ന്യൂഡൽഹി: കേരളത്തിൽ ചിപ്പ് ഘടിപ്പിച്ച ഹോളോഗ്രാം പതിപ്പിച്ച ആധുനിക ഡ്രൈവിംഗ് ലൈസൻസുകൾ ഉടൻ ലഭ്യമാക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. പഴയ പേപ്പർ ലൈസൻസുമായി മറ്റ് സംസ്ഥാനങ്ങളിൽ പോകുന്നവർ നേരിടുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അതിനാൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് സുരക്ഷ കേരളത്തിന്റെ മുൻഗണനയാണ്. അതിനായി സംസ്ഥാന വ്യാപക കാമ്പയിൻ സംഘടിപ്പിക്കും. റോഡ് സുരക്ഷ ഉൾപ്പെടെ ഡ്രൈവിംഗിൽ പാലിക്കേണ്ട നിയമങ്ങളും മര്യാദകളും പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി സീബ്ര ലൈനുകൾ വീതി കൂട്ടാനുള്ള നടപടികൾ സ്വീകരിക്കും.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉയർന്ന ശബ്ദവും വെളിച്ചവുമുള്ള മോഡിഫിക്കേഷൻ ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാർ നടപ്പാടക്കിയ പ്രിയദർശിനി പദ്ധതി മൂലം കെഎസ്ആർടിസിക്ക് വരുമാനത്തിൽ പ്രതിദിനം ഏകദേശം രണ്ടരക്കോടി രൂപയുടെ കുറവുണ്ടായി. കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാനം കൂട്ടി വരുമാനനഷ്ടം കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.