കോട്ടയം: തങ്ങളുടെ ഭരണകാലത്ത് പാഠപുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തു നല്കിയവര് ഇപ്പോള്‍ പാഠപുസ്തകം നേരത്തേ നല്‍കിയതിനെ പരിഹസിക്കുകയും തുഗ്ലക് പരിഷ്കാരമെന്ന് കളിയാക്കുകയും ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം കോട്ടയം തിരുനക്കര മൈതാനയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകായയിരുന്നു മുഖ്യമന്ത്രി.
നമ്മുടെ കുട്ടികള്‍ ആധുനിക കാലത്ത് എങ്ങനെ വിദ്യാലയത്തില്‍ പഠിക്കണമോ ആ തരത്തിലുള്ള വിദ്യാലയങ്ങളായി നമ്മുടെ സ്കൂളുകളെ മാറ്റാന്‍ സാധിച്ചു. അതോടൊപ്പം അക്കാദമിക രംഗത്തും വലിയതോതിലുള്ള ഇടപെടലുണ്ടായി. ഇതിന്റെ മാറ്റം കുട്ടികളിലും രക്ഷിതാക്കളിലും സൃഷ്ടിച്ചു. 10 ലക്ഷം വിദ്യാര്‍ഥികളാണ് പുതുതായി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നത്. 5000 കോടി രൂപയാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയെ നവീകരിക്കാന്‍ ചെലവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എ.കെ. ബീന അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന്, ജോസ് കെ. മാണി എംപി, സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി ടി.കെ.എ. ഷാഫി സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബിനു ഏബ്രഹാം നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി ആയിരക്കണക്കിന് അധ്യാപകര്‍ പങ്കെടുത്ത പ്രകടനവുമുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു കാണിക്കുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കണമെന്നും ടെറ്റ് അധ്യാപകരെ സംരക്ഷിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചെണ്ടമേളം കൊട്ടിക്കയറി, മുഖ്യമന്ത്രി അസ്വസ്ഥനായി
കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടയില്‍ ചെണ്ടമേളം കൊട്ടിക്കയറിപ്പോള് മുഖ്യമന്ത്രി അസ്വസ്ഥനായി പ്രസംഗം നിര്‍ത്തി.
മുഖ്യമന്ത്രിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കേ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനം മൈതാനത്തേക്ക് കടന്നുവരികയായിരുന്നു. ഇതിനൊപ്പമുള്ള ചെണ്ടമേളമാണ് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയത്. ഇത് നിങ്ങളുടെ കൂട്ടത്തിലുള്ളവരുടെ ബഹളമാണോയെന്നു ചോദിച്ച മുഖ്യമന്ത്രി ഗൗരവമുള്ള കാര്യം പറയുമ്പോള്‍ മേളത്തില്‍ അധ്യാപകരുടെ ശ്രദ്ധ മാറിപ്പോകുന്നതായി ചൂണ്ടിക്കാട്ടി.