തൃശൂർ: കൊരട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആസാം സ്വദേശിയായ തൊഴിലാളി ഹക്കീം (50) ആണ് മരിച്ചത്. സംഭവത്തിൽ പിലിമോൻ എന്ന 19-കാരനായ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട ഹക്കീമും പ്രതിയായ പിലിമോനും കൊരട്ടിയിലുള്ള ഒരു പോളിടെക്നിക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തുവരികയായിരുന്നു. ഈ പോളിടെക്നിക്കിന് തൊട്ടടുത്തുള്ള ഒരു വാടകക്കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. സംഭവദിവസം പണിസ്ഥലത്തുവച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. പണികഴിഞ്ഞ് താമസസ്ഥലത്തെത്തിയതിനുശേഷം ഈ തർക്കം വീണ്ടും തുടരുകയും അത് സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്തു. തുടർന്നുണ്ടായ ക്രൂരമായ ആക്രമണം കൊലപാതകത്തിൽ കലാശിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം.
സംഭവത്തിനു പിന്നാലെ ഇതേ താമസസ്ഥലത്തുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ചേർന്നാണ് പിലിമോനെ പിടികൂടിയത്. തുടർന്ന് ഇയാളെ അവിടെ കെട്ടിയിട്ടശേഷം തൊഴിലാളികൾ വിവരമറിയിച്ചതോടെ കൊരട്ടി പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.