവാഹികളായ സുജിത്, സമീര്‍, സിംനേഷ്, തഹ്ലിയ യുണിറ്റ് സെക്രടറി മുരളികൃഷ്ണന്, ട്രഷറര്‍ പ്രശാന്ത് ബാലചന്ദ്രന്, ഒലയ ഏരിയ കമ്മിറ്റി അംഗങ്ങള്‍, തഹ്ലിയ യുണിറ്റ് നിർവാഹക സമിതി അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കേന്ദ്ര കമ്മിറ്റി ഉപഹാരം പ്രസിഡന്റ് സെബിൻ ഇഖ്ബാലും നോർക്ക കെയർ ഇൻഷുറൻസ് ഏരിയ ട്രഷറർ ഗിരീഷ് കുമാറും മൊമന്റോ സഹപ്രവർത്തകർ ചേർന്നും കൈമാറി. ഒലയ്യ ഏരിയ സെക്രട്ടറി നൗഫല്‍ ഉള്ളാട്ട്ചാലി സ്വാഗതവും യാത്രയയപ്പിന് ഇര്‍ഷാദ് യുനുസ്കുട്ടി നന്ദിയും പറഞ്ഞു.
NRI
മനാമ: കഴിഞ്ഞ ദിവസം വിടപറഞ്ഞ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പരിസ്ഥിതി ബോധത്തിന്റെ ജനാധിപത്യവത്കരണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞനായിരുന്നു എന്ന് പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ് അനുസ്മരിച്ചു.
പശ്ചിമഘട്ട മലനിരകളിലെ പാരിസ്ഥിതിക ദുർബല മേഖലകളെ പറ്റിയുള്ള മുന്നറിയിപ്പിലൂടെയാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഗാഡ്ഗിൽ കേരളത്തിന് സുപരിചിതനായത്. പരിസ്ഥിതി സൗഹൃദത്തിലൂന്നിയ വികസന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ട് വച്ചത്.
പ്രകൃതിയുടെ അവകാശവും മനുഷ്യന്റെ ഉത്തരവാദിത്വവുമെന്ന ആശയത്തെ ആധാരമാക്കി പ്രവർത്തിച്ച അദ്ദേഹം പരിസ്ഥിതി ബോധത്തിന്റെ ജനാധിപത്യവത്കരണത്തിന് വഴിയൊരുക്കിയ മഹാനായ മനുഷ്യസ്നേഹി ആയിരുന്നു എന്ന് അനുസ്മരണത്തിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ പറഞ്ഞു.
രാജ്യത്തിന്റെ പരിസ്ഥിതി നയങ്ങളിലും ഗവേഷണങ്ങളിലും പ്രധാന പങ്കുവഹിച്ച അദ്ദേഹം പ്രകൃതി സംരക്ഷണ ചിന്തയുടെ പ്രചരണത്തിന് സമൂഹത്തെ ഉണർത്തുകയായിരുന്നു.
മനുഷ്യവികസനവും പ്രകൃതി സംരക്ഷണവും തമ്മിലുള്ള സമത്വം മുന്നോട്ടുവച്ചതിലൂടെ ഗാഡ്ഗിൽ ശാസ്ത്രീയ ലോകത്ത് വിശ്വാസ്യത നേടിയിരുന്നു. വെസ്റ്റേൺഘട്ട പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പഠനങ്ങളും റിപ്പോർട്ടുകളും പൊതുചർച്ചകൾക്കു വഴിതെളിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാഡ്ഗിലിന്റെ നിര്യാണം പരിസ്ഥിതി ശാസ്ത്രത്തിനും പരിസ്ഥിതി പോരാട്ടങ്ങൾക്കും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ചിന്തകളും പാഠങ്ങളും വരുംതലമുറകളിലെ ഗവേഷകരെയും പരിസ്ഥിതി പ്രവർത്തകരെയും പ്രചോദിപ്പിക്കുമെന്ന് തുടർന്ന് സംസാരിച്ച പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിക് എരുമേലി അനുസ്മരിച്ചു.
ഷാഹുൽ ഹമീദ് വെന്നിയൂർ, സബീന അബ്ദുൽ ഖാദർ, ഇർഷാദ് കോട്ടയം, സി എം മുഹമ്മദലി ബദറുദ്ദീൻ പൂവാർ എന്നിവർ സംസാരിച്ചു.
NRI
അൽ ഐൻ: അൽ ഐൻ മലയാളി സമാജം സംഘടിപ്പിക്കാറുള്ള വാർഷികാഘോഷ പരിപാടികളിൽ പ്രധാന ഇനമായ ഉത്സവം സീസൺ 12 അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ അരങ്ങേറി. സമാജം ആക്ടിംഗ് പ്രസിഡന്റ് ഹാരിസ് ചെടിയെൻകണ്ടി അധ്യക്ഷത വഹിച്ചു.
ഐഎസ്സി പ്രസിഡന്റ് റസൽ മുഹമ്മദ് സാലി ഉത്സവത്തിന്റെ ഔപചാരിക ഉദ്ഘടനം നിർവഹിച്ചു. ഐഎസ്സി ആക്ടിംഗ് സെക്രട്ടറി അനിമോൻ രവീന്ദ്രൻ, ജനറൽ സെക്രട്ടറി സലിം ബാബു, കലാവിഭാഗം സെക്രട്ടറി ലജീപ് കുന്നുംപുറം, യുണൈറ്റഡ് മൂവേമെന്റ് ചെയർമാനും സമാജം ഉപദേശക സമിതി കൺവീനറുമായ ഇ.കെ. സലാം, കലാവിഭാഗം സെക്രട്ടറി ഷിബി പ്രകാശ്, അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി ജിയാസ് ഖാലിദ്, ഐഎസ്സി മുൻ പ്രസിഡന്റ് ഡോ. സുധാകരൻ, ചെയർ ലേഡി റൂബി ആനന്ദ്, ട്രഷറർ രമേശ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
സമാജം ചെണ്ട ട്രൂപ്പ് അവതരിപ്പിച്ച ചെണ്ടമേളം, സമാജം ഗായകർ അവതരിപ്പിച്ച പാടിയും പറഞ്ഞും എന്ന സംഗീത പരിപാടിയും കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള നൂറോളം കലാകാരന്മാർ പങ്കെടുത്ത "കേളി കൊട്ടുണരുന്ന കേരളം' എന്ന സംഗീത നൃത്ത പരിപാടിയും അരങ്ങേറി.
കേരളത്തിലെ നവോത്ഥാന നായകരുടെ ഓർമ പുതുക്കലും 14 ജില്ലകളിലെയും കലാരൂപങ്ങളും കോർത്തിണക്കിയ പരിപാടിയും ഒരുക്കിയിരുന്നു.
NRI
കുവൈറ്റ് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് 19-ാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മഹോത്സവം ഈ മാസം 28നു നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചയ്ക്ക് മൂന്ന് മുതൽ ഡിപിഎസ് അഹമ്മദി സ്കൂൾ ഓഡിറ്റോറിയത്തിലാണ് മഹോത്സവം നടക്കുക. ഇന്ത്യൻ അംബാസഡർ മുഖ്യാതിഥിയായി മഹോത്സവത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
ആഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനവും പ്രശസ്ത പിന്നണി ഗായകരായ ശ്രീരാഗ് ഭരതൻ, നന്ദ ജെ. ദേവ്, വർഷ എസ്. കൃഷ്ണൻ, വിഷ്ണു വർദ്ധൻ, അനൂപ് കോവളം എന്നിവർ നയിക്കുന്ന സ്റ്റാർ സിംഗർ ഓർക്കസ്ട്രയും ഗാനവിരുന്നും ഉണ്ടായിരിക്കും.
അസോസിയേഷന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളായ വിദ്യാ ജ്യോതി, വിദ്യാ ധനം, ചികിത്സ സഹായങ്ങൾ, ഭവന പദ്ധതി എന്നീ പ്രവർത്തനങ്ങൾ തുടർന്നു വരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് സ്റ്റീഫൻ ദേവസി, ജനറൽ സെക്രട്ടറി ഷൈനി ഫ്രാങ്ക്, ട്രഷർ സെബാസ്റ്റ്യൻ വാതുകാടൻ, വൈസ് പ്രസിഡന്റ് നൊബിൻ തെറ്റയിൽ, ജോയിന്റ് സെക്രട്ടറിമാരായ രാജൻ ചാക്കോ തോട്ടുങ്കൽ (ആർട്ട്സ്), റാഫി എരിഞ്ഞേരി (സോഷ്യൽ വെൽഫെയർ), ദിലീപ് കുമാർ (മീഡിയ), വനിതാവേദി ജനറൽ കൺവീനർ പ്രതിഭ ഷിബു, സെക്രട്ടറി നിഖില, ജോയിന്റ് സെക്രട്ടറി സജിനി വിനോദ്, മീഡിയ കൺവീനർ ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് നൊബിൻ തെറ്റയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
NRI
ഷാർജ: യുഎഇയുടെ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി മലയാളികൾ പുറത്തിറക്കിയ "അൽ വത്തൻ' എന്ന മ്യൂസിക്കൽ ആൽബത്തിന്റെ ബ്രോഷർ ഷാർജ എക്സ്പോ സെന്ററിലെ പുസ്തക മേളയിൽ പ്രകാശനം ചെയ്തു.
കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ബ്രോഷർ റിയൽ ബെവ് അബ്ദുൽ സത്താറിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. കഴിഞ്ഞ അഞ്ച് വർഷക്കാലമായി യുഎഇയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള ആൽബങ്ങൾക്ക് രചന നിർവഹിച്ച് കൊണ്ടിരിക്കുന്ന ഇബ്രാഹിം കാരക്കാടാണ് ഗാനത്തിന് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ സഹോദരിമാരായ ഫാത്തിമയും നസ്റിനും ആലപിച്ച ഈ ആൽബത്തിന്റെ നിർമാണവും സംവിധാനവും ഹംസ ഗുരുക്കൾ തിരൂർ ആണ് നിർവഹിച്ചിട്ടുള്ളത്.
ഹൈദർ തട്ടതാഴത്ത്, ഇബ്രാഹിം കാരക്കാട്, ഹംസ ഗുരുക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
NRI
തിരുവനന്തപുരം: മുൻ പ്രവാസികളെയും (NRK Returnees) നോർക്ക കെയർ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് നോർക്ക വിഭാഗത്തിന്റെ സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ ഐഎഎസ് വ്യക്തമാക്കി.
ഈ വിഷയത്തിൽ സർക്കാർ തലത്തിൽ ആഭ്യന്തര ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇപ്പോൾ അതിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും എന്നാൽ ഒരു തീരുമാനം ഉടൻ പ്രതീക്ഷിക്കാനാകുമെന്നും അവർ അറിയിച്ചു. ഈ വിഷയത്തിൽ വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും പ്രവാസികളുടെ ആശങ്കകൾ അറിയിക്കുമെന്നും അവർ അറിയിച്ചു.
പ്രവാസി ലീഗൽ സെല്ലിന്റെ ഹർജിയിൽ 2025 സെപ്റ്റംബർ 26ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച നടത്തിയത്. മടങ്ങിയ പ്രവാസികളെയും നോർക്ക കെയർ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനം എത്രയും വേഗം സർക്കാറുമായി കൂടിയാലോചിച്ച് നോർക്ക റൂട്ട്സ് ഉത്തരവ് ഇറക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
നോർക്ക റൂട്സ്, മഹിന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സ്, ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി എന്നീ മൂന്ന് സ്ഥാപനങ്ങൾ ചേർന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ വ്യവസ്ഥകളും നിബന്ധനകളും നിർണയിച്ചിരിക്കുന്നത്.
Vidal Health ആണ് മൂന്നാംകക്ഷി അഡ്മിനിസ്ട്രേറ്റർ (TPA). നോർക്ക ഐ ഡി അല്ലങ്കിൽ സ്റ്റുഡന്റ്സ് ഐഡി എന്നിവ ഉള്ളവർക്ക് മാത്രമാണ് പദ്ധതിയിൽ അംഗത്വം എടുക്കാൻ കഴിയുക. മറുനാടൻ മലയാളികൾക്കും വിദേശ മലയാളികൾക്കും മാത്രമാണ് ഇതിന് കഴിയുന്നത്. കേരളത്തിലേക്ക് മടങ്ങിവന്ന് സ്ഥിരതാമസമാക്കിയ മലയാളികൾക്ക് ഇതിന് കഴിയാത്തതിനാൽ പദ്ധതിയുടെ ഭാഗമാകാനും സാധ്യതയില്ല.
അതുകൊണ്ടാണ് കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും നിലവിൽ വിദേശത്ത് ഉള്ള പ്രവാസികൾക്ക് ലഭിക്കുന്നതുപോലെ അതേ നിബന്ധനകൾ, പ്രീമിയം, ആനുകൂല്യങ്ങൾ എന്നിവയിൽ ചേരാൻ അനുമതി നൽകണമെന്ന് പ്രവാസി ലീഗൽ സെൽ നിർവ്വഹണ ഏജൻസി ആയ നോർക്ക റൂട്ട്സിനോടും കേരള സർക്കാരിനോടും അഭ്യർഥിച്ചിട്ടുള്ളത്.
വിദേശങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് റസിഡന്റ് ഐഡി പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാണ്. എന്നാൽ വിദേശത്തുനിന്ന് മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയ മുൻ പ്രവാസികളാണ് കേരളത്തിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ ബുദ്ധിമുട്ടുന്നത്, പ്രത്യേകിച്ച് 60-70+ പ്രായത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള മുതിർന്നവർ.
പല വിദേശ പ്രവാസികൾക്കും അവരുടെ ആതിഥേയ രാജ്യത്തിൽ ഇന്‍ഷുറൻസ് നിലവിലുണ്ടാകാറുണ്ട്. അതിനാൽ യഥാർഥ ആവശ്യം മടങ്ങിയെത്തിയ പ്രവാസികൾക്കാണ് കൂടുതൽ.
അതുകൊണ്ട് സർക്കാർ മടങ്ങിയെത്തിയ പ്രവാസികളും നോർക്ക കെയറിൽ ചേരാമെന്നത് വ്യക്തമാക്കുന്ന ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്നും നോർക്ക റൂട്ട്സും ഇന്‍ഷുറൻസ് കമ്പനിയുമായി ചേർന്ന് പോളിസി ഷെഡ്യൂൾ ഭേദഗതി ചെയ്ത്, ആപ്പിലും പോർട്ടലിലും വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും പിഎൽസി അഭ്യർഥിക്കുന്നു.
ഇതൊരു ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ആയതിനാൽ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നതിനാൽ നോർക്ക റൂട്ട്സിനോ സർക്കാറിനോ അധികബാധ്യത ഉണ്ടാകുന്നില്ല.
പദ്ധതിയുടെ എൻറോൾമെന്റ് വിൻഡോ നവംബർ 30 വരെ നീട്ടിയതിനാൽ ആവശ്യമായ നടപടിക്രമങ്ങൾ ചെയ്ത് മടങ്ങിവന്ന പ്രവാസികളെക്കൂടി എത്രയും പെട്ടെന്ന് ഉൾപ്പെടുത്തണമെന്ന് പിഎൽസി അഭ്യർഥിക്കുന്നു.
നോർക്ക റൂട്സുമായും പ്രവാസി ക്ഷേമനിധി ബോർഡുമായും ബന്ധപ്പെട്ട മറ്റ് വിഷയങ്ങളുടെ സമഗ്രമായി ചർച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷൻ പ്രഖ്യാപനം വന്നതിനുശേഷമാകാമെന്നും സ്പെഷ്യൽ സെക്രട്ടറി അറിയിച്ചു.