റിയാദ്: "ദി കോയിൻ' എന്ന നോവലിന്റെ വായനാനുഭവം പങ്കുവച്ചുകൊണ്ടാണ് മാർച്ച് മാസത്തിലെ വായനാ പ്രവർത്തനങ്ങൾക്ക് ഷിംന സീനത്ത് തുടക്കം കുറിച്ചത്.
പലസ്തീനിയൻ എഴുത്തുകാരിയായ യാസ്മിൻ സഹീന്റെ ഈ കൃതിയിൽ, നായികയുടെ ശരീരത്തിൽ കുടുങ്ങിക്കിടക്കുന്ന കോയിൻ അവളുടെ പഴയ മുറിവുകളും മാനസിക ഭാരങ്ങളും പ്രതിനിധീകരിക്കുന്ന ശക്തമായ രൂപകമായി അവതരിപ്പിക്കപ്പെടുന്നു.
ന്യൂയോർക്കിലേക്ക് കുടിയേറിയ ശേഷവും അവളുടെ പലസ്തീനിയൻ അസ്തിത്വം അവരെ വിട്ടു മാറുന്നില്ലെന്നും ഷംന വിലയിരുത്തി. അരുന്ധതി റോയിയുടെ ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ "കനിവോടെ കൊല്ലുക' എന്ന പുസ്തകത്തേക്കുറിച്ച് നജീം കൊച്ചുകലുങ്ക് സംസാരിച്ചു.
അരുന്ധതി റോയിയുടെ ലേഖനങ്ങളും പ്രസംഗങ്ങളും അടങ്ങിയ ഈ സമാഹാരം, രാജ്യത്തിന്റെ നൈതികതയിലുണ്ടാകുന്ന ഇടിവ്, അസമത്വം, ക്രൂരത എന്നിവക്കെതിരായ ശക്തമായ പ്രതിഷേധ ശബ്ദമാണെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ അടിത്തട്ടിൽ അവഗണനയും നിന്ദയും പരിഹാസവും ഏറ്റുവാങ്ങുന്ന ഒരു ജനതയുടെ കഥ പറയുന്ന പെരുമാൾ മുരുകന്റെ "കീഴാളൻ' എന്ന നോവൽ സീബ കൂവോട് അവതരിപ്പിച്ചു.
തങ്ങളുടെ ചെറിയ വയറുകൾ നിറക്കാൻ ജന്മികളായ ഗൗണ്ടർമാരുടെ വയലേലകളിലും ആലകളിലും തൊഴുത്തുകളിലും രാവന്തിയോളം പണിയെടുക്കുന്ന ചക്കിളിയന്മാരുടെ കഥയാണ് കീഴാളനിൽ പറയുന്നത്.
ആനന്ദിന്റെ "രക്തവും സാക്ഷികളും' എന്ന പുസ്തകം വിപിൻകുമാർ അവതരിപ്പിച്ചു. ലോകം സമീപകാലത്ത് അഭിമുഖീകരിച്ച യുദ്ധങ്ങൾ, മഹാമാരി, പ്രളയം മുതലായവ മനുഷ്യ ചരിത്രത്തിൽ ഇടപെട്ടത് എങ്ങനെ എന്ന് ചർച്ച ചെയ്യുന്ന പുസ്തകമാണ് രക്തവും സാക്ഷികളും എന്ന് വിപിൻ പറഞ്ഞു.
സമകാലീന സാഹിത്യവും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളും ഉൾക്കൊള്ളുന്ന സജീവമായ ചർച്ചയിൽ റഫീഖ് പന്നിയങ്കര, മൂസ കൊമ്പൻ, ഫെബിൻ ഇക്ബാൽ, ഷബി അബ്ദുൽ സലാം, അനസ് നസീർ, കെപിഎം സാദിഖ് എന്നിവർ പങ്കെടുത്തു.
നാസർ കാരകുന്ന് മോഡറേറ്ററായ പരിപാടിയിൽ ചർച്ച ക്രോഡീകരിച്ച് ജോമോൻ സ്റ്റീഫൻ സംസാരിച്ചു.
Tags : Chilla Kala Samskarika Vedi Middle East and Gulf