തൊടുപുഴ: മങ്ങാട്ടുകവല - വെങ്ങല്ലൂര്‍ നാലുവരിപ്പാത നവീകരണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരത്തടികള്‍ കാണാതായ സംഭവത്തില്‍ തടിക്കഷണങ്ങൾ ഏതാനും എണ്ണം കഴിഞ്ഞ ദിവസം രാത്രി പാതയോരത്ത് തിരിച്ചെത്തിച്ചു. സംഭവം വിവാദമായതോടെയാണ് കാണാതായ മരത്തടികള്‍ ഇവിടെ തിരിച്ചെത്തിച്ചതെന്നാണ് ആരോപണം. തടികള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ നഗരസഭാ യാഡിലേക്ക് മരത്തടികള്‍ മാറ്റിയതാണെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.
എന്നാല്‍, തങ്ങള്‍ക്ക് മരം സൂക്ഷിക്കാന്‍ ഇത്തരമൊരു യാഡില്ലെന്നും ഇക്കാര്യത്തിനായി ആരും സമീപിച്ചിട്ടില്ലെന്നും നഗരസഭാ അധികൃതരും വ്യക്തമാക്കിയിരുന്നു. മുറിച്ചിട്ട മരങ്ങള്‍ മോഷണം പോയതല്ലെന്നും ജീവനക്കാരനെ വിട്ട് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടതാണെന്നുമായിരുന്നു അസി. എഇയുടെ നിലപാട്. മോഷണം നടത്താനുള്ള തടി സ്ഥലത്തില്ലായിരുന്നെന്നും വിശദമായ കണക്കെടുക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ആവശ്യമെങ്കില്‍ പൊലിസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്നലെ കുറച്ച് തടികള്‍ തിരിച്ചെത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് വടക്കുംമുറി ഭാഗത്തുനിന്ന് മഹാഗണിയടക്കമുള്ള മരങ്ങള്‍ മുറിച്ചത്. ഞായറാഴ്ച ഇവ കാണാതായെന്ന് വാര്‍ത്തയും പരന്നിരുന്നു. പതിനായിരങ്ങള്‍ വിലയുള്ള മരത്തടികള്‍ കാണാതായിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.